രാജ്യത്ത് പണപ്പെരുപ്പം (Retail inflation) ഇക്കഴിഞ്ഞമാസം 6 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിട്ടും കേരളത്തിൽ (Kerala Inflation) കടകവിരുദ്ധമായി കൂടി. ദേശീയതലത്തിൽ നിത്യോപയോഗ വസ്തുക്കളുടെ ചില്ലറ വിലക്കയറ്റത്തോത് (CPI Inflation) മേയിൽ 2.82 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.
ഏപ്രിലിലെ 3.16 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം കൂടുതൽ താഴേക്കുപോയത്. എന്നാൽ, കേരളത്തിലാകട്ടെ ഏപ്രിലിലെ 5.94 ശതമാനത്തിൽ നിന്ന് വിലക്കയറ്റത്തോത് മേയില് 6.46 ശതമാനത്തിലേക്ക് കൂടി.
എന്നുമാത്രമല്ല, വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന ‘ഒന്നാംറാങ്ക്’ തുടർച്ചയായ 5-ാം മാസവും നിലനിർത്തുകയും ചെയ്തു. മേയിലെ ദേശീയതല പണപ്പെരുപ്പക്കണക്ക് സംബന്ധിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്
രാജ്യത്ത് പഴം, പച്ചക്കറി, ഇന്ധനം, വസ്ത്രം, ധാന്യം തുടങ്ങി നിത്യോപയോഗ വസ്തുക്കളുടെ വിലനിലവാരത്തിലുണ്ടാകുന്ന വർധനയുടെ തോതാണ് പണപ്പെരുപ്പം.
പണപ്പെരുപ്പം കുറഞ്ഞുവെന്നാൽ അവശ്യവസ്തുക്കളുടെ വില കുറഞ്ഞുവെന്നും പണപ്പെരുപ്പം കൂടിയാൽ വിലക്കയറ്റം കൂടുതലാണെന്നുമാണ് അർഥം. ദേശീയതലത്തിൽ 2019 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞതലത്തിലാണ് പണപ്പെരുപ്പമുള്ളത്.
റീട്ടെയിൽ പണപ്പെരുപ്പം 4 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്ക് (RBI) ഗവർണർ സഞ്ജയ് മൽഹോത്ര (Sanjay Malhotra) അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (MPC) ലക്ഷ്യം. പണപ്പെരുപ്പം രണ്ടു ശതമാനം വരെ താഴുകയോ 6 ശതമാനം വരെ ഉയരുകയോ ചെയ്താലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളിയല്ല എന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ മേയിൽ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലാണ്. മറ്റൊരു സംസ്ഥാനത്തും പണപ്പെരുപ്പം കഴിഞ്ഞമാസം 6 ശതമാനം കടന്നിട്ടുമില്ല.
ദേശീയതലത്തിൽ വൻ ആശ്വാസം 2024 മേയിലെ 4.8 ശതമാനത്തിൽ നിന്നാണ് കഴിഞ്ഞമാസം റീട്ടെയിൽ പണപ്പെരുപ്പം 3 ശതമാനത്തിനും താഴേക്കെത്തിയത്. തുടർച്ചയായ 4-ാം മാസമാണ് പണപ്പെരുപ്പം 4 ശതമാനമെന്ന റിസർവ് ബാങ്കിന്റെ ‘നിയന്ത്രണരേഖ’യ്ക്ക് താഴെ തുടരുന്നത്.
ഇതിനു മുമ്പ് 2018 നവംബർ മുതൽ 2019 ഏപ്രിൽ വരെയും പണപ്പെരുപ്പം 3 ശതമാനത്തിന് താഴെ തുടർന്നിട്ടുണ്ട്. കഴിഞ്ഞമാസം ഗ്രാമീണമേഖലകളിലെ പണപ്പെരുപ്പം ഏപ്രിലിലെ 2.92 ശതമാനത്തിൽ നിന്ന് 2.59 ശതമാനത്തിലേക്കും നഗരങ്ങളിലേത് 3.36ൽ നിന്ന് 3.07 ശതമാനത്തിലേക്കും താഴ്ന്നു. ഭക്ഷ്യവിലപ്പെരുപ്പം കുത്തനെ ഇടിഞ്ഞു റിസർവ് ബാങ്കിനെയും കേന്ദ്രസർക്കാരിനെയും മുൻമാസങ്ങളിൽ ഏറ്റവുമധികം ആശങ്കപ്പെടുത്തിയത് ഭക്ഷ്യോൽപന്നങ്ങളുടെ വിലയിലുണ്ടായ (Consumer Food Price Inflation) കുതിച്ചുകയറ്റമായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ 10.87 ശതമാനമായിരുന്നു ഭക്ഷ്യവിലപ്പെരുപ്പം (Food Inflation). എന്നാൽ, കഴിഞ്ഞമാസം രേഖപ്പെടുത്തിയത് വെറും 0.99%.
കഴിഞ്ഞമാസങ്ങളിലെ പണപ്പെരുപ്പം, ഭക്ഷ്യവിലപ്പെരുപ്പം എന്നിവ സംബന്ധിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്
മികച്ച കാർഷികോൽപന്ന വിളവെടുപ്പും വിതരണശൃംഖല മെച്ചപ്പെട്ടതും ഭക്ഷ്യവിലപ്പെരുപ്പം കുറയാൻ വഴിയൊരുക്കി. 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഭക്ഷ്യവിലപ്പെരുപ്പവുമാണ് മേയിലേത്.
ഇക്കഴിഞ്ഞ ഏപ്രിലിൽ 1.87 ശതമാനവും 2024 മേയിൽ 8.69 ശതമാനവുമായിരുന്നു. ഗ്രാമങ്ങളിൽ കഴിഞ്ഞമാസം ഭക്ഷ്യവിലപ്പെരുപ്പം 0.95 ശതമാനവും നഗരങ്ങളിൽ 0.96 ശതമാനവുമാണ്.
മേയിൽ പച്ചക്കറികളുടെ വിലനിലവാരം ഏപ്രിലിലെ നെഗറ്റീവ് 11 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 13.70 ശതമാനത്തിലേക്ക് ഇടിഞ്ഞു. ധാന്യങ്ങളുടേത് 5.35ൽ നിന്ന് 4.77 ശതമാനത്തിലേക്കും പയർവർഗങ്ങളുടേത് നെഗറ്റീവ് 5.23ൽ നിന്ന് നെഗറ്റീവ് 8.22 ശതമാനത്തിലേക്കും ഇടിഞ്ഞതും നേട്ടമായി.
കേരളം നമ്പർ വൺ രാജ്യത്ത് കഴിഞ്ഞമാസം 22 വലിയ (മേജർ) സംസ്ഥാനങ്ങളിൽ 12 എണ്ണവും ദേശീയ ശരാശരിയായ 2.8 ശതമാനത്തിനും താഴെയാണ് റീട്ടെയിൽ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. തെലങ്കാനയിൽ 0.55 ശതമാനമേയുള്ളൂ.
ബിഹാറിൽ 1.52%. ആന്ധ്രയിൽ 1.69%.
തമിഴ്നാട്ടിൽ 2.81 ശതമാനവും കർണാടകയിൽ 3.19 ശതമാനവുമാണ്. പഞ്ചാബ് (5.21%), ജമ്മു കശ്മീർ (4.55%), ഹരിയാന (3.67%), ഉത്തരാഖണ്ഡ് (3.47%) എന്നിവയാണ് കേരളത്തിന് തൊട്ടുപിന്നാലെ യഥാക്രമം ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലുള്ളത്.
വിലക്കയറ്റത്തോതിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്
കേരളം കഴിഞ്ഞ ജനുവരി മുതൽ വിലക്കയറ്റത്തിൽ നമ്പർ വൺ ആണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനുവരിയിൽ 6.79%, ഫെബ്രുവരിയിൽ 7.31%, മാർച്ചിൽ 6.59%, ഏപ്രിലിൽ 5.94%, മേയിൽ 6.46% എന്നിങ്ങനെയാണ് കേരളത്തിലെ പണപ്പെരുപ്പം.
മറ്റ് മുൻനിര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം ഒരു ഉപഭോക്തൃ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയാണെന്നതാണ് പണപ്പെരുപ്പം കൂടിനിൽക്കാനൊരു കാരണം. അവശ്യവസ്തുക്കളിൽ മുന്തിയപങ്കും കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.
പ്രവാസിപ്പണമൊഴുക്ക് കൂടുതലുള്ള സംസ്ഥാനമായതിനാൽ, വിപണിയിൽ ഉപഭോക്തൃചെലവിടൽ (Consumer Spending) കൂടുതലാണെന്നത് മറ്റൊരു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഏപ്രിലിലെ 6.46 ശതമാനത്തിൽ നിന്ന് ഗ്രാമങ്ങളിൽ കഴിഞ്ഞമാസം പണപ്പെരുപ്പം 6.88 ശതമാനത്തിലേക്കും നഗരങ്ങളിൽ 4.91ൽ നിന്ന് 5.65 ശതമാനത്തിലേക്കും കൂടി.
ഏപ്രിലിൽ 4.26 ശതമാനം പണപ്പെരുപ്പവുമായി ടോപ് 5ൽ കർണാടകയും ഉണ്ടായിരുന്നു. മേയിൽ 3.19 ശതമാനത്തിലേക്ക് പണപ്പപ്പെരുപ്പം നിയന്ത്രിച്ച് കർണാടക ടോപ് 5ൽ നിന്ന് പുറത്തുകടന്നു.
പണപ്പെരുപ്പം കുറഞ്ഞാലുള്ള നേട്ടം റീട്ടെയ്ൽ പണപ്പെരുപ്പം കൂടി കണക്കിലെടുത്താണ് റിസർവ് ബാങ്ക് പ്രധാനമായും പലിശനിരക്ക് പരിഷ്കരിക്കുന്നത്. പണപ്പെരുപ്പം 4 ശതമാനത്തിനും താഴേക്ക് ഇടിഞ്ഞതാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ ഈ മാസം വരെയുള്ള 3 എംപിസി യോഗങ്ങളിലായി റീപ്പോനിരക്ക് ഒരു ശതമാനം കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചതും.
മേയിലും പണപ്പെരുപ്പം കുറഞ്ഞത് ഇനിയും പലിശ കുറയ്ക്കാനുള്ള അനുകൂലഘടകമാണ്. എന്നാൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങളും താരിഫ് പ്രതിസന്ധികളും ക്രൂഡ് ഓയിൽ വില വർധനയും സൃഷ്ടിക്കുന്ന ആഘാതം പണപ്പെരുപ്പത്തെ വീണ്ടും മേലോട്ട് നയിച്ചേക്കാം.
അടുത്ത പണനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് പരിഷ്കരിക്കാനുള്ള സാധ്യത അതുകൊണ്ടു തന്നെ വിരളമാണെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]