തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ (Dhanlaxmi Bank) ഓഹരികൾക്ക് ഇന്നും മികച്ച തിളക്കം. ഇന്നത്തെ വ്യാപാരം അവസാന സെഷനിലേക്ക് കടക്കുമ്പോൾ 4.13% ഉയർന്ന് 30.02ലാണ് ഓഹരിവിലയുള്ളത്. ഇന്നൊരുവേള വില 30.27 രൂപവരെ ഉയർന്നിരുന്നു. കഴിഞ്ഞവർഷം ജൂൺ 21ന് രേഖപ്പെടുത്തിയ 46.30 രൂപയാണ് ധനലക്ഷ്മി ബാങ്ക് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഈ വർഷം ജനുവരിയിലെ 28ലെ 22 രൂപയും.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 ശതമാനവും ഒരാഴ്ചയ്ക്കിടെ 11 ശതമാനവും വളർച്ച ബാങ്കിന്റെ ഓഹരിവിലയിലുണ്ടായി. ഇന്ന് ഓഹരി വിപണി കനത്ത ഇടിവിലേക്ക് വീണിട്ടും ധനലക്ഷ്മി ബാങ്കിന് കരുത്തായത് മികച്ച മാർച്ചുപാദ പ്രവർത്തനഫലമാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ മുൻവർഷത്തെ സമാനപാദത്തിലെ 3.31 കോടി രൂപയെ അപേക്ഷിച്ച് 9 മടങ്ങ് (776%) വളർച്ചയുമായി 28.98 കോടി രൂപയുടെ ലാഭമാണ് (net profit) ബാങ്ക് നേടിയത്.

പ്രവർത്തനലാഭം (operating profit) 38.68 കോടി രൂപയിലെത്തിയതും വൻ നേട്ടമായി. മുൻവർഷത്തെ സമാനപാദത്തിൽ കുറിച്ചത്17.44 കോടി രൂപയുടെ പ്രവർത്തന നഷ്ടമായിരുന്നു (operating loss). കിട്ടാക്കട (NPA) അനുപാതം  കുറഞ്ഞതും വൻ ആശ്വാസമാണ്. മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 4.05 ശതമാനത്തിൽ നിന്ന് 2.98 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 1.25ൽ നിന്ന് 0.99 ശതമാനത്തിലേക്കും കുറഞ്ഞു. പ്രവർത്തന മാർജിൻ (operating margin), ലാഭമാർജിൻ (net profit margin) എന്നിവയിലും മികവുകാട്ടാൻ ബാങ്കിന് സാധിച്ചത് ഓഹരി നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട്. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യതയായി (provisions and contingencies) ഇക്കുറി ബാങ്ക് 11.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ കഴിഞ്ഞപാദ ലാഭം (net profit) ഇതിലും കൂടുതലാകുമായിരുന്നു. 

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Dhanlaxmi Bank Shares rise on Strong Q4 Results