പുതു സംരംഭകർക്ക് വളർച്ചയുടെ നാഴികക്കല്ലുകൾ മറികടക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ പ്ലാറ്റ്ഫോമായ മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ‘ലൈഫ്ഡ്’ ടീമിനെ തേടി വിദേശത്തു നിന്നുൾപ്പെടെ വൻ ഓഫറുകൾ. ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീസ് ടു റിയാലിറ്റി’യുടെ സീസൺ-2ലെ ആദ്യ എപ്പിസോഡിൽ മാറ്റുരച്ച ലൈഫ്ഡ് ടീമിന് 20 ലക്ഷം രൂപയുടെ എയ്ഞ്ചൽ നിക്ഷേപമാണ് ലഭിച്ച വാഗ്ദാനങ്ങളിലൊന്ന്.
പുറമേ ലണ്ടൻ ആസ്ഥാനമായ ട്രാവൽ ആൻഡ് മെഡിക്കൽ ടൂറിസം കൺസൾട്ടന്റുമായി ധാരണാപത്രം ഒപ്പിട്ടത് മറ്റൊരു നേട്ടമായി. ഏതാനും ദിവസംമുൻപ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇന്നൊവേഷന് ഗ്രാന്റും ‘ലൈഫ്ഡി’നെ തേടിയെത്തിയിരുന്നു.
മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് മനോരമ ഓൺലൈൻ എലവേറ്റ്.
സംരംഭർക്ക് നിക്ഷേപക പാനലിന് മുൻപിൽ ബിസിനസ് ആശയങ്ങൾ അവതരിപ്പിച്ച് നിക്ഷേപ, മെന്ററിങ് പിന്തുണ നേടാനുള്ള അവസരമാണ് എലവേറ്റ് ഒരുക്കുന്നത്. ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ.
ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.
ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ. ഇവർക്ക് മുന്നില് ലൈഫ്ഡ് നടത്തിയ ബിസിനസ് പിച്ചിന്റെ വീഡിയോ കാണാം.
എന്താണ്, ആരാണ് ലൈഫ്ഡ്?
കോവിഡിന് ശേഷം നല്ല ആരോഗ്യ ശീലങ്ങൾ ജീവിതത്തിൽ വരുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമാണോ നല്ല ആരോഗ്യമുള്ളയാളുടെ ലക്ഷണം. അല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
അവിടെയാണ് ‘വെൽബീയിങ്’ എന്നൊരു ആശയം രാജ്യാന്തര തലത്തിൽ ട്രെന്ഡാകുന്നത്. ജീവിത ശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ രോഗങ്ങളെ ചെറുക്കാമെന്ന് മാത്രമല്ല സന്തോഷത്തോടെ ജീവിക്കാനും കഴിയുമെന്നതാണ് വെൽബീയിങ് ശീലങ്ങളുടെ പ്രത്യേകത.
നമ്മുടെ നാട്ടിൽ പ്രചാരത്തിനുള്ള യോഗ, കളരിപ്പയറ്റ് എന്നിവയൊക്കെ ഇതിന് ഉദാഹരണം. ഇത്തരത്തിലുള്ള വെൽനസ് സേവനങ്ങൾ ഒറ്റ കുടക്കീഴിലെത്തിച്ച് ശ്രദ്ധയാകർഷിക്കുകയാണ് മലയാളി സ്റ്റാർപ്പട്ടായ ‘ലൈഫ്ഡ്’.
പോണ്ടിച്ചേരി ജിപ്മെറിലെ പഠന കാലത്താണ് പാലക്കാട് സ്വദേശിയായ സൗരവിനും ഹരിണേക്ഷണയ്ക്കും ഇത്തരമൊരു ആശയം തോന്നുന്നത്.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിന് പകരം എന്തുകൊണ്ട് നല്ല ആരോഗ്യശീലങ്ങളിലൂടെ അവയെ പ്രതിരോധിച്ചുകൂടാ. മെഡിക്കൽ രംഗത്തെ ഇരുവരുടെയും അനുഭവസമ്പത്ത് ഉപയോഗിച്ച് വിപണിയെക്കുറിച്ച് പഠിക്കാനിറങ്ങി.
അപ്പോഴാണ് ഒരു കാര്യം മനസിലാക്കുന്നത്. കോവിഡിന് ശേഷം ഏതാണ്ട് 250 കോടി ആളുകളാണ് രാജ്യാന്തര തലത്തിൽ വിവിധ വെൽനസ് പ്രോഗ്രാമുകളെക്കുറിച്ച് അന്വേഷിച്ചത്.
ഇതില് 90 ശതമാനം ആളുകൾക്കും ശരിയായ ഫലം കിട്ടിയില്ല. വലിയൊരു വിപണി സാധ്യതയുള്ള ഈ മേഖലയിലെ സേവനങ്ങളെല്ലാം പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതാണ് പ്രധാന പ്രശ്നം.
ഇത്തരത്തിൽ വെൽനസ് മേഖലയിലെ സേവനങ്ങളെ ഒരൊറ്റ ആവാസ വ്യവസ്ഥയിലേക്ക് കൊണ്ടുവരാനുള്ള ലക്ഷ്യവുമായാണ് ലൈഫ്ഡിന്റെ പ്രവർത്തനം.
ഇവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമും ആപ്പും വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡേറ്റ അധിഷ്ഠിത ക്യൂറേറ്റഡ് വെൽനസ്, ഫങ്ഷണൽ മൂവ്മെന്റ്, റിക്കവറി പ്രോഗ്രാമുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഒപ്പം, ഈ വെൽബീയിങ് ശീലങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള പരിശീലനവും ലഭിക്കും.
വെൽനസ് സേവനങ്ങൾ നൽകുന്ന സെന്ററുകൾക്കും വ്യക്തികൾക്കും സംഘാടകർക്കും ഇതിൽ ലിസ്റ്റ് ചെയ്യാനുള്ള അവസരവുമുണ്ട്.
നിലവിൽ 50 ക്യൂറേറ്റഡ് വെൽബീയിങ് പ്രോഗ്രാമുകളാണ് ലൈഫ്ഡ് ഒരുക്കിയിരിക്കുന്നത്. അടുത്തിടെയാണ് വെബ്സൈറ്റു വഴി ബുക്കിങ് സ്വീകരിക്കാൻ തുടങ്ങത്.
ചുരുങ്ങിയ സമയം കൊണ്ട് അമ്പതോളം പേർ പ്രോഗ്രാമുകൾ ബുക്ക് ചെയ്തു. ഈ പ്രോഗ്രാമുകൾക്ക് ചേരുന്നവരുടെ വെൽബീയിങ് ഡേറ്റ ശേഖരിച്ച് അവർക്ക് എന്തൊക്കെ പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ എന്താണെന്നും അടക്കം വിശദമായ ഇൻസൈറ്റ് റിപ്പോർട്ടും ലഭിക്കും. കുറച്ച് കാലങ്ങൾക്കുള്ളിൽ ലോകത്തിലെ ആദ്യ വെൽബീയിങ് എഐ പ്ലാറ്റ്ഫോമായി മാറുകയാണ് ലൈഫ്ഡിന്റെ സ്ഥാപകയും ചീഫ് പ്രോഗ്രാം ഓഫീസറുമായ ഹരിണേക്ഷണ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

