രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ നിന്ന് പുറത്തുകടന്ന് കേരളം. 2025 ജനുവരി മുതൽ ഡിസംബർ വരെ തുടർച്ചയായി 12 മാസം ഇന്ത്യയിൽ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന മോശം പ്രതിച്ഛായ കേരളം പേറിയിരുന്നു.
ഈ വർഷം ജനുവരിയിൽ രണ്ടാംസ്ഥാനത്തേക്കും ഫെബ്രുവരിയിൽ മൂന്നാംസ്ഥാനത്തേക്കും ‘നില മെച്ചപ്പെടുത്തി’. മാർച്ചിൽ ടോപ് 5ൽ നിന്നുതന്നെ പുറത്തെത്തി.
3.62 ശതമാനവുമായി 6-ാം സ്ഥാനത്താണ് കഴിഞ്ഞമാസം കേരളമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
5.83 ശതമാനവുമായാണ് തെലങ്കാന ഒന്നാംസ്ഥാനം നിലനിർത്തിയത്. ഫെബ്രുവരിയിൽ 5.02 ശതമാനമായിരുന്നു.
ആന്ധ്രാപ്രദേശ് (4.05%), കർണാടക (3.96%), തമിഴ്നാട് (3.77%), രാജസ്ഥാൻ (3.64%) എന്നിവയാണ് ടോപ് 5ലെ മറ്റ് സംസ്ഥാനങ്ങൾ. കേരളത്തിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.50 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം കൂടിയെങ്കിലും ടോപ് 5ൽ നിന്ന് ഒഴിവായത് ആശ്വാസമാണ്.
ദേശീയതലത്തിൽ വലിയ ആശങ്ക
രാജ്യത്ത് റീട്ടെയ്ൽ പണപ്പെരുപ്പം കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ഫെബ്രുവരിയിലെ 3.21 ശതമാനത്തിൽ നിന്ന് 3.40 ശതമാനമായാണ് മാർച്ചിലെ വർധന. എങ്കിലും, റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ 4 ശതമാനത്തിന് താഴെയാണെന്നത് ആശ്വാസമാണ്.
∙ ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) ഫെബ്രുവരിയിലെ 3.47ൽ നിന്ന് 3.87 ശതമാനത്തിലേക്ക് ഉയർന്നു.
രാജ്യത്തെ കുടുംബങ്ങൾ വാങ്ങുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ വില കൂടുന്നതായി ഇത് വ്യക്തമാക്കുന്നു. ഗ്രാമ മേഖലകളിലാണ് ഫുഡ് ഇൻഫ്ലേഷൻ ഏറ്റവും കൂടുതൽ, 3.96%.
നഗരങ്ങളിൽ 3.71% ∙ ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി, പരിപ്പ്, ഗ്രീൻപീസ് എന്നിവയ്ക്കാണ് കഴിഞ്ഞമാസം രാജ്യത്ത് ഏറ്റവുമധികം വില കുറഞ്ഞത്. ∙ ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറാതിരുന്നത് ഇന്ധന വിലപ്പെരുപ്പത്തെ പൂജ്യം ശതമാനത്തിൽ നിലനിർത്തി.
∙ വെള്ളി ആഭരണം, സ്വർണം/ഡയമണ്ട്/പ്ലാറ്റിനം ആഭരണം, തക്കാളി, കോളിഫ്ലവർ എന്നിവയ്ക്കാണ് മാർച്ചിൽ വില ഏറ്റവുമധികം കൂടിയത്. ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ന്യൂഡൽഹി തലസ്ഥാന മേഖല (എൻസിആർ) എന്നിവിടങ്ങളിലാണ് പണപ്പെരുപ്പം ഏറ്റവും കുറവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

