ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി സാമ്പത്തിക സമ്മർദം കൂട്ടാൻ യുഎസ്. ഹോർമുസിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് പോകാമെന്നും യുഎസ് സെൻട്രൽ കമാൻഡ്.
ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് നൂറിന് മുകളിലെത്തി. സ്വര്‍ണവില താഴേക്ക്.
രാജ്യാന്തര തലത്തിൽ ഓഹരി വിപണികളും നഷ്ടത്തിൽ. യുഎസ് ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർണായക നീക്കം.
ഇന്ന് രാത്രി ഇന്ത്യൻ സമയം 08.30ന് ശേഷം ഹോർമുസിലൂടെയുള്ള എല്ലാ കപ്പലുകളെയും പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.
നാവിക ഉപരോധം വന്നാൽ
∙ഉപരോധം വന്നാൽ രാജ്യാന്തര ക്രൂഡ് ഓയിൽ വിപണിയിൽ പ്രതിദിനം 1.5 – 1.7 ദശലക്ഷം ബാരല്‍ ഇറാനിയൻ ക്രൂഡ് ഓയിലിന്റെ കുറവുണ്ടാകും.
∙മേഖലയിലെ പല രാജ്യങ്ങളും ഉല്പാദനം കുറച്ചതും കൂടി കണക്കിലെടുത്താൽ വിപണിയിലെ പ്രതിസന്ധി രൂക്ഷമാകും.
ഇത് ക്രൂഡ് വില വീണ്ടും കൂടാൻ ഇടയാക്കും.
∙ഹോര്‍മുസിലെ യുഎസിന്റെ ഇടപെടൽ വെടിനിര്‍ത്തൽ കരാറിന്റെ ലംഘനമായി കാണുമെന്നും തിരിച്ചടിക്കുമെന്നും ഇറാൻ. ഇത് മേഖലയില്‍ സൈനിക ഇടപെടലുകൾ വർധിപ്പിക്കും.
ഇതിനോടകം സമ്മർദ്ദത്തിലായ വിപണിക്ക് കൂടുതൽ ആഘാതമാകും.
∙ഇറാന് ടോൾ കൊടുത്ത് ഹോർമുസ് കടക്കുന്ന കപ്പലുകളെ മാത്രമാണ് തടയുകയെന്നാണ് യുഎസ് പറയുന്നത്. അങ്ങനെയെങ്കിൽ രാജ്യാന്തര സമുദ്ര ഗതാഗതത്തെ സാരമായി ബാധിക്കാൻ സാധ്യതയില്ല.
∙വെടിനിർത്തല്‍ കരാർ വന്നെങ്കിലും ഹോർമുസിലൂടെ സമുദ്ര ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.
ഇതുവഴി പോകാൻ ശ്രമിച്ച കപ്പലുകളെ ഇറാൻ ഭീഷണിപ്പെടുത്തി മടക്കിയെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാറിന് ശേഷം 19 കപ്പലുകൾ ഹോർമുസ് കടന്നതായാണ് മാരിടൈം ഏജൻസികളുടെ ഡേറ്റ.
∙ഇറാനിയൻ തുറമുഖങ്ങളെ ഉപരോധിക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് പറയുന്നത്.
”ഇന്നത്തെ പെട്രോൾ വില അമേരിക്കക്കാർ നന്നായി ആസ്വദിക്കട്ടെ, വൈകാതെ ഇതൊരു നൊസ്റ്റാൾജിയ ആയി മാറും” – അദ്ദേഹം പറഞ്ഞു. ഇത് മേഖലയിലെ യുഎസ് ബന്ധമുള്ള ഊർജ കേന്ദ്രങ്ങളിലേക്ക് ഇറാൻ ആക്രമണ മുന നീട്ടുമെന്നതിന്റെ സൂചനയെന്ന് വിലയിരുത്തൽ.
വിപണിക്ക് കൂടുതൽ ആഘാതമാണിത്.
വിപണി നഷ്ടത്തിലേക്ക്
ഒരാഴ്ചത്തെ നേട്ടത്തിന് ശേഷം വിപണി വീണ്ടും നഷ്ടത്തിലേക്ക്. വെള്ളിയാഴ്ച 1.2 ശതമാനം കയറി 77,520.25ലായിരുന്നു സെൻസെക്സിന്റെ ക്ലോസിങ്.
1.16 ശതമാനം നേട്ടത്തിൽ നിഫ്റ്റി 24,050.60ലുമെത്തി. അഞ്ച് വർഷത്തിനിടെ വിപണി നടത്തിയ മികച്ച മുന്നേറ്റമായിരുന്നു കഴിഞ്ഞ ആഴ്ചയിലേത്.
യുഎസ് – ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ രാജ്യാന്തര തലത്തിൽ നിക്ഷേപകർ ‘ഡിഫൻസ് മോഡി’ലേക്ക് മാറി.
ഗിഫ്റ്റ് നിഫ്റ്റിയില്‍ നെഗറ്റീവായാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യൻ ഓഹരി വിപണി താഴ്ന്ന് വ്യാപാരം തുടങ്ങാനാണ് സാധ്യത.
ഇവർ ശ്രദ്ധാകേന്ദ്രം
∙മാർച്ചിലെ മികച്ച വിൽപ്പന കണക്കുകൾ പുറത്തുവിട്ടത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കും.
∙2025–26 സാമ്പത്തിക വർഷത്തേക്ക് ഓഹരിയൊന്നിന് 30 രൂപ വീതം ലാഭവിഹിതം നൽകുമെന്ന് പ്രഖ്യാപിച്ച് മുത്തുറ്റ് ഫിനാൻസ്.
∙കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രവർത്തന ശേഷി തൊട്ടുമുൻ വർഷത്തേക്കാൾ 35 ശതമാനം വർധിപ്പിച്ചെന്ന് അദാനി ഗ്രീൻ എനർജി.
∙സ്വിഗ്ഗി സഹസ്ഥാപകൻ നന്ദൻ റെഡ്ഡി രാജിവച്ചു.
സ്വന്തമായി സംരംഭം തുടങ്ങുന്നതിന് വേണ്ടിയാണ് രാജി
∙യുഎസിൽ ചില മരുന്നുകൾക്ക് അനുമതി ലഭിച്ചെന്ന് ഫാർമ കമ്പനികളായ ലുപിനും ആസ്ട്രാസെനക്കയും
∙350.47 കോടി രൂപയുടെ ആദായ നികുതി ഡിമാൻഡ് നോട്ടീസ് ലഭിച്ചെന്ന് പൊതുമേഖലാ സ്ഥാപനമായ ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ
∙യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികൃതർ ഗുജറാത്തിലെ സ്ഥാപനത്തിൽ പരിശോധന നടത്തിയെന്ന് ഫാർമ കമ്പനിയായ ടോറന്റ് ഫാര്‍മ
ഇന്ന് പ്രധാന ഏഷ്യൻ ഓഹരി വിപണികളിളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ജപ്പാനിലെ നിക്കെയ് സൂചിക 0.60 ശതമാനത്തോളം നഷ്ടത്തിലാണ്.
ഷാങ്ഹായ് സൂചിക 0.16 ശതമാനവും ഹോങ്കോങ് സൂചിക 1.15 ശതമാനവും കോസ്പി 0.80 ശതമാനവും ഇടിഞ്ഞു.
അമേരിക്കൻ ഓഹരി വിപണിയിലെ ഫ്യൂച്ചർ വ്യാപാരവും ഇന്ന് നഷ്ടത്തിലാണ്.
100 പിന്നിട്ട് ക്രൂഡ് ഓയില്‍
ഹോർമുസിൽ ഇറാന് നിശ്ചയിച്ച പാത വഴി സഞ്ചരിക്കുന്ന കപ്പലുകളെ തടയുമെന്ന് യുഎസ്. ഇറാന്റെ തുറമുഖങ്ങളിൽ നാവിക ഉപരോധവും ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ട്.
ഇതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളർ പിന്നിട്ടു. ബ്രെന്റ് ക്രൂഡ് ബാരലിന് 7 ശതമാനം കയറി 102 ഡോളറിലെത്തി.
ഡബ്ല്യൂടിഐ 104 ഡോളറിലാണ്. യുഎഇയുടെ മര്‍ബൻ ക്രൂഡ് അല്പം താഴ്ന്ന് 98.16ലെത്തി.
സ്വർണം
സമാധാന ശ്രമങ്ങൾ പാളുകയും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയും ഇടിവിലാണ്.
ഔണ്‍സിന് 4,645 ഡോളർ വരെ എത്തിയ സ്വർണം നിലവില്‍ 4,720 ഡോളറിലാണ് വ്യാപാരം. കേരളത്തിൽ ശനിയാഴ്ച പവന് 1,12,080 രൂപയായിരുന്നു സ്വർണവില.
ഇന്ന് കേരളത്തിലും വില കുറയാനാണ് സാധ്യത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

