
കൊച്ചി ∙ കേരളം ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടേത് ഉൾപ്പെടെ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നു ലഭ്യമാകുന്ന കണക്കുകൾ വായ്പ വളർച്ച മെച്ചപ്പെടുകയാണെന്നു വ്യക്തമാക്കുന്നു. ജനുവരി – മാർച്ച് കാലയളവിൽ ബാങ്കിങ് വ്യവസായത്തിൽ പണലഭ്യത കുറവായിരുന്നിട്ടും മെച്ചപ്പെട്ട വായ്പ വളർച്ച കൈവരിക്കാൻ കഴിഞ്ഞു എന്നതാണു നേട്ടം. പണലഭ്യത മെച്ചപ്പെടുകയും റിസർവ് ബാങ്ക് വീണ്ടും നിരക്കിളവു പ്രഖ്യാപിക്കുകയും ചെയ്തിരിക്കെ വായ്പ വളർച്ച കൂടുതൽ മെച്ചപ്പെടുമെന്ന് ഉറപ്പായിട്ടുമുണ്ട്.
ബാങ്കുകൾ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ സമ്പൂർണ പ്രവർത്തന ഫലം പുറത്തുവിട്ടു തുടങ്ങിയിട്ടില്ല. ഏതാനും ദിവസത്തിനകം ഫല പ്രഖ്യാപനങ്ങളുടെ പ്രവാഹം ആരംഭിക്കും. ആദ്യ പ്രഖ്യാപനം 19ന് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയിൽ നിന്നായിരിക്കും. 28നു ഫലം പ്രഖ്യാപിക്കുമെന്നു സിഎസ്ബി ബാങ്കും അറിയിച്ചിട്ടുണ്ട്.
ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സിഎസ്ബി ബാങ്കാണു വായ്പ വളർച്ചയിൽ ഒന്നാം സ്ഥാനത്ത്. കടന്നുപോയ സാമ്പത്തിക വർഷത്തിന്റെ അവസാന ത്രൈമാസത്തിൽ ബാങ്കിനു വാർഷികാടിസ്ഥാനത്തിൽ 29.59% വായ്പ വളർച്ച നേടാൻ കഴിഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 24,572 കോടി രൂപയായിരുന്ന മൊത്തം വായ്പ 31,843 കോടിയായി. സ്വർണപ്പണയ വായ്പയിലെ വളർച്ച 35.43%. 24.03 % നിക്ഷേപ വളർച്ച. ബാങ്കിന്റെ മൊത്തം ബിസിനസിൽ 26.55% വർധനയുണ്ട്.
പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കാണു വായ്പ വളർച്ചയിൽ രണ്ടാം സ്ഥാനം:17.84%. വായ്പ 2,03,664 കോടിയിൽ നിന്നു 2,40,007 കോടിയിലേക്കു വളർന്നു. നിക്ഷേപത്തിൽ 13.45% വർധന.
വായ്പ വളർച്ചയിൽ രാജ്യത്തെ മൂന്നാം സ്ഥാനവും സ്വകാര്യ ബാങ്കുകളിൽ രണ്ടാം സ്ഥാനവും ധനലക്ഷ്മി ബാങ്കിനാണ്: 17.39%. മൊത്തം ബിസിനസിൽ 14.31% വർധന കൈവരിച്ച ബാങ്കിന്റെ വായ്പ 10,397കോടിയിൽനിന്നു 12,206 കോടിയിലേക്ക് ഉയർന്നു. സ്വർണപ്പണയ വായ്പയിൽ 33.81% വർധന.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് 16.39 ശതമാനവും ഐഡിബിഐ ബാങ്കിനു 16 ശതമാനവും വായ്പ വളർച്ച നേടാനായി. ബാങ്ക് ഓഫ് ഇന്ത്യ 13.59%, പഞ്ചാബ് നാഷനൽ ബാങ്ക് 13.2%, ബാങ്ക് ഓഫ് ബറോഡ 12.8%, തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് 11%, ഇന്ത്യൻ ബാങ്ക് 10.11%.
അതേസമയം, വായ്പ വളർച്ച 10 ശതമാനത്തിൽ താഴെ മാത്രമുള്ള ബാങ്കുകളുമുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് 9.9%, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 8.6%, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 7%, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 1.08%.