പ്രശസ്ത അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്വെയർ കമ്പനിയായ അഡോബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പദവിയിൽ നിന്ന് ഇന്ത്യൻ വംശജൻ ശന്തനു നാരായൺ പടിയിറങ്ങുന്നു. 1988ൽ അഡോബിയിലെത്തിയ ശന്തനു, പ്രമുഖ യുഎസ് ടെക് കമ്പനികളുടെ തലപ്പത്ത് ഉന്നതസ്ഥാനം വഹിച്ച്, ഇന്ത്യയുടെ അഭിമാനമുയർത്തിയവരിൽ മുൻനിരയിലായിരുന്നു.
ശന്തനുവിന്റെ പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ കമ്പനി തുടങ്ങി. പുതിയ സിഇഒ എത്തുംവരെ ശന്തനു പദവിയിൽ തുടരും.
വൈസ് പ്രസിഡന്റ് ആൻഡ് ജനറൽ മാനേജർ പദവിയിലാണ് ശന്തനു 1988ൽ അഡോബിയിൽ ചേരുന്നത്.
2007ൽ സിഇഒയായി. അദ്ദേഹത്തിന്റെ കീഴിൽ അഡോബി അവിശ്വസനീയമായ നേട്ടങ്ങളും സ്വന്തമാക്കി.
ഇപ്പോൾ നിർമിതബുദ്ധി (എഐ) രംഗത്തും വികസനപദ്ധതികൾ ആസൂത്രണം ചെയ്യവേയാണ് അദ്ദേഹം പടിയിറങ്ങുന്നത്. ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയർമാൻ പദവിയിൽ 62കാരനായ ശന്തനു തുടരുമെന്ന് അഡോബി വ്യക്തമാക്കി.
ശന്തനുവിന്റെ പടിയിറക്ക പ്രഖ്യാപനം അഡോബി ഓഹരികളിൽ 7% ഇടിവിന് വഴിവച്ചിട്ടുണ്ട്.
അഡോബിയിൽ ശന്തനുവിന് 118 മില്യൻ ഓഹരികളുണ്ട്. ശന്തനു സിഇഒ ആയിരിക്കേ അഡോബി ഓഹരികൾ ഉയർന്നത് 600 ശതമാനത്തിലധികമാണ്.
ഇതേകാലയളവിൽ യുഎസ് സൂചികയായ എസ് ആൻഡ് പി500ന്റെ നേട്ടം 350 ശതമാനത്തോളം മാത്രം.
ഇതിനിടെ, ശന്തനുവിനെ അഭിനന്ദിച്ച് മൈക്രോസോപ്റ്റ് സിഇഒ സത്യ നദേല്ല ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ലോകത്തെ ഏറ്റവും വിശ്വസനീയമായ സോഫ്റ്റ്വെയർ കമ്പനികളിലൊന്നിനെയാണ് ശന്തനു പടുത്തുയർത്തിയതെന്ന് സത്യ നദേല്ല പറഞ്ഞു.
ലോകത്ത് സംരംഭകർ, ബ്രാൻഡുകൾ, ക്രിയേറ്റർമാർ തുടങ്ങിയവർക്കെല്ലാം ഉപകാരപ്രദമായ സോഫ്റ്റ്വെയർ സേവനമാണ് അഡോബി ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശന്തനു നാരായൺ
ഹൈദരാബാദിൽ ജനനം. കോളജ് വിദ്യാഭ്യാസം യുഎസിൽ.
1988ൽ അഡോബിയിൽ ചേർന്നു. 2007 മുതൽ സിഇഒ.
2017ൽ ചെയർമാനുമായി. അഡോബിയിൽ ചേരുംമുൻപ് ആപ്പിൾ, സിലിക്കൺ ഗ്രാഫിക്സ് എന്നീ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഫോട്ടോ-ഷെയറിങ് സ്റ്റാർട്ടപ്പായ പിക്ട്രയുടെ സഹസ്ഥാപകനുമായിരുന്നു. ഹുറൂൺ അതിസമ്പന്ന പട്ടികപ്രകാരം ഏതാണ്ട് 4,700 കോടി രൂപയുടെ ആസ്തി ശന്തനുവിനുണ്ട്.
സൈക്കോളജിസ്റ്റായ റെനി നാരായൺ ആണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

