പശ്ചിമേഷ്യയിലെ യുദ്ധക്കെടുത്തി ഉടനൊന്നും തീരില്ലെന്ന് ഉറപ്പിച്ച് യുഎസും ഇറാനും തമ്മിലെ പോർവിളി ഓരോ നിമിഷവും കടുക്കുന്നു. പേടിപ്പിക്കാൻ വരേണ്ടെന്നും ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി വ്യക്തമാക്കിയതിന് പിന്നാലെ രാജ്യാന്തര എണ്ണവില (ക്രൂഡ് ഓയിൽ) വീണ്ടും ബാരലിന് 100 ഡോളറും കടന്ന് കത്തിക്കയറി.
നിലവിൽ ഇന്ത്യൻ സമയം രാവിലെ 4 മണിപ്രകാരം ബ്രെന്റ് ക്രൂഡ് വില ബാരലിന് 9.22% മുന്നേറി 100.5 ഡോളറിലെത്തി.
യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ) 1.85% ഉയർന്ന് 97.50 ഡോളറാണ്. യുഎഇയുടെ മർബൻ ക്രൂഡ് വില 17% മുന്നേറി 117.7 ഡോളറിലുമെത്തി.
∙ അതു വേണ്ട!
: ഇറാന്റെ വൈദ്യുതി, എണ്ണ, ഗ്യാസ് ഉൽപാദന കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഗൾഫിലെയാകെ ഊർജോൽപാദന കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ഭീഷണി മുഴക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ എണ്ണവില കൂടുതൽ ഉയരങ്ങളിലേക്ക് കത്തിക്കയറും.
∙ ട്രംപ് ഖേദിക്കുംവരെ യുദ്ധം: യുദ്ധം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ കുറേ ട്വീറ്റ് ഇട്ടുകൊണ്ട് അതു ജയിക്കാനാവില്ലെന്നും ട്രംപിനെ പ്രകോപിപ്പിച്ചും പരിഹസിച്ചും ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി രംഗത്തുവന്നു.
യുദ്ധം തുടങ്ങിയതിനെ കുറിച്ചോർത്ത് ട്രംപ് ഖേദിക്കുംവരെ ഇറാൻ സൈനിക നടപടി തുടരുമെന്നും ലാരിജാനി പറഞ്ഞു.
∙ ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് യുഎസ് നേവി ‘എസ്കോർട്ട്’ പോകുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയെങ്കിലും ഇതിന് യുഎസ് ഇനിയും സജ്ജമായിട്ടില്ല. ഫലത്തിൽ ഹോർമുസ് വഴിയുള്ള കപ്പൽനീക്കം സ്തംഭിച്ചുകഴിഞ്ഞു.
∙ ഹോർമുസ് അടച്ചിട്ടുകൊണ്ട് ഉണ്ടാകുന്ന ആഗോള പ്രതിസന്ധി ഉയർത്തിക്കാട്ടി യുദ്ധം അവസാനിപ്പിക്കാൻ ‘ശത്രുവിനെ’ നിർബന്ധിതനാക്കുകയെന്ന തന്ത്രമാണ് മുജ്തബ പയറ്റുന്നത്.
∙ പിതാവ് ആയത്തുല്ല അലി ഖമനയി, സ്കൂൾ കുട്ടികൾ തുടങ്ങിയവരുടെ മരണത്തിന് യുഎസ്-ഇസ്രയേലി സഖ്യത്തോട് പ്രതികാരം ചോദിക്കുമെന്നും മുജ്തബ വ്യക്തമാക്കിയിട്ടുണ്ട്.
Trump says he is looking for a speedy victory.
While starting a war is easy, it cannot be won with a few tweets. We will not relent until making you sorry for this grave miscalculation.
ഇന്ത്യയുടേത് ‘റഷ്യൻ യുദ്ധകാല’ മോഡൽ എന്ന് മോദി
ഇന്ത്യ എടുക്കുന്നത് ‘റഷ്യ-യുക്രെയ്ൻ യുദ്ധകാല’ത്തിന് സമാനമായ തീരുമാനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യയും യുക്രെയ്നും യുദ്ധം തുടങ്ങിയപ്പോൾ ഇന്ത്യ ഡിസ്കൗണ്ട് നിരക്കിൽ വലിയതോതിൽ ക്രൂഡ് ഓയി്ൽ വാങ്ങിക്കൂട്ടിയത് ഇന്ധനവില പിടിച്ചുനിർത്താൻ സഹായിച്ചിരുന്നു.
കർഷകർക്ക് യുദ്ധകാലത്തും ബാഗിന് 300 രൂപ നിരക്കിൽ യൂറിയ (വളമിടീൽ ആവശ്യത്തിന്) ലഭ്യമാക്കിയെന്ന് പറഞ്ഞ മോദി, രാജ്യാന്തര വിപണിയിൽ 3,000 രൂപയായിരുന്നു വിലയെന്നും പറഞ്ഞു.
∙ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി മോദി ഫോണിൽ സംസാരിച്ചു.
സാധാരണക്കാരുടെ ജീവൻസുരക്ഷയും ജനങ്ങളുടെ ഊർജസുരക്ഷയും പ്രധാനമാണെന്ന് മോദി വ്യക്തമാക്കി.
തകർന്ന് ഓഹരിയും സ്വർണവും
യുദ്ധക്കെടുതിയുടെ പശ്ചാത്തലത്തിൽ യുഎസ് ഡോളറും യുഎസ് ഗവൺമെന്റിന്റെ ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) കുതിച്ചുയർന്നതോടെ സ്വർണവിലയിൽ വൻ ഇടിവ്.
∙ ഇന്ത്യൻ സമയം ഇന്നു രാവിലെ 4.45പ്രകാരം രാജ്യാന്തര സ്വർണവില ഔൺസിന് 78.65 ഡോളർ ഇടിഞ്ഞ് 5,093.64 ഡോളറിലാണുള്ളത്.
∙ ഇതാണ് ട്രെൻഡ് എങ്കിൽ കേരളത്തിലും ഇന്നുരാവിലെ സ്വർണവില ഇടിയും.
∙ യുഎസ് ഡോളർ ഇൻഡക്സ് 0.52% ഉയർന്ന് 99.74ലും 10-വർഷ യുഎസ് ട്രഷറി യീൽഡ് 4.09 ശതമാനത്തിൽ നിന്ന് 4.27 ശതമാനത്തിലും എത്തിയതാണ് സ്വർണത്തിന് തിരിച്ചടി. ഇവ ഉയരുമ്പോൾ സ്വർണ നിക്ഷേപങ്ങൾക്ക് പ്രിയം കുറയും.
ഡോളർ ശക്തമാകുന്നത് സ്വർണം വാങ്ങുന്നത് പ്രയാസകരവുമാക്കും. ഇത് ഡിമാൻഡിനെ ബാധിക്കുന്നതാണ് വില താഴാൻ കാരണം.
∙ യുദ്ധക്കെടുതിയെ തുടർന്ന് ഊർജ വിതരണശൃംഖല താറുമാറായത് ഓഹരികളെയും വീഴ്ത്തുകയാണ്.
യുഎസിൽ ഇന്നലെ ഡൗ ജോൺസ് 740 പോയിന്റ് (-1.56%) ഇടിഞ്ഞു. നാസ്ഡാക് 1.78%, എസ് ആൻഡ് പി500 സൂചിക 1.52% എന്നിങ്ങനെയും താഴ്ന്നു.
∙ യുഎസിൽ പണപ്പെരുപ്പം സംബന്ധിച്ച് ഉയരുന്ന ആശങ്കകളും ഓഹരി വിപണിക്ക് തിരിച്ചടിയാകുന്നു.
രാവിലെ ഫ്യൂച്ചേഴ്സ് വിപണിയും സമ്മിശ്രമാണ്. യുഎസിലെ നഷ്ടക്കാറ്റ് ഇന്ത്യയിലേക്ക് ഉൾപ്പെടെ വീശിയടിക്കുന്നത് ഇവിടെയും ഓഹരി വിപണികൾക്ക് ആശങ്കയാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

