
ന്യൂഡൽഹി∙ ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് (സാറ്റ്കോം) കമ്പനിയായ സ്റ്റാർലിങ്കിന്റെ വരവിനെ എതിർത്ത എയർടെലും റിലയൻസ് ജിയോയുമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അതേ കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നത്. എയർടെലിനു പിന്നാലെ റിലയൻസ് ജിയോയും ഇന്ത്യയിൽ സ്റ്റാർലിങ്കുമായി സഹകരിച്ചുപ്രവർത്തിക്കുമെന്ന് ഇന്നലെ വ്യക്തമാക്കി. എന്തുകൊണ്ടാണ് ഇരുകമ്പനികളും ഇത്തരമൊരു മലക്കംമറിച്ചിൽ നടത്തിയതെന്ന് ഇനിയും വ്യക്തമല്ല. സ്റ്റാർലിങ്കിന്റെ വരവ് ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ പ്രതികൂലമാകുമെന്ന ആശങ്കയുമുണ്ടായിരുന്നു.
മസ്ക് vs അംബാനി/മിത്തൽ
ഉപഗ്രഹ ഇന്റർനെറ്റ് അടക്കമുള്ള ടെലികോം സേവനങ്ങളുടെ സ്പെക്ട്രം അനുവദിക്കുന്നതു സംബന്ധിച്ച് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കും മുൻനിര ഇന്ത്യൻ ടെലികോം കമ്പനികളും രണ്ടു തട്ടിലായിരുന്നു. ലേലം നടത്താതെ സർക്കാർ നേരിട്ട് സ്പെക്ട്രം അനുവദിക്കുന്നതിനെയാണ് സ്റ്റാർലിങ്ക് അനുകൂലിച്ചത്. കേന്ദ്രസർക്കാരും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ കേന്ദ്ര ടെലികോം മന്ത്രിക്ക് കത്തയച്ചിരുന്നു.
നേരിട്ട് സ്പെക്ട്രം നൽകാനാവില്ലെന്നും ലേലം വേണമെന്നുമായിരുന്നു നിലപാട്. ഭാരതി എയർടെൽ ചെയർപഴ്സൻ സുനിൽ മിത്തൽ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ഇതിനോട് യോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ടെലികോം കമ്പനികളോടു പോലും ഇവർ ലൈസൻസും സ്പെക്ട്രവും എടുക്കണമെന്നും നിർദേശിച്ചു.
സേവനങ്ങൾ നൽകുന്ന ടെലികോം കമ്പനികൾ വലിയ വിലകൊടുത്ത് ലേലത്തിലൂടെ സ്പെക്ട്രം വാങ്ങുമ്പോൾ, സ്റ്റാർലിങ്ക് പോലെയുള്ള കമ്പനികൾ വലിയ ചെലവില്ലാതെ അതേ സേവനം നൽകുന്നതിൽ അനീതിയുണ്ടെന്നായിരുന്നു ടെലികോം കമ്പനികളുടെ വാദം. എന്നാൽ കേന്ദ്രം ഇതൊന്നും ചെവിക്കൊണ്ടില്ല. ടവറുകളുടെ സഹായമില്ലാതെ ഉപഗ്രഹത്തിൽനിന്ന് മൊബൈൽ സിഗ്നൽ (കോൾ/എസ്എംഎസ്) നൽകുന്ന ‘സ്റ്റാർലിങ്ക് ഡയറക്ട് ടു സെൽ’ സംവിധാനവും ടെലികോം കമ്പനികളിൽ ആശങ്ക സൃഷ്ടിച്ചിട്ടിരുന്നു.
എന്താണ് ആ ധാരണ?
തങ്ങളുടെ ആവശ്യം കേന്ദ്രം തള്ളിയിട്ടും സ്റ്റാർലിങ്കുമായി സഹകരിക്കാൻ ഇരുകമ്പനികളും തീരുമാനിച്ചതിന്റെ കാരണമാണ് ഇനിയും വ്യക്തമാകാത്തത്. സർക്കാർ ഇടപെട്ട് ഇരുകമ്പനികൾക്കും ഏതെങ്കിലും തരത്തിലുള്ള ഉറപ്പുകൾ നൽകിയിട്ടുണ്ടോയെന്നാണ് അറിയേണ്ടത്. യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോൺ മസ്കും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്കും വിഷയമായിട്ടുണ്ടെന്നാണ് സൂചന.
സ്റ്റാർലിങ്ക് ഉപകരണം ജിയോ സ്റ്റോറുകൾ വഴി വിൽക്കുമെന്നതിനു പുറമേ ഇൻസ്റ്റലേഷൻ, കസ്റ്റമർ സർവീസ്, ആക്ടിവേഷൻ എന്നിവയും ജിയോ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനുമപ്പുറമുള്ള ചില പങ്കാളിത്തമുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാനം പങ്കുവയ്ക്കാനും ധാരണയുണ്ടാകും. എതിർത്തുനിൽക്കുന്നതിനെക്കാൾ പങ്കാളിത്തമാണ് നല്ലതെന്ന ബോധ്യത്തിലേക്ക് ടെലികോം കമ്പനികൾ എത്തിയെന്നാണ് വിവരം.
എതിർപ്പ് ഉന്നയിച്ച പ്രധാന രണ്ടു കമ്പനികളും സഹകരിച്ച പശ്ചാത്തലത്തിൽ ഇനി സ്റ്റാർലിങ്കിന് ഇന്ത്യയിലേക്കുള്ള വരവ് എളുപ്പമാകും. ‘സ്റ്റാർലിങ്ക് ഡയറക്ട് ടു സെൽ’ ഭീഷണിയാകില്ലെന്ന ഉറപ്പ് ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ലഭിച്ചിട്ടുണ്ടാകാനും ഇടയുണ്ട്.
എന്താണ് സ്റ്റാർലിങ്ക്?
ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനായി ഇലോൺ മസ്ക് ഒരുക്കിയ സംവിധാനമാണ് സ്റ്റാർലിങ്ക്. ആയിരക്കണക്കിന് ചെറുഉപഗ്രങ്ങളാണ് ഇതിനായി വിന്യസിക്കുന്നത്.
നിലവിൽ ഏഴായിരത്തിലേറെ ഉപഗ്രഹങ്ങൾ വിന്യസിച്ചുകഴിഞ്ഞു. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം. കേബിളും ടവറുകളും മറ്റും സ്ഥാപിക്കുന്നതിന്റെ ചെലവുമില്ല.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]