ഇന്ത്യയ്ക്കെതിരെ കളിക്കാനില്ലെന്ന ഭീഷണി പാക്കിസ്ഥാൻ അവസാനനിമിഷം സ്വയംവിഴുങ്ങിയതോടെ ‘ലോട്ടറി’ അടിച്ചത് ശ്രീലങ്കയ്ക്കും വിമാനക്കമ്പനികൾക്കും. ഇന്ത്യ-പാക്ക് മത്സരം കാണാമെന്ന ആവേശത്തിര ക്രിക്കറ്റ് ആരാധകരുടെ മനസ്സിനുള്ളിൽ അലയടിക്കുന്നുണ്ടെങ്കിലും നേരിട്ട് കളികാണാൻ കൊളംബോയിലേക്ക് പറക്കാനിരിക്കുന്നവരുടെ നെഞ്ചിൽ മിന്നലാണ്.
ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടായതെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
കൊച്ചിയിൽനിന്ന് കൊളംബോയിലേക്ക് നിരക്ക് 70,000 രൂപവരെയെത്തി. സാധാരണ നിരക്കിനേക്കാൾ പതിന്മടങ്ങാണിത്.
ചെന്നൈയിൽ നിന്ന് പറക്കാൻ 50,000 രൂപവരെ കൊടുക്കണം. ഡൽഹിയിൽ നിന്ന് ഒരുലക്ഷത്തോളം രൂപയും.
ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, യുഎഇ, മലേഷ്യ, സിംഗപ്പുർ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ശ്രീലങ്കയിലേക്ക് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണാനായി ആരാധകരുടെ ഒഴുക്കുണ്ട്.
ദുബായിൽ നിന്ന് കൊളംബോയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ആകെച്ചെലവ് ടിക്കറ്റിനുമാത്രം 7,000 ദിർഹം കവിഞ്ഞു (ഒന്നരലക്ഷം രൂപയിലധികം). താമസച്ചെലവും ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് ചെലവും കൂടിയാകുമ്പോൾ മൊത്തം പണച്ചെലവ് ഇതിലുമേറും.
ഇന്ത്യക്കാർക്ക് വീസയില്ലാതെ ശ്രീലങ്കയിലെത്താമെന്ന നേട്ടമുണ്ട്.
എന്നാൽ, വിമാന ടിക്കറ്റ് ചെലവ് കുത്തനെ കൂടിയത് തിരിച്ചടിയാണ്. കൊളംബോയിലെ ഹോട്ടലുകൾ മുറിവാടക നിരക്ക് വൻതോതിൽ വർധിപ്പിച്ചതും ആരാധകർക്ക് നിരാശയാകും.
കഴിഞ്ഞദിവസം മാത്രം കൊളംബോയിലെ ഹോട്ടൽ ബുക്കിങ്ങിലുണ്ടായ വർധന 60 ശതമാനത്തിലധികം.
കൊളംബോയിൽ ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം. നഗരത്തിൽ അന്നു മഴ പെയ്തേക്കാമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ ആരാധകരെ കുഴപ്പിക്കുന്നുണ്ട്.
ലോകകപ്പിൽ ഇതിനു മുൻപ് ഇന്ത്യയും പാക്കിസ്ഥാനും 8 തവണ ഏറ്റുമുട്ടിയപ്പോൾ 7ലും ഇന്ത്യയ്ക്കായിരുന്നു ജയം. എന്നാൽ, 2021ൽ ദുബായ് വേദിയായ മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചത് ഇന്ത്യൻ ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു.
അതിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കൊപ്പം നിന്നു.
ഇന്ത്യയുമായുള്ള അഭിപ്രായഭിന്നതമൂലം ഇക്കുറി ലോകകപ്പ് കളിക്കാനില്ലെന്ന് വ്യക്തമാക്കി പിൻവാങ്ങിയ ബംഗ്ലദേശിന് പിന്തുണയറിയിച്ചാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാൻ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, കളി നടന്നില്ലെങ്കിൽ സ്പോൺസർമാർക്കും ഐസിസിക്കും മത്സരത്തിന് വേദിയൊരുക്കുന്ന ശ്രീലങ്കയ്ക്കും കനത്ത നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലുണ്ടായി.
ഏകദേശം 350 കോടി രൂപയുടെ നിയമനടപടിയും ഐസിസിയിൽ നിന്നുള്ള വിലക്കും നേരിട്ടേക്കാമെന്ന വിലയിരുത്തലും ഉണ്ടായതോടെയാണ് ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പാക്കിസ്ഥാൻ മലക്കംമറിഞ്ഞത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

