സോഹോയും അറട്ടൈയുമായി ടെക് ലോകത്ത് ഇന്ത്യയുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും കേന്ദ്ര സർക്കാരിലെ മന്ത്രിമാരുടെ ഉൾപ്പെടെ പ്രശംസകൾ നേടുകയും ചെയ്ത ശ്രീധർ വെമ്പു ബിജെപിയിൽ ചേരുമോ? ശ്രീധർ വെമ്പുവും ഭാര്യ പ്രമീള ശ്രീനിവാസനും തമ്മിൽ അമേരിക്കയിൽ 15,000 കോടിയുടെ വിവാഹ മോചനക്കേസ് നടക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യയിൽ ‘രാഷ്ട്രീയ’ ചർച്ച.
അമേരിക്കയുടെ ‘പൊളിറ്റിക്സിലേക്ക്’ ചുവടുവച്ച ടെസ്ല സിഇഒ ഇലോൺ മസ്കിനെപ്പോലെ, ഇന്ത്യയുടെ പൊളിറ്റിക്സിലേക്ക് ടെക് ലോകത്തുനിന്ന് സോഹോ കോർപറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു ഇറങ്ങുമോ? ബിജെപിയിൽ ചേരുമോ? കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നൊരു ചോദ്യം. സോഹോയുടെ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോഴും സമാനമായ വാദങ്ങൾ ഉയർന്നു. വെമ്പു സാമൂഹിക മാധ്യമമായ എക്സിൽ എഴുതിയ വിശദീകരണം ഇങ്ങനെ:
‘‘ഇന്ത്യയെ സാങ്കേതികപരമായി ശക്തവും സ്വയംപര്യാപ്തവുമാക്കുകയാണ് എന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം.
കഴിഞ്ഞ 1,000 വർഷത്തിനിടയിൽ നമ്മുടെ സംസ്ക്കാരത്തിന് ഒട്ടേറെ മുറിവുകളേറ്റു. കൊളോണിയൽ ചിന്താഗതിയാണ് ഇതിലൊന്ന്. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ അഭിമാനം പുനഃസ്ഥാപിക്കാൻ ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യ ആവശ്യമാണ്.
ഗ്രാമീണ മേഖലയിലെ കഴിവുള്ള ആൾക്കാരെ ഉൾപ്പെടുത്തി അത് സാധ്യമാക്കിയാൽ സമ്പത്ത് സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തും.
രാഷ്ട്രീയത്തെ പൊതുസേവനമായാണ് ഞാൻ പരിഗണിക്കുന്നത്. രാഷ്ട്രീയത്തിൽ ഇടപെടേണ്ടത് ഓരോ പൗരന്റെയും ജനാധിപത്യ കടമയാണെന്നും ഞാൻ വിശ്വസിക്കുന്നു.
എന്നാൽ ജീവിത്തിലെ തിരക്കുകൾ പരിഗണിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. ഭാരത് മാതാ കീ ജയ്’’ – ഇങ്ങനെയാണ് വെമ്പുവിന്റെ പോസ്റ്റ്.
വെമ്പുവിന്റെ വിവാഹ മോചനക്കേസും കോർപറേറ്റ് ലോകത്ത് വലിയ ചർച്ചയാണ്.
വെമ്പുവുമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യ പ്രമീള ശ്രീനിവാസൻ സമർപ്പിച്ച കേസിൽ 1.7 ബില്യൻ ഡോളറിന്റെ (ഏകദേശം 15,000 കോടി രൂപ) ബോണ്ട് സമർപ്പിക്കാൻ കലിഫോർണിയ കോടതി നിർദേശിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോള് പുറത്ത് വന്നത് ഒരു വർഷം മുമ്പുള്ള നോട്ടീസാണെന്നും ഇതിന് ആധാരമായ ആരോപണങ്ങളെല്ലാം തെറ്റാണെന്നുമാണ് വെമ്പുവിന്റെ അഭിഭാഷകന്റെ വാദം.
എന്താണ് കേസ്
1989ൽ യുഎസിലെത്തിയ വെമ്പു നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രമീളയെ വിവാഹം കഴിക്കുന്നത്.
പിന്നാലെ സഹോദരന്മാർക്കും സുഹൃത്ത് ടോണി തോമസിനുമൊപ്പം 1996ൽ അദ്ദേഹം സോഹോയുടെ ആദ്യകാല രൂപമായ അഡ്വെന്റ്നെറ്റ് ആരംഭിച്ചു. വർഷങ്ങളോളം കാലിഫോർണിയയിൽ ജീവിച്ച ദമ്പതികൾക്ക് 26 വയസുള്ള ഒരു മകനുണ്ട്.
2019ൽ ഇന്ത്യയിൽ തിരിച്ചെത്തിയ വെമ്പു തമിഴ്നാട്ടിലെ തെങ്കാശിയിൽ സോഹോയുടെ പ്രവർത്തനം ആരംഭിച്ചു. 2021ൽ വിവാഹ മോചനത്തിനുള്ള നടപടിയും തുടങ്ങി.
എന്നാൽ തന്നെയും ഭിന്നശേഷിക്കാരനായ മകനെയും വെമ്പു കാലിഫോർണിയയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് പ്രമീളയുടെ ആരോപണം.
തനിക്ക് കൂടി അവകാശപ്പെട്ട സോഹോയിലെ ഓഹരികൾ സഹോദരങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും ഇവർ കോടതിയിൽ പരാതി നൽകി.
കാലിഫോർണിയയിലെ നിയമം അനുസരിച്ച് വിവാഹബന്ധം നിലനിൽക്കുമ്പോൾ സമ്പാദിക്കുന്ന സ്വത്തുക്കൾക്ക് ഭാര്യയ്ക്കും ഭർത്താവിനും തുല്യ അവകാശമുണ്ട്. വിവാഹ മോചന സമയത്ത് ഇത് തുല്യമായി വീതിക്കണം.
തനിക്ക് സ്വത്തുക്കൾ ലഭിക്കാതിരിക്കാൻ ശ്രീധർ വെമ്പു സഹോദരങ്ങളുടെ പേരിലേക്ക് സോഹോയുടെ ഓഹരി മാറ്റിയെന്നാണ് പ്രമീളയുടെ ആരോപണം. നിലവിൽ വെമ്പുവിന് സോഹോയിൽ അഞ്ച് ശതമാനം ഓഹരി വിഹിതം മാത്രമാണുള്ളത്.
സഹോദരി രാധയ്ക്ക് 47.8 ശതമാനവും സഹോദരൻ ശേഖറിന് 35.2 ശതമാനവും ഓഹരിയുണ്ട്.
എന്നാൽ, പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിച്ച ശ്രീധർ വെമ്പു ഭാര്യയെയും കുഞ്ഞിനെയും സാമ്പത്തികമായി പിന്തുണച്ചിട്ടുണ്ടെന്ന നിലപാടിലാണ്. പ്രമീളയുടെ സന്നദ്ധ സംഘടനയ്ക്ക് സോഹോയിൽ നിന്ന് സാമ്പത്തിക സഹായം നൽകാറുണ്ടെന്നും അദ്ദേഹം പറയുന്നു.
20 കഴിഞ്ഞാലുടൻ വിവാഹം; കുട്ടികളും വേണം! ‘72 മണിക്കൂർ ജോലിക്ക്’ പിന്നാലെ ശ്രീധർ വെമ്പുവിന്റെ പരാമർശത്തിലും ചൂടൻ ചർച്ച –
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

