യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വൈകാതെ ഇന്ത്യ സന്ദർശിക്കും. ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം.
ഇതിൽ ടൂറിസം, മരുന്നുകൾ, വ്യാവസായിക ഉൽപന്നങ്ങൾ, തുറമുഖ വികസനം തുടങ്ങിയവ ഉൾപ്പെടുന്നു. എങ്കിലും, റഷ്യയോടുള്ള ഇന്ത്യയുടെ സമീപനത്തിൽ മാറ്റംവരുത്താൻ ഉന്നമിട്ടായിരിക്കും സെലെൻസ്കിയുടെ വരവെന്ന് സൂചനകളുണ്ട്.
ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഒലെക്സാണ്ടർ പോളിഷ്ചൂക് ആണ് സെലെൻസ്കി വൈകാതെ ഇന്ത്യയിലെത്തുമെന്ന് വ്യക്തമാക്കിയത്.
ഗുജറാത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഒരു ഔദ്യോഗിക പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു പോളിഷ്ചൂക്. റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്നതിനിടയിലും 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിച്ചതും പോളിഷ്ചൂക് എടുത്തുപറഞ്ഞു.
ധീരമായ നീക്കമായിരുന്നു മോദിയുടേത്.
സെലെൻസ്കിയുടെ ഇന്ത്യാ സന്ദർശനം അന്നേ തീരുമാനിച്ചതാണെന്നും പോളിഷ്ചൂക് പറഞ്ഞു. സ്വതന്ത്ര യുക്രെയ്ൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടവും അന്ന് മോദി സ്വന്തമാക്കിയിരുന്നു.
യുദ്ധപശ്ചാത്തലത്തിലും യുക്രെയ്ൻ സന്ദർശിക്കാൻ സന്നദ്ധരായ ചുരുക്കം ലോകനേതാക്കളിലൊരാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ബിസിനസ് സഹകരണ പദ്ധതികളായിരിക്കും യുക്രെയ്ൻ ആസൂത്രണം ചെയ്യുകയെന്ന സൂചനയും പോളിഷ്ചൂക് നൽകി.
ഗുജറാത്തിലെ ദ്വാരക ക്ഷേത്രത്തിൽ യുക്രെയ്നിൽ സമാധാനം പുലരുന്നതിനായി താനുൾപ്പെടെയുള്ളവർ പ്രാർഥിച്ചെന്നും ഒലെക്സാണ്ടർ പോളിഷ്ചൂക് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് പുട്ടിൻ കഴിഞ്ഞമാസം ഇന്ത്യയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ പുനരാരംഭിക്കുന്ന കാര്യവും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയും യുഎസും വലിയ രാഷ്ട്രങ്ങളാണെന്നും വ്യാപാരക്കരാറിന്റെ ഫിനിഷിങ് ലൈനിൽ എത്തുക എളുപ്പമല്ലെന്നും ഗോർ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ഇതിനിടെ ഇന്ത്യയ്ക്കുമേൽ ‘റഷ്യൻ മോഡൽ’ താരിഫ് ആഘാതം ചുമത്തുമെന്ന വെല്ലുവിളിയും ട്രംപ് മുഴക്കിയിട്ടുണ്ട്.
ഇറാനുമായി ഇനിയും വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് 25% അധിക തീരുവ ഏർപ്പെടുത്തുമെന്നാണ് ഭീഷണി.
നിലവിൽ ഇറാനുമായി വ്യാപാരബന്ധം സജീവമായുള്ള രാജ്യങ്ങൾ ഇന്ത്യ, ചൈന, യുഎഇ, തുർക്കി തുടങ്ങിയവയാണ്. ഇന്ത്യയ്ക്ക് ട്രംപിന്റെ തീരുമാനം വലിയ ആഘാതമാകും.
ഇറാനിലെ ഇന്ത്യ വൻനിക്ഷേപത്തോടെ ചബഹാറിൽ ഇന്ത്യ സജ്ജമാക്കിയ തുറമുഖത്തിനും യുഎസിന്റെ ഉപരോധ ഭീഷണിയുണ്ട്. നേരത്തേ ഈ തുറമുഖത്തിനും ഉപരോധം ബാധകമാക്കിയിരുന്നെങ്കിലും പിന്നീട് യുഎസ് ഇളവ് അനുവദിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

