യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘നോട്ടപ്പുള്ളി’യായി മാറിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ, അമേരിക്കയെ ‘പാട്ടിലാക്കാൻ’ തന്ത്രങ്ങൾ പയറ്റിയിട്ടും ഏശിയില്ല. വമ്പൻ ഓഫറുകൾ മഡുറോ മുന്നോട്ടുവച്ചിട്ടും ട്രംപ് കൈയോടെ തള്ളി.
മാത്രമല്ല, വെനസ്വേലയുമായുള്ള നയതന്ത്ര ബന്ധങ്ങൾ പൂർണമായും നിർത്താനും ഉത്തരവിട്ടു. കരിബീയൻ കടലിൽ വെനസ്വേലൻ ബോട്ടുകൾക്ക് നേരെ യുഎസ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണവും നടത്തിയിരുന്നു.
ജനപിന്തുണയില്ലാതെയുള്ള മഡുറോയുടെ ഭരണത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഎസ്.
മഡുറോയെ പുറത്താക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50 മില്യൻ ഡോളർ (ഏകദേശം 440 കോടി രൂപ) പാരിതോഷികവും യുഎസ് പ്രഖ്യാപിച്ചിരുന്നു.
നേരത്തേ പ്രഖ്യാപിച്ച 25 മില്യൻ അടുത്തിടെയാണ് ഇരട്ടിയാക്കിയത്. അതേസമയം വെനസ്വേലയുടെ എണ്ണ പദ്ധതികളെല്ലാം യുഎസ് കമ്പനികൾക്ക് ബിസിനസ് പങ്കാളിത്തത്തിനായി വിട്ടുതരാമെന്ന ഓഫറാണ് മഡുറോ മുന്നോട്ടുവച്ചത്.
സ്വർണ ഖനന പദ്ധതികളും നൽകാമെന്ന് മഡുറോ വ്യക്തമാക്കിയെങ്കിലും യുഎസ് തള്ളി. വെനസ്വേലൻ സമ്പദ് വ്യവസ്ഥയുടെ ജീവനാഡികൾ എന്നുവിശേഷിപ്പിക്കാവുന്ന പദ്ധതികൾ ഓഫറായി കിട്ടിയിട്ടും ട്രംപ് തള്ളുകയായിരുന്നു.
കഴിഞ്ഞ 6 മാസത്തോളമായി ഇതു സംബന്ധിച്ച് വെനസ്വേലൻ പ്രതിനിധികൾ യുഎസ് ഭരണകൂടവുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. അമേരിക്കയുമായി നയതന്ത്ര സംഘർഷത്തിലുള്ള ഇറാൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി വെനസ്വേലയ്ക്കുള്ള സഹകരണം കുറയ്ക്കാമെന്നും മഡുറോ അറിയിച്ചെങ്കിലും യുഎസ് പരിഗണിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ ചൈനീസ് കമ്പനികളുമായി വെനസ്വേലയ്ക്ക് എണ്ണ കയറ്റുമതി കരാറുകളുണ്ട്. ചൈനയെ ഒഴിവാക്കി കരാർ യുഎസ് കമ്പനികൾക്ക് നൽകാമെന്നും ഓഫറുണ്ടായിരുന്നു.
വെനസ്വേലയുമായി കൊമ്പുകോർക്കാനുള്ള നടപടികൾ ഊർജിതമാക്കുകയാണ് മറുവശത്ത് ട്രംപ്.
കരീബിയൻ കടലിൽ വെനസ്വേലൻ ബോട്ടുകൾ ആക്രമിച്ച് തകർക്കുന്നത് ഇതിന്റെ ഭാഗമായിരുന്നു. യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്നു എന്നാരോപിച്ചാണ് നടപടി.
അതേസമയം, വെനസ്വേലയ്ക്ക് സമീപം ആഴക്കടലിൽ വാതക പര്യവേക്ഷണം നടത്താൻ യുഎസ് കമ്പനിയായ ഷെല്ലിനോടും കരീബിയൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]