
കൊച്ചി∙ കേന്ദ്ര പൊതുമേഖലാ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിൻ ഷിപ്പ്യാർഡും കൊച്ചി ആസ്ഥാനമായ ടെക്നോളജി, സോഫ്റ്റ്വെയർ ഗ്രൂപ്പായ എസ്എഫ്ഒ ടെക്നോളജീസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്തെ കപ്പൽ വ്യവസായത്തെ ശക്തിപ്പെടുത്താനും സമുദ്രമേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പുതുമകൾ കൊണ്ടുവരാനുമുള്ള ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷൻസ് വികസിപ്പിക്കാനായാണ് കരാർ.
ഒപ്റ്റോ-ഇലക്ട്രോണിക്സിൽ മികച്ച സംഭാവനകൾ നൽകുന്ന എസ്എഫ്ഒ ടെക്നോളജീസിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കൊച്ചിൻ ഷിപ്പ്യാർഡ് സിജിഎം (സ്ട്രാറ്റജിക് ആൻഡ് അഡ്വാൻസ്ഡ് സൊല്യൂഷൻസ്) ദീപു സുരേന്ദ്രൻ പറഞ്ഞു. സമുദ്ര സംബന്ധമായ വികസനങ്ങൾ സാധ്യമാക്കാൻ കൊച്ചിൻ ഷിപ്പ്യാർഡുമായി സഹകരിച്ച് ഒപ്റ്റോ-ഇലക്ട്രോണിക് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് എസ്എഫ്ഒ ടെക്നോളജീസിന്റെ മാതൃസ്ഥാപനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ ഡോ.എൻ. ജഹാംഗീർ പറഞ്ഞു.
കൊച്ചിൻ ഷിപ്പ്യാർഡ് ഉദ്യോഗസ്ഥരായ എസ്. അനീഷ് (സി-എസ്എഎസ്), ഇ.എസ്. ഹരികിഷൻ (എജിഎം, സി-എസ്എഎസ്), എസ്. കൃഷ്ണപ്രസാദ് (സീനിയർ മാനേജർ, സി-എസ്എഎസ്), നെസറ്റ് ഗ്രൂപ്പിന്റെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ നസ്നീൻ ജഹാംഗീർ, വൈസ് പ്രസിഡന്റ് (ബിസിനസ് ഡെവലപ്മെന്റ്, ഒപ്ട്രോണിക്സ്) ടി.കെ. തനൂജ്, ഫോട്ടോണിക്സ് സീനിയർ ഡയറക്ടർ ഡോ. സാമുവൽ വർഗീസ്, കമ്പനി സെക്രട്ടറി കെ. പത്മനാഭൻ, സീനിയർ ജനറൽ മാനേജർ ടി.എൻ. രഘുനാഥ് തുടങ്ങിയവർ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]