ഒടുവിൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവനയം യുഎസിനെ തിരിഞ്ഞുകുത്തുന്നു. രാജ്യത്ത് റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ജനങ്ങൾ കടകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ വിലനിലവാരം ഓഗസ്റ്റിൽ 0.4 ശതമാനത്തിലേക്ക് കുതിച്ചുകയറി.
ജൂലൈയിലെ 0.2 ശതമാനത്തിൽ നിന്നാണ് വർധന. ട്രംപ് രണ്ടാമതും പ്രസിഡന്റ് ആയി ചുമതലയേറ്റ ജനുവരിക്ക് ശേഷം കുറിക്കുന്ന ഏറ്റവും വലിയ വർധനയാണിത്.
നിരീക്ഷകർ പ്രവചിച്ച 0.3 ശതമാനത്തേക്കാളും ഉയരത്തിലാണ് മാസാടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം.
വാർഷികാടിസ്ഥാനത്തിൽ ഇത് 2.9 ശതമാനത്തിലേക്കും ഉയർന്നു. ഇതും കഴിഞ്ഞ 8 മാസത്തെ ഏറ്റവും ഉയരമാണ്.
ഭക്ഷ്യ, ഊർജ ഉൽപന്നങ്ങൾ ഒഴിവാക്കിയുള്ള മുഖ്യപണപ്പെരുപ്പം (കോർ ഇൻഫ്ലേഷൻ) ഓഗസ്റ്റിൽ 3.1 ശതമാനമാണ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ‘ലക്ഷ്മണ രേഖ’യായ 2 ശതമാനത്തേക്കാൾ ബഹുദൂരം ഉയരെ.
ട്രംപ് യുഎസിലേക്കുള്ള ഇറക്കുമതിക്കുമേൽ പ്രഖ്യാപിച്ച കനത്ത തീരുവകൾ ഒടുവിൽ ഉപഭോക്തൃവിപണിയെ ഉലച്ചുതുടങ്ങിയെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
കാപ്പി, മുട്ടി, പഴങ്ങൾ, മത്സ്യം, മറ്റ് സമുദ്രോൽപന്നങ്ങൾ, ഇറച്ചി, വൈദ്യുതി, വാഹനം, കോളജ് കുട്ടികൾ പഠിക്കുന്ന പുസ്തകങ്ങൾ, ആഭരണം, സിഗററ്റ്, വനിതകളുടെ വസ്ത്രങ്ങൾ, യൂസ്ഡ് കാർ/ട്രക്ക് തുടങ്ങി ഏതാണ്ടെല്ലാ ഉൽപന്ന/സേവനങ്ങൾക്കും ഓഗസ്റ്റിൽ വില കൂടിയെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
തൊഴിലില്ലായ്മയും മേലോട്ട്
തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം ഓഗസ്റ്റിൽ 2.63 ലക്ഷമായി ഉയർന്നെന്ന ലേബർ ഡിപ്പാർട്ട്മെന്റിന്റെ കണക്കും പ്രസിഡന്റ് ട്രംപിനെ അസ്വസ്ഥനാക്കും. നിരീക്ഷകർ വിലയിരുത്തിയ 2.35 ലക്ഷത്തേക്കാളും ഏറെ കൂടുതലാണ് കഴിഞ്ഞമാസത്തെ കണക്ക്.
2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ വർധനയുമാണിത്. ജൂലൈയേക്കാൾ 27,000 പേരാണ് അധികമായി കഴിഞ്ഞമാസം പട്ടികയിൽ കടന്നുകൂടിയത്.
എങ്കിലും, ആശ്വാസം!
യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാനായി കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഈമാസത്തെ പണനയ നിർണയ യോഗത്തിൽ പലിശനിരക്കിൽ ബംപർ ഇളവ് വരുത്താൻ ഒരുങ്ങുന്നതായാണ് സൂചനകൾ.
സമ്പദ്വ്യവസ്ഥ മെച്ചപ്പെടുകയാണെന്നും പലിശനിരക്ക് കുറയ്ക്കാത്തത് മാത്രമാണ് തിരിച്ചടിയെന്നുമാണ് ട്രംപിന്റെ വാദം. ട്രംപിന്റെ കടുത്ത സമ്മർദമുള്ളതിനാലും പണനയ നിർണയ സമിതിയിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടിയതിനാലും പലിശനിരക്ക് കുറയാനുള്ള സാധ്യതയേറെ.
പലിശനിരക്ക് കഴിഞ്ഞ ഡിസംബർ മുതൽ മാറ്റമില്ലാതെ 4.25-4.5 നിലവാരത്തിൽ തുടരുകയാണ്.
ഇതു കുറയ്ക്കണമെന്ന മുറവിളിയും ശക്തം. രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് കൂടുന്നതും കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഗസ്റ്റിലെ മൊത്തവില പണപ്പെരുപ്പം 3.1% എന്ന പ്രതീക്ഷിത നിരക്കിൽനിന്ന് 2.6 ശതമാനത്തിലേക്ക് എത്തുകയും ചെയ്ത പശ്ചാത്തലത്തില് ഇക്കുറി ഫെഡറൽ റിസർവ് പലിശ കുറച്ചേക്കാം.
സെപ്റ്റംബർ 17ന് ആണ് പണനയ പ്രഖ്യാപനം.
ഓഹരികൾക്ക് മിന്നും മുന്നേറ്റം
പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൂടിയെങ്കിലും യുഎസ് ഓഹരികൾ റെക്കോർഡ് തിരുത്തി കുതിപ്പിലാണ്. പലിശഭാരം കുറയാനുള്ള സാധ്യതയേറിയതാണ് പ്രധാന കാരണം.
എസ് ആൻഡ് പി500 സൂചി 0.85%, നാസ്ഡാക് 0.72%, ഡൗ ജോൺസ് 1.36% എന്നിങ്ങനെ കുതിച്ചുയർന്നു. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് സൂചികയും 0.54% കയറി റെക്കോർഡ് പുതുക്കി.
ചൈനയിൽ ഷാങ്ഹായ് 0.24%, ഹോങ്കോങ് 1.41%, ദക്ഷിണ കൊറിയയുടെ കോസ്പി 0.83%, കോസ്ഡാക് 0.65%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.41%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.78%, ഡാക്സ് 0.30% എന്നിങ്ങനെയും നേട്ടം കുറിച്ചു.
ട്രംപിന്റെ താരിഫ് നയം സൃഷ്ടിക്കുന്ന ആഘാതം നിഴലിക്കുന്നതിനാൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) ഇന്നലെ ചേർന്ന യോഗത്തിൽ പലിശനിരക്ക് മാറ്റംവരുത്താതെ നയം പ്രഖ്യാപിച്ചു. ജൂണിലാണ് അവസാനമായി പലിശ കുറച്ചത്.
നേട്ടം തുടരാൻ ഇന്ത്യ
ഇന്നലെ സെൻസെക്സ് 123 പോയിന്റ് (+0.15%) ഉയർന്ന് 81,548ലും നിഫ്റ്റി 32 പോയിന്റ് (+0.13%) നേട്ടവുമായി 25,005ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നുരാവിലെ ഗിഫ്റ്റ് നിഫ്റ്റി 75 പോയിന്റ് ഉയർന്നു. സെൻസെക്സും നിഫ്റ്റിയും ഇന്നും നേട്ടത്തിലേറുമെന്ന പ്രതീക്ഷ ഇതു നൽകുന്നു.
നിഫ്റ്റി 25,000ന് മുകളിൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചതും നിക്ഷേപകർക്ക് ആശ്വാസമായിട്ടുണ്ട്.
∙ ഇന്ത്യയും യുഎസും തമ്മിലെ വ്യാപാര ചർച്ചകൾ വീണ്ടും സജീവമാകുന്നതും ജിഎസ്ടി പരിഷ്കാരങ്ങളും ഓഹരി വിപണിക്ക് കരുത്താകും.
∙ അതേസമയം, ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ കൂടുതൽ തീരുവ ആഘാതം വേണമെന്ന് ജി7 രാഷ്ട്രങ്ങളോട് ട്രംപ് ആവശ്യപ്പെട്ടത് ചർച്ചകൾക്കുമേൽ കരിനിഴലും വീഴ്ത്തുന്നു. ട്രംപ് ഓരോ നിമിഷവും നിലപാട് മാറ്റുന്നതാണ് തിരിച്ചടി.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെ വിറ്റൊഴിഞ്ഞത് 3,472 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ.
∙ രൂപ ഡോളറിനെതിരെ ഇന്നലെ സർവകാല താഴ്ചയിലുമെത്തി.
24 പൈസ താഴ്ന്ന് 88.35ലാണ് വ്യാപാരാന്ത്യത്തിലുള്ളത്.
വമ്പൻ ബൈബാക്കുമായി ഇൻഫോസിസ്
ഐടി കമ്പനിയായ ഇൻഫോസിസ് 18,000 കോടി രൂപയുടെ ഓഹരി തിരികെവാങ്ങൽ (ഷെയർ ബൈബാക്ക്) പ്രഖ്യാപിച്ചു. നിലവിൽ കമ്പനിയുടെ ഓഹരിക്ക് വില 1,512 രൂപയാണ് (എൻഎസ്ഇ).
ബിഎസ്ഇയിൽ 1,509. ഇതിനേക്കാൾ 19% വർധനയുമായി (പ്രീമിയം) 1,800 രൂപയ്ക്കാണ് ബൈബാക്ക്.
അതായത്, നിലവിൽ ഇൻഫോസിസിന്റെ ഓഹരികൾ കൈവശമുള്ളവർക്ക് പദ്ധതിപ്രകാരം അതു കമ്പനിക്ക് തിരികെ നൽകിയാൽ ഒന്നിന് 1,800 രൂപവച്ചു നേടാം. നിക്ഷേപകരെ കാത്തിരിക്കുന്നത് ബംപർ എന്നുതന്നെ സാരം.
കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.41% ഓഹരികളാണ് തിരികെ വാങ്ങുന്നത്.
ഒരു കമ്പനിയുടെ സാമ്പത്തികസ്ഥിതി ഭദ്രമെന്ന് സൂചിപ്പിക്കുന്നതാണ് നിക്ഷേപകരിൽനിന്ന് ഓഹരികൾ തിരികെവാങ്ങാൻ പ്രമോട്ടർമാരെ പ്രേരിപ്പിക്കുന്ന തീരുമാനം. മുന്നിൽ വളർച്ചയ്ക്കുള്ള വലിയ സാധ്യതകൾ കമ്പനി കാണുന്നുണ്ടെന്നും ഇതു വ്യക്തമാക്കുന്നു.
ഇൻഫോസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൈബാക്ക് പദ്ധതിയാണിത്.
2022ൽ 9,300 കോടി, 2019ൽ 8,260 കോടി, 2017ൽ 13,000 കോടി രൂപ എന്നിങ്ങനെ ബൈബാക്ക് പദ്ധതികളും ഇൻഫോസിസ് നടത്തിയിരുന്നു.
വമ്പൻ ഐപിഒയ്ക്ക് ടാറ്റ ക്യാപിറ്റൽ വരുന്നു
ടാറ്റാ ഗ്രൂപ്പിൽ നിന്ന് ഇതാ പുതിയൊരു പ്രാരംഭ ഓഹരി വിൽപന (ഐപിഒ). ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) ടാറ്റ ക്യാപിറ്റലിന്റെ 200 കോടി ഡോളർ (ഏകദേശം 17,700 കോടി രൂപ) ഉന്നമിട്ടുള്ള ഐപിഒ ഒക്ടോബറിൽ പ്രതീക്ഷിക്കാം.
1,800 കോടി ഡോളർ (1.6 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയാകും ഐപിഒ. കഴിഞ്ഞവർഷം ഹ്യുണ്ടായ് സംഘടിപ്പിച്ച റെക്കോർഡ് 27,870 കോടി രൂപയുടെ ഐപിഒയ്ക്ക് ശേഷം ഇന്ത്യ സാക്ഷിയാകുന്ന ഏറ്റവും വലിയ ഐപിഒയുമായിരിക്കും ടാറ്റ ക്യാപിറ്റലിന്റേത്.
∙ 21 കോടി പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) നിലവിലെ ഓഹരി ഉടമകളായ ടാറ്റ സൺസിന്റെയും ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷന്റെയും (ഐഎഫ്സി) കൈവശമുള്ള ഓഹരികളിൽ 26.58 കോടിയും (ഓഫർ ഫോർ സെയിൽ/ഒഎഫ്എസ്) ആകെ 47.58 കോടി ഓഹരികളാകും ഐപിഒയിലുണ്ടാവുക.
∙ ടാറ്റ സൺസിന് കമ്പനിയിൽ 88.6 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ഐഎഫ്സിക്ക് 1.8 ശതമാനവും.
∙ ഐപിഒ നടന്നാൽ, ഇന്ത്യയിലെ ധനകാര്യ രംഗത്തെ ഏറ്റവും വലുതുമായിരിക്കും അത്.
സ്വർണത്തിന് മുന്നേറ്റം, എണ്ണയ്ക്ക് വീഴ്ച
യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത തെളിഞ്ഞതോടെ സ്വർണവില വീണ്ടും നേട്ടത്തിലേറി. ഔൺസിന് 3,631 ഡോളറിൽ നിന്ന് രാജ്യാന്തരവില 3,650 ഡോളർ വരെയെത്തി.
കേരളത്തിൽ ഇന്നു വില പുത്തൻ ഉയരംതൊട്ടേക്കും. യുഎസിൽ ഡിമാൻഡ് കുറഞ്ഞ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില താഴ്ന്നു.
ഡബ്ല്യുടിഐ വില ബാരലിന് 0.53% കുറഞ്ഞ് 62.01 ഡോളറായി. ബ്രെന്റ് വില 0.51% താഴ്ന്ന് 66.03 ഡോളറും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]