
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കണ്ണിൽ യൂറോപ്പിൽ നിന്നൊരു പുത്തൻ കരട്. നാറ്റോ അംഗ രാജ്യങ്ങൾ 2035നകം പ്രതിരോധ ബജറ്റ് ജിഡിപിയുടെ 5 ശതമാനമാക്കണമെന്ന നിബന്ധന സ്പെയിൻ നേരത്തേ തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
സ്പെയിൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സ്പാനിഷ് സമ്പദ് വ്യവസ്ഥയ്ക്കുമേൽ ആഘാതമേൽപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഭീഷണിക്ക് വഴങ്ങിയില്ലെന്ന് മാത്രമല്ല യുഎസ് നിർമിത എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി സ്പെയിൻ ഉപേക്ഷിക്കുകയും ചെയ്തു.
ഇതോടെ, ട്രംപും സ്പെയിനും തമ്മിലെ ഏറ്റുമുട്ടൽ രൂക്ഷമാകാനുള്ള സാധ്യതയേറി.
യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ ആണ് എഫ്-35 വിമാനങ്ങൾ നിർമിക്കുന്നത്. പുതിയ യുദ്ധവിമാനങ്ങൾ വാങ്ങാനായി സ്പാനിഷ് സർക്കാർ 2023ൽ 724 കോടി ഡോളർ വകയിരുത്തിയിരുന്നു.
ജിഡിപിയുടെ 5 ശതമാനത്തിനു പകരം 2 ശതമാനത്തിൽ പ്രതിരോധ ബജറ്റ് നിലനിർത്താനാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്റെ സർക്കാർ തീരുമാനിച്ചതും.
ഇതിനുപുറമെ പെഡ്രോ ചൈനയുമായി കൂടുതൽ അടുക്കുന്നതും അമേരിക്കയ്ക്ക് നീരസമായിട്ടുണ്ട്. ചൈനയുമായി അടുക്കുന്നതിലൂടെ സ്പെയിൻ സ്വയം കുഴിതോണ്ടുകയാണെന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് വിമർശിച്ചത്.
നിലവിൽ സ്പെയിനിന്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ചൈന. 45 ബില്യൻ യൂറോയുടെ ഉൽപന്നങ്ങൾ ചൈന സ്പെയിനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
സ്പെയിൻ തിരികെ 7.4 ബില്യനും. ചൈനീസ് കമ്പനികൾ സ്പെയിനിൽ വൻതോതിൽ നിക്ഷേപങ്ങളും നടത്തുന്നുണ്ട്.
പെഡ്രോയുടേത് ശ്രദ്ധതിരിക്കലോ?
2018 മുതൽ പെഡ്രോ സാഞ്ചെസ് സർക്കാരാണ് സ്പെയിൻ ഭരിക്കുന്നത്.
സർക്കാരിനെതിരെ പ്രതിപക്ഷം ഒട്ടേറെ അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ഇതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് പെഡ്രോ ട്രംപിനും അമേരിക്കയ്ക്കും എതിരെ തിരിയുന്നതെന്ന വിമർശനം ശക്തമാണ്.
അതേസമയം, നിലവിൽ ട്രംപിൽനിന്ന് താരിഫ് സംബന്ധിച്ച വെല്ലുവിളി സ്പെയിനിന് ഇല്ലെന്ന നേട്ടവും പെഡ്രോയ്ക്കുണ്ട്.
∙ സ്പെയിൻ യൂറോപ്യൻ യൂണിയൻ അംഗമാണ്. 15% തീരുവയാണ് യൂറോപ്യൻ യൂണിയന് ട്രംപ് പ്രഖ്യാപിച്ചത്.
ഇതുതന്നെയാണ് സ്പെയിനിനും ബാധകം.
∙ അതേസമയം, യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത സ്വിറ്റ്സർലൻഡിനെ 39% തീരുവ ചുമത്തി ട്രംപ് ഞെട്ടിച്ചിരുന്നു.
∙ സ്പെയിൻ അവസാനമായി യുദ്ധം ചെയ്തത് 1898ൽ ആണ്. നിലവിൽ സ്പെയിനിന് യുദ്ധഭീതികളുമില്ല.
അതുകൊണ്ട്, അമേരിക്കയുടെ യുദ്ധവിമാനം വാങ്ങേണ്ട അടിയന്തര സാഹചര്യവുമില്ല. പ്രതിരോധ ബജറ്റ് 2 ശതമാനത്തിൽ നിലനിർത്താൻ സ്പെയിനിന് ധൈര്യം നൽകുന്നതും ഈ അനുകൂലഘടകങ്ങളാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]