
ചൈനയ്ക്കുമേൽ പകരംതീരുവ ചുമത്തുന്നത് 90 ദിവസത്തേക്ക് കൂടി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസും ചൈനയും തമ്മിൽ വ്യാപാരക്കരാർ ധാരണയിലെത്താനായി ട്രംപ് മുന്നോട്ടുവച്ച അന്തിമതീയതി ഇന്നായിരുന്നു.
എന്നാൽ, യുഎസ്-ചൈനീസ് അധികൃതർ തമ്മിൽ നടന്ന ചർച്ചയെ തുടർന്ന് 90 ദിവസത്തേക്ക് കൂടി പകരംതീരുവ നടപടികൾ നീട്ടിവയ്ക്കാൻ ട്രംപ് തീരുമാനിക്കുകയായിരുന്നു. നവംബർ 10 വരെയാണ് സാവകാശം.
നേരത്തേ ഏപ്രിലിൽ ട്രംപ് ചൈനയ്ക്കുമേൽ 145% തീരുവ പ്രഖ്യാപിക്കുകയും ചൈന യുഎസ് ഉൽപന്നങ്ങൾക്കുമേൽ 125% തീരുവ ചുമത്തി തിരിച്ചടിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇതിൽ നിന്ന് ഇരുരാജ്യങ്ങളും പിൻവലിഞ്ഞു. നിലവിൽ യുഎസിൽ എത്തുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് 30 ശതമാനവും ചൈനയിലെത്തുന്ന യുഎസ് ഉൽപന്നങ്ങൾക്ക് 10 ശതമാനവുമാണ് തീരുവ.
ഇത് നവംബർ 10വരെ തുടരും.
അതേസമയം, ഇന്ത്യയോടും റഷ്യയോടും വിട്ടുവീഴ്ചയില്ലെന്ന സൂചനയും ട്രംപ് ഇന്നലെ നൽകി. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ചത് റഷ്യയ്ക്കുള്ള കനത്ത അടിയാണെന്ന് ട്രംപ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്ന നിലപാട് ട്രംപ് ഇതുവഴി അരക്കിട്ടുറപ്പിച്ചെന്നാണ് വിലയിരുത്തൽ.
ഓഗസ്റ്റ് 15ന് പുട്ടിനുമായി ചർച്ച നടക്കാനിരിക്കേയാണ് ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. പുട്ടിൻ-ട്രംപ് ചർച്ച വിജയിക്കാൻ 50:50 സാധ്യതയാണ് പൊതുവേ ഏവരും വിലയിരുത്തുന്നത്.
ചർച്ച തുടങ്ങി ആദ്യ നിമിഷങ്ങളിൽ തന്നെ സമാധാനമാണോ റഷ്യയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാനാകുമെന്ന് ട്രംപ് പറഞ്ഞതും ഇതിനോട് ചേർത്ത് പലരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം ചൈനയും റഷ്യൻ എണ്ണ ഇപ്പോഴും വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പേരിൽ ചൈനയ്ക്കെതിരെ നടപടിക്ക് ട്രംപ് തുനിഞ്ഞിട്ടില്ല. തുർക്കി, ഫ്രാൻസ്, ബ്രസീൽ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും നിലവിൽ റഷ്യൻ എണ്ണയുടെ ഉപഭോക്താക്കളാണ്.
എന്നാൽ, അവയ്ക്കെതിരെയും റഷ്യൻ എണ്ണ ഇറക്കുമതിയുടേ പേരിൽ ട്രംപ് ഇതുവരെ നടപടികൾ പ്രഖ്യാപിച്ചിട്ടില്ല. വ്യാപാരക്കരാർ ചർച്ചയിലും ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യ ട്രംപിന്റെ അവകാശവാദങ്ങൾക്കും ആവശ്യങ്ങൾക്കും മുന്നിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നതാണ് അദ്ദേഹത്തെ ഇന്ത്യയ്ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
സ്വർണത്തിന് തീരുവ ഇല്ലെന്ന് ട്രംപ്
യുഎസിലേക്കുള്ള സ്വർണം ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തില്ലെന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
നിലവിൽ സ്വർണത്തിന് താരിഫ് ഇല്ല. എന്നാൽ, സ്വർണത്തെയും ട്രംപ് ഉന്നമിട്ടേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.
ഇതു വില കൂടാനും വഴിവച്ചിരുന്നു.
നിലവിൽ ഒരു കിലോഗ്രാം, 100 ഔൺസ് സ്വർണക്കട്ടികൾക്ക് താരിഫ് ഏർപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. യുഎസിലേക്ക് ഏറ്റവുമധികം സ്വർണം കയറ്റുമതി ചെയ്യുന്ന സ്വിറ്റ്സർലൻഡിന് 39% തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇത് സ്വർണവിലയിൽ വമ്പൻ വർധനയ്ക്ക് വഴിയൊരുക്കുമെന്ന് ആശങ്കയും ഉയർന്നിരുന്നു. ഇതോടെയാണ്, താരിഫ് ഏർപ്പെടുത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.
സ്വർണവിലയിൽ കനത്ത ഇടിവ്
രാജ്യാന്തര സ്വർണവില ഔൺസിന് 50 ഡോളറിലധികം ഒറ്റയടിക്ക് ഇടിഞ്ഞ് 3,342 ഡോളറിലേക്ക് കൂപ്പുകുത്തി.
നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,351 ഡോളറിൽ. കേരളത്തിലും ഇന്നു സ്വർണവിലയിൽ വൻ ഇടിവുണ്ടാകും.
∙ യുഎസിന്റെ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പുറത്തുവരാനിരിക്കേയാണ് സ്വർണത്തിന്റെ വീഴ്ച.
∙ പണപ്പെരുപ്പം നിരാശപ്പെടുത്തിയാൽ പലിശനിരക്ക് കുറയ്ക്കുന്നതിൽ നിന്ന് യുഎസ് ഫെഡറൽ റിസർവ് (കേന്ദ്ര ബാങ്ക്) വിട്ടുനിൽക്കും.
ഇതു സ്വർണവിലയെ കൂടുതൽ താഴേക്ക് നയിക്കും.
∙ ചൈന-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച് ട്രംപ് കൂടുതൽ സാവകാശം നൽകിയത്, ഇരു രാജ്യങ്ങളും തമ്മിലെ ചർച്ച തുടരുമെന്ന സൂചനയാണ് നൽകുന്നത്. ഫലത്തിൽ, പ്രതിസന്ധിക്ക് ഇടമില്ലെന്ന വിലയിരുത്തലും സ്വർണത്തിന് തിരിച്ചടിയായി.
പ്രതിസന്ധി ഘട്ടങ്ങളിലാണ് സ്വർണം ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നേടി കുതിക്കുന്നത്.
∙ പുട്ടിനും ട്രംപും തമ്മിൽ 15ന് അലാസ്കയിൽ സമാധാന ചർച്ച നടക്കാനിരിക്കുന്നതും സ്വർണത്തിന് തിരിച്ചടിയായി.
തുടരുമോ ഇന്ത്യൻ ഓഹരികൾ ആവേശക്കുതിപ്പ്?
ട്രംപിന്റെ താരിഫ് പോരിനെ കൂസാതെ ഇന്ത്യൻ ഓഹരികൾ ഇന്നലെ മികച്ച മുന്നേറ്റം നടത്തിയിരുന്നു. നിഫ്റ്റി 221.75 പോയിന്റ് (+0.91%) കുതിച്ച് 24,585.05ലും സെൻസെക്സ് 746.29 പോയിന്റ് (+0.93%) മുന്നേറി 80,604.08ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ് മുതലെടുത്തുള്ള ഡിപ് ബൈയിങ്ങ്, രാജ്യാന്തര ഓഹരി വിപണികളിൽ നിന്ന് വീശിയെത്തിയ പോസിറ്റീവ് കാറ്റ്, എസ്ബിഐ ഓഹരികളിലുണ്ടായ മികച്ച മുന്നേറ്റം, ക്രൂഡ് ഓയിൽ വിലയിടിവ്, ട്രംപ്-പുട്ടിൻ ചർച്ച ആശാവഹമാകുമെന്ന പ്രതീക്ഷ തുടങ്ങിയവയാണ് ഇന്നലെ ഓഹരികൾക്ക് ഊർജം പകർന്നത്.
മ്യൂച്വൽഫണ്ടിലെ ഓഹരി, കടപ്പത്ര ഫണ്ടുകളിൽ ജൂലൈയിൽ നിക്ഷേപം കുതിച്ചെത്തിയ ആംഫിയുടെ കണക്കുകളും ഓഹരികൾക്ക് ആവേശമായി.
ഇന്നുപക്ഷേ, രാവിലെ ഗിഫ്റ്റ് നിഫ്റ്റി നേരിയ 26 പോയിന്റ് നേട്ടത്തിലാണുള്ളത്. സെൻസെക്സും നിഫ്റ്റിയും ഇന്നു നേരിയ നേട്ടത്തിൽതന്നെ വ്യാപാരം തുടങ്ങിയേക്കാമെന്ന് ഇതു വ്യക്തമാക്കുന്നു.
∙ ചൈനയ്ക്ക് യുഎസ് 90 ദിവസത്തെ സാവകാശം തീരുവയിൽ അനുവദിച്ച പശ്ചാത്തലത്തിൽ ഏഷ്യൻ ഓഹരികൾ പൊതുവേ നേട്ടത്തിലാണ്.
ചൈനയിൽ ഷാങ്ഹായ് സൂചിക 0.40% കയറിയപ്പോൾ ജാപ്പനീസ് നിക്കേയ് 2.41% കുതിച്ച് റെക്കോർഡിട്ടു.
∙ യൂറോപ്പിൽ എഫ്ടിഎസ്ഇ 0.37% ഉയർന്നു; ഡാക്സ് 0.34% വീണു.
അമേരിക്കയ്ക്ക് ‘പണപ്പെരുപ്പ’ പേടി
കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരാനിരിക്കേ, ആശങ്കയിലാണ് യുഎസ് ഓഹരികൾ. ജൂണിൽ 2.9% ആയിരുന്നു പണപ്പെരുപ്പം.
ജൂലൈയിൽ 2.8 ശതമാനമാണ് നിരീക്ഷകർ പ്രവചിക്കുന്നത്. പണപ്പെരുപ്പം ഇതിലും കൂടിയാൽ പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങും.
ഇത് യുഎസ് സമ്പദ്വ്യവസ്ഥയ്ക്കും ഓഹരികൾക്കും തിരിച്ചടിയാകും.
∙ ഡൗ ജോൺസ് 0.45% ഇടിഞ്ഞു. എസ് ആൻഡ് പി 500 സൂചിക 0.25%.
നാസ്ഡാക് 0.3% എന്നിങ്ങനെയും താഴ്ന്നു.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 20 പോയിന്റ് താഴ്ന്നു. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.11%, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.2% എന്നിങ്ങനെ കയറി.
വിദേശ നിക്ഷേപവും രൂപയും
രൂപ ഇന്നലെ ഡോളറിനെതിരെ 17 പൈസ താഴ്ന്ന് 87.75ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡ് വില തിരിച്ചുകയറിയേക്കാമെന്ന വിലയിരുത്തൽമൂലം എണ്ണക്കമ്പനികൾ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതും ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. ഇന്നലെയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ 1,202 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]