
അമേരിക്ക-ചൈന വ്യാപാരക്കരാറും യുദ്ധഭീതിയിൽ വീണു പോയ ഇന്ത്യൻ രൂപ ഡോളറിനെതിരെ തിരിച്ചു വരവ് നടത്തിയതും ഇന്ത്യൻ വിപണിക്ക് നൽകിയത് സ്വപ്നമുന്നേറ്റം. യുദ്ധം ഒഴിവായതിനൊപ്പം പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യക്ക് മേൽക്കൈ നേടാനായതും ഇന്ത്യൻ നിക്ഷേപകരുടെ ആവേശം വർദ്ധിപ്പിച്ചപ്പോൾ ഇന്ത്യൻ വിപണിയിലെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് 15% വീണു. യുദ്ധഭീതിയിൽ തകർന്ന് പോയിരുന്ന പാകിസ്ഥാൻ വിപണി ഇന്ന് 9% നേട്ടമാണുണ്ടാക്കിയത്.
വെള്ളിയാഴ്ച 24000 പോയിന്റിന് മുകളിൽ പിടിച്ചു നിന്ന നിഫ്റ്റി 3.82% അഥവാ 916 പോയിന്റുകളുടെ ഏകദിന നേട്ടത്തോടെ 25000 പോയിന്റിന് സമീപത്തേക്ക് കുതിപ്പ് നടത്തി. സെൻസെക്സ് 2675 പോയിന്റുകൾ കയറി 82429 പോയിന്റിലും ക്ളോസ് ചെയ്തു.
ആറ് ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയ ഐടി സെക്ടറിന്റെ അപ്രതീക്ഷിത മുന്നേറ്റവും, മെറ്റൽ, റിയൽറ്റി സെക്ടറുകളുടെ ആറു ശതമാനത്തോളമെത്തിയ മുന്നേറ്റവും, ബാങ്ക് നിഫ്റ്റിയുടെയും, ഫിൻ നിഫ്റ്റിയുടെയും, ഓട്ടോയുടെയും, ഇൻഫ്രയുടെയും 3% വീതം മുന്നേറ്റങ്ങളും ഇന്ത്യൻ വിപണിയുടെ അപരാജിത കുതിപ്പിന് ഊർജ്ജം നൽകി.
പറന്ന് ഐടി
അമേരിക്കൻ ഫ്യൂച്ചറുകളുടെ അതിമുന്നേറ്റം ഇന്ത്യൻ ഐടി സെക്ടറിന് നൽകിയ 6.70% മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിയെ അത്യാവേശത്തിൽ എത്തിച്ചത്. ഇൻഫോസിസ് 8% വരെ മുന്നേറിയപ്പോൾ എച്ച്സിഎൽ ടെക്ക്, വിപ്രോ, എംഫസിസ്, സയന്റ്, ടാറ്റ എൽഎക്സി മുതലായ കമ്പനികളെല്ലാം 6%ൽ കൂടുതലും നേട്ടമുണ്ടാക്കി.
ഡോളറിനെതിരെ കുതിച്ച് രൂപ
യുദ്ധഭീതിയിൽ അമേരിക്കൻ ഡോളറിനെതിരെ കഴിഞ്ഞ ആഴ്ചയുടെ അവസാന സെഷനുകളിൽ തകർന്ന് പോയ ഇന്ത്യൻ രൂപ തിരിച്ചു കയറിയതും വിപണിക്ക് ആവേശം നൽകി. ഡോളറിനെതിരെ 84.59/- വരെ മെച്ചപ്പെട്ട ഇന്ത്യൻ രൂപ 84.85 നിരക്കിലാണ് തുടരുന്നത്.
നാളെ വരാനിരിക്കുന്ന ഇന്ത്യയുടെ ഏപ്രിലിലെ സിപിഐ ഡേറ്റയും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്.
എച്ച്ഡിഎഫ്സി ബാങ്കിന്റെയും, ഐസിഐസിഐ ബാങ്കിന്റെയും കുതിപ്പാണ് ബാങ്ക് നിഫ്റ്റിയെ വീണ്ടും ഉയരങ്ങളിൽ എത്തിച്ചത്. ബാങ്ക് നിഫ്റ്റി 1787 പോയിന്റുകൾ മുന്നേറി 55382 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
അമേരിക്ക-ചൈന വ്യാപാരകരാർ
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരക്കരാർ യാഥാർഥ്യമാകുന്നു എന്ന റിപ്പോർട്ട് ഇന്ന് ലോക വിപണിയിൽ തന്നെ വലിയ ആവേശം സൃഷ്ടിച്ചു. ട്രംപ് താരിഫുകൾ ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൊണ്ട് പോകുമെന്ന ഭയത്തിനാണ് അയവ് വന്നിരിക്കുന്നത്.
ഇരു രാജ്യങ്ങളും ഏർപ്പെടുത്തിയ അധിക നികുതികൾ അടുത്ത 90 ദിവസത്തേക്ക് പിൻവലിക്കാനും ധാരണയായി. പകരം ചൈന അമേരിക്കൻ ഉത്പന്നങ്ങൾക്ക് 10%വും, അമേരിക്ക ചൈനീസ് ഉത്പന്നങ്ങൾക്ക് 30%വും തീരുവ ഉറപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും ധാരണകൾക്ക് പുറത്ത് വ്യാപാര ചർച്ചകൾ തുടരുകയും ചെയ്യും.
അമേരിക്കൻ വിപണിക്കും ഇന്ന് തീ പിടിക്കുമെന്നുറപ്പാണ്. അമേരിക്കൻ ടെക്ക് ഫ്യൂച്ചർ 4% നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും നേട്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നത്.
തകർന്ന് സ്വർണം
യുദ്ധ ഭീതിക്ക് പിന്നാലെ സ്വർണത്തെ വല്ലാത കൊതിപ്പിച്ച വ്യാപാര യുദ്ധവും ഒഴിവാകുന്നത് സ്വർണത്തിന് തിരുത്തൽ നൽകി. രാജ്യാന്തര വിപണിയിൽ സ്വർണം ഇന്ന് ഔൺസിന് 130 ഡോളർ വീണ് 3212 ഡോളർ വരെയെത്തി.
ഇന്ന് മാത്രം 3%ൽ കൂടുതൽ വീണ സ്വർണത്തിന് വ്യാപാരക്കരാറുകളുടെ ഗതി വഴികളും, വരാനിരിക്കുന്ന പണപ്പെരുപ്പക്കണക്കുകളും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും നിർണായകമാണ്.
മെറ്റൽ , ക്രൂഡ് ഓയിൽ മുന്നേറും
അമേരിക്ക-ചൈന വ്യാപാരക്കരാറിന്റെ പിന്തുണയിൽ ക്രൂഡ് ഓയിലും, ബേസ് മെറ്റലുകളും മുന്നേറ്റം നടത്തി. ബ്രെന്റ് ക്രൂഡ് ഓയിലിനൊപ്പം അലുമിനിയവും ഇന്ന് 3% മുന്നേറ്റം നടത്തി. കോപ്പറും, നാച്ചുറൽ ഗ്യാസും ഓരോ ശതമാനവും മുന്നേറി.
സ്വര്ണ വിലയ്ക്കൊപ്പം വെള്ളിയും ഇന്ന് ഏഷ്യൻ വിപണി സമയത്ത് 2%ൽ കൂടുതൽ നേട്ടമുണ്ടാക്കി.
നാളത്തെ റിസൾട്ടുകൾ
ഗെയിൽ, ഗാർഡൻ റീച് ഷിപ്ബിൽഡേഴ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോഴ്സ്, ഭാരതി എയർടെൽ, സിപ്ല, ഗ്ലാക്സോ, മാക്സ് ഫിനാൻസിൽ സർവീസ്, സീമെൻസ്, ഹണിവെൽ ഓട്ടോമേഷൻ, പട്ടേൽ എഞ്ചിനിയറിങ്, അനൂപ് എഞ്ചിനിയറിങ്, ഐടി ഡി സിമെന്റേഷൻ, ബട്ടർഫ്ളൈ, വിഎസ്ടി റ്റില്ലേഴ്സ്, ടിഎൻപിഎൽ, വിഐപി ഇൻഡസ്ട്രീസ്, അനുപം രാസായൻ, ആദിത്യ ബിർള ക്യാപിറ്റൽ, അലമ്പിക് ലിമിറ്റഡ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക