സ്വകാര്യ മേഖലയിലെ മുൻനിര ബാങ്കായ യെസ് ബാങ്കിന് പുതിയ നാഥനെത്തുന്നു. ജാപ്പനീസ് ധനകാര്യ ഭീമനായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോർപ്പറേഷ ( SMBC ) നാണ് നിലവിൽ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കിങ് വമ്പന്മാരുടെ പക്കലുള്ള യെസ് ബാങ്ക് ഓഹരികൾ വാങ്ങാനെത്തുന്നത്. റിസർവ് ബാങ്കും കേന്ദ്രസര്‍ക്കാരും 51 ശതമാനം വരെ യെസ് ബാങ്ക് ഓഹരി വിൽക്കാമെന്ന് പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. എസ് ബിഐ നേതൃത്വം നൽകുന്ന ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് എന്നീ ബാങ്കുകളുൾപ്പടെയുള്ള കൺസോർഷ്യമാണ് ഇപ്പോൾ യെസ് ബാങ്കിനുള്ളത്. ഇതിൽ എസ്ബിഐയുടെ 20 ശതമാനം ഓഹരികളിൽ നിന്ന് 13,483 കോടി രൂപയ്ക്ക് 13.19 ശതമാനമുൾപ്പടെ വിഹിതം വാങ്ങുന്നതിനാണ് ആർബിഐയുടെ അനുമതി നൽകിയത്. 

ഇതോടെ യെസ് ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാര വേളയിൽ 9 ശതമാനം വരെ ഉയർന്നിരുന്നു. 2.35 ശതമാനമുയർന്ന് 20.49 രൂപയിലാണ്  വ്യാപാരം അവസാനിച്ചത്. ഇടപാടിലൂടെ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾക്ക് 330 കോടി മുതൽ 9000 കോടി രൂപ വരെ നേടാനാകുമെന്നാണ് അറിയുന്നത്. 

ഇടപാടിൽ നേട്ടം

സ്വകാര്യ മേഖലയിലെ മുൻനിരക്കാരായ യെസ് ബാങ്കിനെ ഏറ്റെടുത്ത് ഇന്ത്യയിലേയ്ക്ക് എസ്എംബിസി കടന്നുവരുന്നതിനെ ബാങ്കിങ് രംഗത്തുള്ളവർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കിങ് കണ്‍സോർഷത്തിന് ഇടപാടിൽ നിന്ന് നല്ല നേട്ടം കിട്ടുമ്പോൾ ആക്സിസ്  ബാങ്കിന് ലോകോത്തര ബാങ്കിങ് വൈദഗ്ധ്യം, റിസ്ക് മാനേജ്മെന്റ് നടപടികൾ, മൂലധന നിക്ഷേപം എന്നിവയെല്ലാം ലഭിക്കും.

മാറ്റം അടിമുടി

പുതിയ നിക്ഷേപകർ വരുന്നതോടെ യെസ് ബാങ്കിന്റെ പ്രവർത്തന ശൈലിയും നിക്ഷേപവും വായ്പയുമുൾപ്പടെയുള്ള ബാങ്കിങ് ഉൽപ്പന്നങ്ങളെല്ലാം അടിമുടി മാറാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മെട്രോകളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യെസ് ബാങ്ക് അവതരിപ്പിക്കുന്ന വായ്പാ നിക്ഷേപ ഉൽപ്പന്നങ്ങൾ റിസർവ് ബാങ്കിന്റെ ചട്ടക്കൂടിൽ നിന്നു കൊണ്ട് തന്നെ പുതിയ തലത്തിൽ അവതരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഈ മാറ്റങ്ങൾ യെസ് ബാങ്കിനെ മാത്രമല്ല ഇന്ത്യൻ ബാങ്കിങ് മേഖലയെ തന്നെ ഒരു പുതിയ കാഴ്ചപ്പാടിലേയ്ക്ക് നയിച്ചേക്കാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)