
ഇന്ത്യൻ ക്രിക്കറ്റിലെ (Indian Cricket) രണ്ടു അതികായന്മാർ ടെസ്റ്റ് ക്രിക്കറ്റിൽ (Test Cricket) നിന്ന് ഒരുമിച്ച് പടിയിറങ്ങുന്നു. വിരാട് കോലിയും (Virat Kohli) രോഹിത് ശർമയും (Rohit Sharma). കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും അവിസ്മരണീയമായ ഒട്ടനവധി നിമിഷങ്ങൾ ആരാധകർക്ക് സമ്മാനിച്ചാണ് ഇരുവരുടെയും വിരമിക്കൽ. ഇരുവരും ഏകദിന ക്രിക്കറ്റിൽ തുടരും. ക്രിക്കറ്റിലെന്ന പോലെ ബ്രാൻഡുകളുടെയും കിങ് ആണ് വിരാട്. രോഹിത് ശർമയാകട്ടെ നിരവധി ബ്രാൻഡുകളുടെ ഹിറ്റ്മാനും.
2008ൽ ഇന്ത്യയുടെ ദേശീയ ടീം കുപ്പായമണിഞ്ഞ വിരാട് കോലിയുടെ ആസ്തി 1,050 കോടി രൂപയോളമാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്ക് (Anushka Sharma) 250 കോടി രൂപയുടെ ആസ്തിയുമുണ്ട്. സംയോജിത ആസ്തി 1,250 കോടി രൂപയോളം. ക്രിക്കറ്റിൽ നിന്ന് ബിസിസിഐയുടെ (BCCI) കരാർ പ്രകാരമുള്ള കോടികളുടെ വേതനം നേടുന്നതിന് പുറമെ, വിവിധ കമ്പനികളുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ കോലി വാരിക്കൂട്ടുന്നതും കോടികൾ.
ഐപിഎൽ (IPL) വഴി മാത്രം ഇതിനകം 200 കോടിയിലധികം രൂപ ഇന്ത്യയുടെ ഈ മുൻ ക്യാപ്റ്റൻ നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഏതാണ്ട് 30ഓളം ബ്രാൻഡുകളുടെ അംബാസഡറാണ് കോലി. എംആർഎഫ്, ഔഡി ഇന്ത്യ, പ്യൂമ, മിന്ത്ര, പെപ്സി, നെസ്ലെ, കോൾഗേറ്റ്, റോങ്, ഫിലിപ്സ്, ഹീറോ, ഫാസ്ട്രാക്ക്, ഹെഡ് ആൻഡ് ഷോൾഡേഴ്സ്, മാന്യവർ, ടൊയോട്ട, മൊബൈൽ പ്രീമിയർ ലീഗ് തുടങ്ങിയവ അതിലുൾപ്പെടുന്നു. പ്യൂമയുമായുള്ള കഴിഞ്ഞ 8 വർഷത്തെ സഹകരണം കോലി അവസാനിപ്പിച്ചതായും സൂചനകളുണ്ട്.
ഏകദേശം 300 കോടി രൂപയുടെ പുതിയ കരാർ നിരസിച്ചാണ് കോലി പ്യൂമയോട് വിടപറയുന്നത്. സ്വന്തം സ്പോർട്സ്വിയർ ബ്രാൻഡായ എജിലിറ്റാസിനെ കൂടുതൽ വളർച്ചയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അറിയുന്നു. എജിലിറ്റാസിന്റെ കോ-ക്രിയേറ്ററും ബ്രാൻഡ് അംബാസഡറുമായി കോലി തുടരും. അതേസമയം, കമ്പനിയിൽ കോലിയുടെ നിക്ഷേപമെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കോലിക്കും അനുഷ്കയ്ക്കും മുംബൈയിലും ഗുരുഗ്രാമിലും കോടികളുടെ മൂല്യമുള്ള വസതികളുണ്ട്. ഔഡി, ബെന്റ്ലി, ബെൻസ് തുടങ്ങിയവയുടെ വാഹനങ്ങളും ഇവർക്കുണ്ട്. കായികമേഖലയുടെയും കായികരംഗത്ത് ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുടെയും ക്ഷേമം ഉന്നമിട്ടുള്ളതാണ് കോലി 2013ൽ ആരംഭിച്ച വിരാട് കോലി ഫൗണ്ടേഷൻ (വികെഎഫ്). ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലും വികെഎഫ് ഊന്നൽ നൽകുന്നുണ്ട്.
ഹിറ്റ്മാൻ രോഹിത്!
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയുടെ വിരമിക്കൽ പ്രഖ്യാപനവും അപ്രതീക്ഷിതമായിരുന്നു. ക്രിക്കറ്റിൽ നിന്നും വിവിധ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലുമായി രോഹിത് ശർമ സ്വന്തമാക്കിയ ആസ്തി ഏകദേശം 218 കോടി രൂപയാണ്. അഡിഡാസ്, സിയറ്റ്, രസ്ന, മാക്സ് ലൈഫ് ഇൻഷുറൻസ്, സ്വിഗ്ഗി, ഐഐഎഫ്എൽ ഫിനാൻസ്, ഡ്രീം11, ഓറൽ-ബി തുടങ്ങിയവ രോഹിത്തുമായി സഹകരിക്കുന്ന ബ്രാൻഡുകളാണ്. ശരാശരി 5 കോടി രൂപയാണ് രോഹിത് ഓരോ ബ്രാൻഡിൽ നിന്നും നേടുന്നതെന്നാണ് റിപ്പോർട്ടുകൾ.
കോലിയെപ്പോലെ ആഡംബര വാഹന കളക്ഷൻ രോഹിത്തിനുമുണ്ട്. ലംബോർഗിനി ഉറൂസ്, മെഴ്സിഡീസ്-ബെൻസ് എസ്-ക്ലാസ് 350ഡി, ജിഎൽഎസ് 400ഡി, ബിഎംഡബ്ല്യു എം5, റേഞ്ച് റോവർ എച്ച്എസ്ഇ എന്നിവ അതിലുൾപ്പെടുന്നു. മുംബൈയിൽ കോടികളുടെ മൂല്യമുള്ള വസതിയുമുണ്ട്.
വിരമിച്ചാലും ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ തിളക്കത്തിന് മങ്ങലേൽക്കാറില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. മുൻ ക്യാപ്റ്റൻ കൂടിയായ ‘തല’ എം.എസ്. ധോണി ഇപ്പോഴും 800 കോടിയിലധികം രൂപയുടെ ബ്രാൻഡ് മൂല്യമുള്ള താരമാണ്. കോലി കഴിഞ്ഞാൽ രണ്ടാമതാണ് ധോണി. 766 കോടി രൂപയുടെ ബ്രാൻഡ് മൂല്യവുമായി സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ മൂന്നാമതുണ്ട്. രോഹിത് നാലാമതാണ്.