മലയാളിയുടെ വിളവെടുപ്പ് ഉൽസവമാണ് വിഷു. ആ ദിവസം വിഷു കണി കണ്ട് ഉണരുന്നത് പണ്ടേയുള്ള ശീലവുമാണ്.
ലോകത്തിന്റെ ഏതുഭാഗത്തായാലും അവിയലും തോരനും കൂട്ടുകറിയും അച്ചാറും പപ്പടവും കൂട്ടി വിഷു സദ്യ കഴിക്കാനും മലയാളി മറക്കാറില്ല. എന്നാൽ കുട്ടിക്കാലം മുതൽ വിഷു ആഘോഷങ്ങളുടെ പ്രധാന ആകർഷണം ഇതൊന്നുമല്ല.
മുതിർന്നവരുടെ അനുഗ്രഹത്തോടൊപ്പം കൈകളിലേക്ക് വച്ചുതരുന്ന വിഷുക്കൈനീട്ടമാണ്.
കുട്ടിക്കാലം മുതൽ എന്റെ വിഷു ആഘോഷങ്ങൾ തുടങ്ങുന്നത് രാവിലെ അച്ഛന്റെ നാട്ടിൽ നിന്നാണ്. ഉച്ചയ്ക്ക് അമ്മയുടെ വീട്ടിലേക്ക് പോകും.
രണ്ടു വീടുകളിൽ നിന്ന് കൈനീട്ടം കിട്ടുമെന്നതാണ് ഇതിലെ പ്രത്യേകത. അന്നത്തെ കാലത്ത് ഒരു ടീഷർട്ടും ജീൻസും വാങ്ങാൻ ഇതുതന്നെ ധാരാളം.
കാലം മാറി.
പണ്ട് വിഷുക്കൈനീട്ടത്തിനായി കൊതിയോടെ കാത്തിരുന്ന ഞാൻ മക്കൾക്കും അനന്തരവന്മാർക്കും കൈനീട്ടം കൊടുക്കാനും തരത്തിൽ വളർന്നു. ഇത്തവണ എല്ലാവർക്കും കൈനീട്ടം കൊടുക്കുന്നതിനൊപ്പം ഭാവിയിലേക്കു കൂടി ഉപകാരപ്പെടുന്ന ഒരു എസ്ഐപി സമ്മാനിച്ചാലോ എന്നാണ് ചിന്ത.
പക്ഷേ എങ്ങനെയാണ് വിഷുക്കൈനീട്ടമായി എസ്ഐപി സമ്മാനിക്കുന്നതെന്ന് അറിയാമോ?
എസ്ഐപി രൂപത്തിൽ കുട്ടികൾക്ക് 100 രൂപ സമ്മാനിക്കാനുള്ള ആദ്യ ഘട്ടം നിങ്ങളുടെ മക്കളുടെ പേരിൽ മൈനർ ഡിമാറ്റ് അക്കൗണ്ട് തുടങ്ങുകയെന്നാണ്. ഇനി ബന്ധുക്കളുടെ മക്കൾക്കാണ് ഇത് സമ്മാനിക്കുന്നതെങ്കിൽ അവരുടെ മക്കളുടെ പേരിൽ സമാനമായ അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെടാം.
കുട്ടികൾക്ക് വേണ്ടി 100 രൂപയുടെ എസ്ഐപി തുടങ്ങുക വളരെ എളുപ്പമുള്ള കാര്യമാണ്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.
സ്റ്റെപ്പ് 1 – ഒരു മൈനർ പാൻ കാർഡ്
എസ്ഐപി പോലുള്ള നിക്ഷേപങ്ങൾ തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കുട്ടിക്ക് പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
ഇതിനായി ബന്ധപ്പെട്ട വെബ്സൈറ്റിൽ അപേക്ഷ നൽകാവുന്നതാണ്.
സിംപിളായ സ്റ്റെപ്പുകളിലൂടെ ഇത് പൂർത്തിയാക്കാം. അല്ലെങ്കിൽ തൊട്ടടുത്ത അക്ഷയ സെന്ററിലെത്തിയാലും ഇത് ചെയ്യാം.
ഇതിനോടകം പാൻ കാർഡ് ഉണ്ടെങ്കിൽ ഈ ഘട്ടം ഒഴിവാക്കാവുന്നതാണ്.
സ്റ്റെപ്പ് 2 – മൈനർ ബാങ്ക് അക്കൗണ്ട്
ഏതെങ്കിലും ബാങ്കിന്റെ ശാഖയിലെത്തി പാൻ, ആധാർ കാർഡുകൾ നൽകി അപേക്ഷ സമർപ്പിച്ചാൽ ‘മൈനര്‍ ബാങ്ക് അക്കൗണ്ട്’ തുറക്കാം. കുട്ടികളെ കൂടെക്കൂട്ടാനും മറക്കരുത്.
ബാങ്കിങ് സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നത് ചെറുപ്രായത്തിലേ മനസിലാക്കുന്നത് നല്ലതല്ലേ.
സ്റ്റെപ്പ് 3 – ഒരു മൈനൽ ഡീമാറ്റ് അക്കൗണ്ട്
ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ടാകേണ്ടത് നിർബന്ധമാണ്. ഓഹരി ബ്രോക്കർമാരുടെ വെബ്സൈറ്റിലെത്തിയാൽ വളരെ എളുപ്പത്തില്‍ ഇത് തുടങ്ങാം.
ഇതിന് ചിലപ്പോൾ നിങ്ങളുടെ പേരിലും ഡിമാറ്റ് അക്കൗണ്ട് വേണ്ടി വരും. രക്ഷകർത്താവിന്റെ ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെടുത്തി സെക്കൻഡറി അക്കൗണ്ടായിട്ടാകും കുട്ടിയുടേത് തുറക്കാൻ കഴിയുക.
ഇതിനായി കുട്ടിയുടെ പാൻ കാർഡ്, ജനനത്തീയതി എന്നിവ നൽകേണ്ടി വരും.
അപേക്ഷ നൽകിയാൽ 2 മുതൽ 3 വരെ പ്രവർത്തി ദിവസങ്ങൾ കൊണ്ട് ഇതു തുറക്കാം. ഇനി സമയമില്ല, പെട്ടെന്ന് പൂർത്തിയാക്കിയാലേ വിഷു ദിവസം എസ്ഐപി കൈനീട്ടം അയയ്ക്കാൻ പറ്റൂ.
സ്റ്റെപ്പ് 4 – എസ്ഐപി
ഇനിയാണ് കുട്ടിയുടെ എസ്ഐപി എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത്.
ഒന്നുകിൽ എസ്ഐപി സമ്മാനമായി നൽകാം. 100 രൂപ മുതൽ എസ്ഐപി ഗിഫ്റ്റ് ആയി നൽകാനുള്ള സൗകര്യമുണ്ട്. ഇതിനായി ഗിഫ്റ്റ് – ട്രാൻസ്ഫർ സൗകര്യമാണ് ഉപയോഗിക്കേണ്ടത്.
അല്ലെങ്കിൽ പ്രതിമാസം എത്ര രൂപയാണ് കുട്ടിയുടെ എസ്ഐപിയിലേക്ക് പോകുന്നതെന്ന് സെറ്റ് ചെയ്യാനും പറ്റും.
ഡീമാറ്റ് അക്കൗണ്ട് തുറന്ന് മൂച്വൽ ഫണ്ട് പോർട്ടലിൽ തിരഞ്ഞാൽ ഏതു എസ്ഐപി പ്ലാനാണ് തിരഞ്ഞെടുക്കേണ്ടതെന്ന് മനസിലാക്കാം. ഇനി എല്ലാമാസവും കൃത്യമായി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് കുട്ടിയുടെ എസ്ഐപിയിലേക്ക് പണം പോകാനുള്ള സംവിധാനമാണ്.
ഇതിനായി ഡെബിറ്റ് മാന്‍ഡേറ്റ് പൂർത്തിയാക്കണം.
ഇങ്ങനെ ചെയ്താൽ എന്തുഗുണം
നിങ്ങളുടെ മക്കളുടെ പേരിൽ എസ്ഐപി ആരംഭിക്കുന്നതിന് മറ്റു ചില ഗുണങ്ങളുമുണ്ട്.
∙
സാമ്പത്തിക സാക്ഷരത
– കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം സാമ്പത്തിക മേഖലയിലും അറിവു നൽകേണ്ടത് അത്യാവശ്യമാണ്. എസ്ഐപിയിലെ നിക്ഷേപം ട്രാക്ക് ചെയ്യാനും വാല്യൂവേഷൻ കണക്കാക്കാനും ശീലിപ്പിക്കുന്നതിലൂടെ സാമ്പത്തിക മേഖലയെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ കുട്ടികൾക്ക് സാധിക്കും.
∙ഓഹരി എങ്ങനെ? നേരത്തെ അറിയാം
– എപ്പോഴും നേട്ടത്തിലേക്ക് മാത്രം കുതിക്കുന്ന ഒന്നല്ല ഓഹരി വിപണികൾ.
പലപ്പോഴും വിപണിയിലെ നഷ്ടത്തെയും നിക്ഷേപകൻ നേരിടേണ്ടി വരും. ഈ സന്ദർഭങ്ങളിൽ റിസ്ക് എടുക്കുന്നത് നേട്ടമുണ്ടാക്കുമെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാകുന്നത് ഭാവിയിൽ വലിയ ഓഹരി നിക്ഷേപങ്ങൾ നടത്താന്‍ അവരെ സഹായിക്കും.
∙സമയത്തിന്റെ വില പഠിക്കും
– സമയം ആസ്തികളുടെ നല്ല സുഹൃത്തും ബാധ്യതകളുടെ ശത്രുവാണെന്നുമാണ് പറയാറുള്ളത്.
പണം കൊണ്ട് ആസ്തിയാണോ ബാധ്യതകളാണോ സൃഷ്ടിക്കേണ്ടതെന്ന് കുട്ടികളെ ശീലിപ്പിക്കാൻ പറ്റിയ അവസരമാണിത്.
∙നിക്ഷേപത്തിന് റെഡിയാക്കാം
– ഒരു ജോലിയൊക്കെ കിട്ടി ശമ്പളക്കാരായി മാറിയാൽ പണം എങ്ങനെ ചെലവഴിക്കണമെന്നും അത് എങ്ങനെ സമ്പാദ്യത്തിലേക്ക് മാറ്റാമെന്നും എസ്ഐപിയിലൂടെ കുട്ടികൾക്ക് ശീലമാകും. കിട്ടുന്ന പണം മുഴുവൻ ചെലവഴിച്ച് തീര്‍ക്കുന്നതിന് പകരെ സമ്പാദ്യത്തിലേക്ക് മാറ്റാനായിരിക്കും അവർ ശ്രമിക്കുക.
അപ്പോൾ അത്രയേയുള്ളൂ.
ഇനി എന്തിന് കാത്തിരിക്കണം. ഉടൻ കുട്ടികളുടെ പേരിൽ ഒരു ഡീമാറ്റ് അക്കൗണ്ട് തുറന്ന് എസ്ഐപി തുടങ്ങൂ.
അവരുടെ സാമ്പത്തിക ജീവിതം ഭദ്രമാകട്ടെ. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

