ഹോർമുസിലെ തടസത്തെ തുടർന്നുണ്ടായ ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്. റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ബംഗ്ലദേശിലേക്ക് കൊണ്ടുപോകാനാണ് ആലോചന.
പ്ലാൻ നടപ്പിലായാൽ ക്രൂഡ് ഓയിൽ ഇറക്കുമതി, ഇന്ത്യയിലെ ശുദ്ധീകരണം, തിരികെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്നത് എന്നിവ അടക്കമുള്ള ചെലവുകൾ ബംഗ്ലദേശ് വഹിക്കും. ഇത് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ വരുമാനം നേടാനുള്ള സാധ്യതയാണ്.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബംഗ്ലദേശിലെ ഏക എണ്ണ ശുദ്ധീകരണ കമ്പനിയായ ഈസ്റ്റേൺ റിഫൈനറി ലിമിറ്റഡ് പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ വേണ്ടിയുള്ളതാണ്. ഇവിടെ റഷ്യൻ യുറാൽ പോലുള്ള ‘ഹെവിയർ’ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷിയില്ല.
1968ൽ സ്ഥാപിച്ച ഈസ്റ്റേൺ റിഫൈനറിയിൽ പ്രതിവർഷം 15 ലക്ഷം ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷിയാണുള്ളത്. ഇത് രാജ്യത്തിന് മതിയാകുന്നില്ല.
ഇതിനെ തുടർന്ന് ഡീസൽ, പെട്രോൾ, ജെറ്റ് ഫ്യുവൽ എന്നിവയെല്ലാം വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്താണ് ബംഗ്ലദേശ് മുന്നോട്ടു പോകുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യതയും വർധിപ്പിക്കുന്നുണ്ട്.
ബംഗ്ലദേശ് കേന്ദ്ര ബാങ്കിന്റെ കണക്കു പ്രകാരം 2024–25 സാമ്പത്തിക വർഷം 66,344 കോടി ഢാക്കയാണ് (ഏകദേശം 50,000 കോടി ഇന്ത്യൻ രൂപ) എണ്ണ ഇറക്കുമതിക്കായി രാജ്യം ചെലവിട്ടത്.
എന്നാൽ ഹോർമുസ് വഴിയുള്ള എണ്ണ ഗതാഗതം മുടങ്ങിയതോടെ ബംഗ്ലദേശിലെ എണ്ണ പ്രതിസന്ധി രൂക്ഷമായി. തുടർന്നാണ് ഇന്ത്യയുടെ സഹായം തേടിയത്.
ബംഗ്ലദേശിനു വേണ്ടി ഇന്ത്യയാണ് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യേണ്ടത്. ഇന്ത്യൻ കമ്പനികളിൽ ഇത് ശുദ്ധീകരിക്കണം.
തുടർന്ന് ബംഗ്ലാദേശിലേക്ക് എത്തിച്ചു നൽകുകയും വേണം. മുഴുവൻ ചെലവും ബംഗ്ലദേശ് വഹിക്കും.
ഇതുവഴി രാജ്യത്തിന്റെ ഇറക്കുമതി ചെലവ് നിയന്ത്രിക്കാമെന്നും ബംഗ്ലദേശ് കരുതുന്നു. കൂടാതെ എൽപിജി ഇറക്കുമതിക്കായി യുഎഇയുടെ സഹായവും ബംഗ്ലദേശ് തേടുന്നുണ്ട്.
ഡീസൽ കയറ്റുമതി
നിലവിൽ ബംഗ്ലദേശിലേക്ക് ഇന്ത്യ ഡീസല് കയറ്റുമതി ചെയ്യുന്നുണ്ട്.
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്ന് ബംഗ്ലാദേശിലെ പാർവതിപൂരിലേക്ക് നീളുന്ന ഡീസൽ പൈപ്പ് ലൈൻ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ഭാരത് പെട്രോളിയത്തിന് കീഴിലുള്ള നുമാലിഗഡ് റിഫൈനറിയിൽ നിന്ന് 15 വർഷത്തേക്ക് ഡീസൽ ഇറക്കുമതി ചെയ്യാൻ 2023ലാണ് ബംഗ്ലദേശ് ഇന്ത്യയുമായി കരാർ ഒപ്പിടുന്നത്.
2026ൽ ഇന്ത്യ 1.2 ലക്ഷം ടൺ ഡീസൽ ബംഗ്ലദേശിലേക്ക് കയറ്റുമതി ചെയ്തു. പ്രതിവർഷം 1.8 ലക്ഷം ടൺ ഡീസൽ നൽകാമെന്നാണ് വ്യവസ്ഥ.
പ്രതിസന്ധി രൂക്ഷം
ആവശ്യമായി വരുന്നതിന്റെ 95 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലദേശ്.
ക്രൂഡ് ഓയിൽ വില വർധിക്കുകയും കപ്പൽ ഗതാഗതത്തിന് തടസം നേരിടുകയും ചെയ്തതോടെ രാജ്യം വലിയ പ്രതിസന്ധിയിലാണ്. സബ്സിഡിയും പെട്രോളിനും ഡീസലിനും റേഷനിങും ഏർപ്പെടുത്തിയാണ് ബംഗ്ലദേശ് ഇതിനെ നേരിടുന്നത്.
എന്നാൽ പെട്രോളും ഡീസലും ലഭിക്കാൻ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ്.
മൂന്നു മണിക്കൂർ കാത്തിരുന്നാലാണ് ഡീസൽ കിട്ടുന്നത്. ഇത് രാജ്യത്ത് വിലക്കയറ്റവും സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

