കൊച്ചി ∙ കുറഞ്ഞ വിലയിൽ ഹരിത ഇന്ധനമെന്ന വിശേഷണത്തോടെ അവതരിപ്പിച്ച സിഎൻജിയുടെ വില തീപിടിച്ച് ഉയരുന്നതു കിലോഗ്രാമിനു 90 രൂപയിലേക്ക്. വില വർധന പൊള്ളിക്കുന്നത് ആയിരക്കണക്കിന് ഉപയോക്താക്കളെ. പെട്രോൾ – ഡീസൽ വില കുതിച്ചു കൊണ്ടിരുന്ന കാലത്താണു സിഎൻജി ആശ്വാസമായി അവതരിച്ചത്. ആ പ്രതീക്ഷയും മങ്ങുകയാണ്.

2016ൽ 50 രൂപയ്ക്കു മുകളിൽ മാത്രം വിലയുണ്ടായിരുന്ന സിഎൻജിക്ക് ഇപ്പോൾ വില 89.90 രൂപ. കഴിഞ്ഞ 6 മാസത്തിനിടെ വർധിച്ചത് 6.90 രൂപ. കൊച്ചിയിൽ ഡീസൽ – സിഎൻജി വിലവ്യത്യാസം കഷ്ടിച്ചു 4.70 രൂപ. ഒരു കിലോഗ്രാം സിഎൻജി ഏകദേശം 1.08 ലീറ്റർ ഡീസലിനു തുല്യമാണ്. 

ഡീസലിനെക്കാൾ മെച്ചമെന്ന പ്രതീക്ഷയിൽ ലക്ഷങ്ങൾ മുടക്കി സിഎൻജി കിറ്റ് ഘടിപ്പിച്ച സ്വകാര്യ ബസ് ഉടമകൾക്കാണു വലിയ തിരിച്ചടി. 110 കിലോഗ്രാം ഇന്ധനം നിറയ്ക്കാവുന്ന ടാങ്കും അനുബന്ധ സംവിധാനങ്ങളും ഉൾപ്പെട്ട സിഎൻജി കിറ്റിന് 7.5 ലക്ഷം രൂപ വരെയാണു ബസ് ഉടമകൾ ചെലവിട്ടത്.  ഒട്ടേറെ ടാക്സി കാറുകളും ഓട്ടോറിക്ഷകളും സിഎൻജിയിലേക്കു മാറിയിരുന്നു. സ്വകാര്യ കാറുകളും ധാരാളമുണ്ട്.

English Summary:

CNG price hike in Kochi reaches ₹90 per kg, significantly impacting consumers. The substantial increase negates the initial cost benefits of CNG compared to petrol and diesel.