
ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ സ്വന്തം നാടാണ് അമേരിക്ക. എന്നിട്ടും, സ്വന്തം രാജ്യത്ത് ഐഫോൺ നിർമിക്കുകയെന്നത് ഇപ്പോഴും ആപ്പിളിനു സ്വപ്നം മാത്രം. പ്രസിഡന്റ് ആയിരിക്കെ, ബറാക് ഒബാമ നേരിട്ട് അന്നത്തെ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സിനോട് ഐഫോണുകൾ അമേരിക്കയിൽ നിർമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ‘അതു നടക്കുമെന്ന് തോന്നുന്നില്ല’ എന്നായിരുന്നു ജോബ്സിന്റെ മറുപടി.
ആ സംഭാഷണം കഴിഞ്ഞിട്ട് ഒന്നരപതിറ്റാണ്ടാവുന്നു. യുഎസിന് പുതിയ പ്രസിഡന്റുമാർ മാറിമാറി വന്നു. സ്റ്റീവ് ജോബ്സ് അന്തരിച്ചു. ആപ്പിളിന് പുതിയ സിഇഒ വന്നു. ‘മെയ്ഡ് ഇൻ യുഎസ്എ’ ഐഫോൺ ഇന്നും അമേരിക്കക്കാർക്ക് സ്വപ്നം മാത്രം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഐഫോൺ യുഎസിൽ തന്നെ നിർമിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നതായി അടുത്തിടെ വൈറ്റ്ഹൗസ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, ആപ്പിളോ കമ്പനിയുടെ സിഇഒ ടിം കുക്കോ പ്രതികരിച്ചിട്ടില്ല.
ചൈനയാണ് ആശ്രയം
80 ശതമാനം ഐഫോണുകളും ആപ്പിൾ നിർമിക്കുന്നത് നിലവിൽ ചൈനയിൽ. ബാക്കി വിയറ്റ്നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും. ഇന്ത്യയിൽ ആപ്പിളിന്റെ ഐഫോൺ നിർമാണം കുതിച്ചുയരുകയാണ്. ട്രംപ് ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ പകരച്ചുങ്കം പ്രഖ്യാപിക്കുകയും ചൈനയ്ക്കുമേൽ കൂടുതൽ ചുങ്കം ഏർപ്പെടുത്തുകയും ചെയ്തത് ആപ്പിളിനും വൻ തിരിച്ചടിയായിരുന്നു.
പകരച്ചുങ്കം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയിൽ നിന്ന് 15 ലക്ഷത്തോളം ഐഫോണുകളാണ് (ഏകദേശം 600 ടൺ) യുഎസിലേക്ക് ആപ്പിൾ വിമാനമാർഗം കൊണ്ടുപോയത്. ഇതിനായി ഇന്ത്യയിലെ ഉൽപാദനം കൂടുതൽ ഉഷാറാക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടെന്നാൽ, ഇന്ത്യക്കുമേൽ ട്രംപ് പ്രഖ്യാപിച്ചതും 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നതും 26% പകരച്ചുങ്കമാണ്. അതേസമയം, ചൈനയ്ക്കുമേലുള്ള ചുങ്കം 145 ശതമാനമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയെ കൂടുതലായി ആശ്രയിക്കാതെ ആപ്പിളിനു തരമില്ല.
100 ടൺ വീതം വഹിച്ച 6 കാർഗോ വിമാനങ്ങളാണ് ചെന്നൈയിൽ നിന്ന് യുഎസിലേക്ക് പറന്നതെന്നാണ് റിപ്പോർട്ടുകൾ. കസ്റ്റംസ് ക്ലിയറൻസ് സമയം ഇതിനായി 30 മണിക്കൂറിൽ നിന്ന് 6 മണിക്കൂറായി വെട്ടിക്കുറയ്ക്കണമെന്ന് ആപ്പിൾ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഇന്ത്യയുടെ സ്മോർട്ഫോൺ കയറ്റുമതി 2 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് ആദ്യമായി പിന്നിട്ടിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉൽപന്നവും ഇപ്പോൾ സ്മാർട്ഫോണുകളാണ്.
എന്തുകൊണ്ട് ഐഫോൺ യുഎസിൽ നിർമിക്കുന്നില്ല?
വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവാണ് മുഖ്യകാരണം. മറ്റൊന്ന്, ചൈനയെ അപേക്ഷിച്ച് യുഎസിൽ വേതനം വൻതോതിൽ കൂടുതലാണെന്നതാണ്. ഐഫോൺ 16 നിർമിക്കാൻ ചൈനയിൽ ഓരോ മണിക്കൂറിനും തൊഴിലാളിക്ക് 3.63 ഡോളർ കൊടുക്കണം. അതേസമയം, കാലിഫോർണിയയിൽ മിനിമം വേതനം മണിക്കൂറിന് 16.50 ഡോളറാണ്. അസംബ്ലിങ്, ടെസ്റ്റിങ് എന്നിവ ഉൾപ്പെടെ ഐഫോണിന് തൊഴിലാളി വേതനം ചൈനയിൽ 40 ഡോളറേയുള്ളൂ. അമേരിക്കയിലാണെങ്കിൽ 200 ഡോളർ കൊടുക്കേണ്ടി വരുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ അനലിസ്റ്റ് വംസി മോഹൻ അഭിപ്രായപ്പെട്ടതായി സിഎൻബിസി വ്യക്തമാക്കി.
അമേരിക്കയിൽ നിർമിച്ചാൽ വില എന്താകും?
മെയ്ഡ് ഇൻ യുഎസ്എ ഐഫോണിന് അമേരിക്കക്കാർ കൂടുതൽ വില നൽകേണ്ടി വരുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. തൊഴിലാളി വേതനം കൂടുതലാണെന്നതു തന്നെ പ്രധാനകാരണം. നിലവിൽ ഐഫോൺ 16 പ്രൊയ്ക്ക് 1,199 ഡോളറാണ് വില. അമേരിക്കയിൽ നിർമിച്ചാൽ വില 1,500 മുതൽ 3,500 ഡോളർ വരെയാകാമെന്നാണ് വിലയിരുത്തൽ.