നീണ്ട ഒരുവർഷക്കാലം ‘ചുമന്ന’ നമ്പർ വൺ ‘ചീത്തപ്പേര്’ ജനുവരിയിൽ തെലങ്കാനയ്ക്ക് കൈമാറിയ കേരളം, കഴിഞ്ഞമാസം രണ്ടാംസ്ഥാനം രാജസ്ഥാനും കൊടുത്തു നില മെച്ചപ്പെടുത്തി!
ജനങ്ങൾ നിത്യേന വാങ്ങുന്ന ഉൽപന്ന/സേവനങ്ങൾക്ക് വിലക്കയറ്റത്തോത് (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന പട്ടം തുടർച്ചയായ രണ്ടാംമാസവും നിലനിർത്തി തെലങ്കാന. ഫെബ്രുവരിയിൽ മൂന്നാമതായി.
രാജസ്ഥാനാണ് രണ്ടാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
2025 ജനുവരി മുതൽ ഡിസംബർ വരെ തുടർച്ചയായി 12 മാസമാണ് കേരളം ഇന്ത്യയിൽ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന മോശം പ്രതിച്ഛായ പേറിയത്.
കേന്ദ്രസർക്കാർ റീട്ടെയ്ൽ പണപ്പെരുപ്പം കണക്കാക്കുന്നതിന്റെ അടിസ്ഥാന വർഷം (ബേസ് ഇയർ) 2012ൽ നിന്ന് 2024 ആക്കിയശേഷം പുറത്തുവന്ന ആദ്യ റിപ്പോർട്ട് ഈ വർഷം ജനുവരിയിലേതായിരുന്നു. അതിലാണ് കേരളം രണ്ടാംസ്ഥാനത്തേക്ക് നിലമെച്ചപ്പെടുത്തിയതും തെലങ്കാന ഒന്നാമതായതും.
ഫെബ്രുവരിയിലെ കണക്കനുസരിച്ച് 5.02 ശതമാനമാണ് തെലങ്കാനയിലെ പണപ്പെരുപ്പം.
ജനുവരിയിൽ ഇത് 4.92 ശതമാനമായിരുന്നു. 3.53 ശതമാനവുമായാണ് രാജസ്ഥാൻ രണ്ടാമതായത്.
കേരളത്തിലെ പണപ്പെരുപ്പം ജനുവരിയിലെ 3.67 ശതമാനത്തിൽനിന്ന് 3.50 ശതമാനത്തിലേക്ക് കുറഞ്ഞു.
∙ തെലങ്കാനയിൽ ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) 3.30 ശതമാനവും രാജസ്ഥാനിൽ 2.87 ശതമാനവുമേയുള്ളൂ. കേരളത്തിൽ ഇത് ആശങ്കപ്പെടുത്തുംവിധം 6.17 ശതമാനമാണ്.
∙ ആന്ധ്രാപ്രദേശ് ആണ് പണപ്പെരുപ്പത്തിൽ നാലാമത് (3.45%), ആന്ധ്രയിൽ ഭക്ഷ്യവിലപ്പെരുപ്പം 3.64%.
ബംഗാളാണ് 5-ാം സ്ഥാനത്ത്; പണപ്പെരുപ്പം 3.44%. ഭക്ഷ്യവിലപ്പെരുപ്പം 5.54%.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് പണപ്പെരുപ്പം ഏറ്റവും കുറവ്.
ദേശീയതലത്തിൽ കടുത്ത ആശങ്ക
ദേശീയതലത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം കഴിഞ്ഞമാസം ജനുവരിയിലെ 2.74ൽ നിന്ന് 3.2 ശതമാനമായി ഉയർന്നു. മാർച്ചിലേക്ക് എത്തുമ്പോൾ യുദ്ധപശ്ചാത്തലത്തിലും എൽപിജി പ്രതിസന്ധിയുടെ സാഹചര്യത്തിലും പണപ്പെരുപ്പം ഇതിലും കൂടുമെന്നാണ് പൊതുവിലയിരുത്തൽ.
രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടിയതും ആനുപാതികമായി എൽപിജി വില വർധിച്ചതും തിരിച്ചടിയാണ്.
∙ റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ 4 ശതമാനത്തിന് അടുത്തേക്ക് വീണ്ടും അടുക്കുകയാണ് പണപ്പെരുപ്പം.
നിലവിലെ ആഗോള സമ്പദ്പശ്ചാത്തലത്തിൽ അടുത്ത പണനയ യോഗത്തിൽ റിസർവ് ബാങ്ക് പലിശഭാരം കുറയ്ക്കാനുള്ള സാധ്യത മങ്ങി.
∙ ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) 2.13 ശതമാനത്തിൽ നിന്ന് 3.47 ശതമാനത്തിലേക്ക് കൂടിയതാണ് കേന്ദ്ര സർക്കാരിനെയും റിസർവ് ബാങ്കിനെയും കൂടുതൽ ആശങ്കപ്പെടുത്തുക.
വില കൂടിയതും കുറഞ്ഞതും
∙ വെള്ളി, സ്വർണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങൾ, തേങ്ങ/കൊപ്ര, തക്കാളി, കോളിഫ്ലവർ എന്നിവയ്ക്കാണ് കഴിഞ്ഞമാസം രാജ്യത്ത് വിലനിലവാരം ഏറ്റവുമധികം ഉയർന്നത്. ∙
വില കുറഞ്ഞവ
: വെളുത്തുള്ളി, സവാള, ഉരുളക്കിഴങ്ങ്, പരിപ്പ്, ലിച്ചി
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

