പശ്ചിമേഷ്യയിലെ അശാന്തി തുടരുമെന്ന ആശങ്കയില്‍ നിക്ഷേപകർ. വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരുവിഭാഗവും.
ലക്ഷ്യങ്ങൾ കാണാതെ യുദ്ധം നിർത്തില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേലിന്റെയും നിലപാട്. ക്രൂഡ് ഓയിൽ വില ബാരലിന് 200 ഡോളറിലെത്തിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി ക്രൂഡ് ഓയിൽ പോലും തങ്ങളുടെ അനുമതിയില്ലാതെ പോകില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഇതോടെ ക്രൂഡ് ഓയിൽ വില ഉയരുകയും രാജ്യാന്തര ഓഹരി വിപണികളെ നഷ്ടത്തിലാക്കുകയും ചെയ്തു.
ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്ത ഇന്ത്യൻ വിപണി ഇന്നും ഇടിവ് തുടരാനാണ് സാധ്യത.
ക്രൂഡ് 200 ഡോളർ
ഹോർമുസ് കടലിടുക്കിൽ ഇന്നലെ ചരക്കു കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇറാഖിന് സമീപം രണ്ട് കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി.
വിപണിയിലേക്ക് കൂടുതൽ ക്രൂഡ് ഓയിൽ എത്തിക്കാനുള്ള യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും തീരുമാനം അട്ടിമറിക്കാനാണ് ഇറാന്റെ ആക്രമണമെന്നാണ് കരുതുന്നത്. നിലവിൽ ഹോർമുസ് വഴി ഇറാന്റെ അനുമതിയില്ലാതെ കപ്പലുകളൊന്നും കടന്നു പോകുന്നില്ല.
100 ഡോളറിന് തൊട്ടടുത്തുള്ള ക്രൂഡ് ഓയിൽ വില 200 ഡോളറിലെത്തിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന് ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ഷാഡോ ഫ്ളീറ്റിലെ കപ്പലുകൾ ഉപയോഗിച്ച് ഹോർമുസ് കടന്നു പോകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
രണ്ട് ഇന്ത്യൻ കപ്പലുകള്‍ക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗാച്ചി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇന്ത്യൻ ടാങ്കറുകളായ പുഷ്പക്, പരിമൾ എന്നിവക്കാണ് അനുമതി.
എന്നാൽ യുഎസ്, യൂറോപ്, ഇസ്രയേൽ കപ്പലുകൾക്ക് വിലക്ക് തുടരുമെന്നും ഇറാൻ പറയുന്നു.
നഷ്ടം തുടർന്ന് വിപണി
ഇന്നലെ ഇന്ത്യൻ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്ലോസിങിൽ സെൻസെക്സ് 1,342 പോയിന്റുകളും നിഫ്റ്റി 394.75 പോയിന്റും ഇടിഞ്ഞു.
വ്യാപാരാന്ത്യം സെൻസെക്സ് 76,863.71ലും നിഫ്റ്റി 23,866.85ലുമെത്തി. ഏതാണ്ടെല്ലാ മേഖലകളിലെ ഓഹരികളിലും കനത്ത വിൽപന സമ്മർദമാണ് അരങ്ങേറിയത്.
ബുധനാഴ്ച യുഎസ് വിപണികളിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
ഡോ സൂചിക 0.61 ശതമാനവും എസ് ആൻഡ് പി 0.08 ശതമാനവും നഷ്ടത്തിലായി. എന്നാൽ നാസ്ഡാക് 0.08 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ക്രൂഡ് ഓയിൽ വില ഉയരുന്നതും ഇറാൻ യുദ്ധം അവസാനിക്കാത്തതുമാണ് നിക്ഷേപകരെ അങ്കലാപ്പിലാക്കുന്നത്. ഇന്ധന വില ഉയർന്നത് യുഎസില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാമ്പത്തിക വളർച്ച കുറയ്ക്കുമെന്നും നിക്ഷേപകർക്ക് ആശങ്കയുണ്ട്.
യൂറോപ്യൻ വിപണികളും ഇന്നലെ ഇടിവിലായിരുന്നു.
യുഎസ് വിപണിയിലെ നഷ്ടം ഇന്ന് ഏഷ്യയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഏഷ്യ – പസഫിക് മേഖലയിലെ ഓഹരി വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഓസ്ട്രേലിയൻ വിപണി 1.5 ശതമാനം ഇടിഞ്ഞു. ജപ്പാനിലെ നിക്കെയ് സൂചിക അര ശതമാനത്തിന് മുകളിൽ നഷ്ടത്തിലായി.
ഹോങ്കോങ്, ഷാൻഹായ്, കോസ്പി സൂചികകളും സമാനമായ നഷ്ടം നേരിടുകയാണ്.
ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് താഴ്ന്ന് വ്യാപാരം തുടങ്ങാനാണ് സാധ്യത. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവാണ്.
ക്രൂഡ് ഓയിൽ വിലയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിപണിയെ സമ്മർദത്തിലാക്കും. നിക്ഷേപകർ ജാഗ്രതയോടെ നീങ്ങാനാണ് സാധ്യത.
ക്രൂഡ് ഓയിൽ കയറുന്നു
ഇറാൻ യുദ്ധത്തിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നു.
ഇന്ധന ക്ഷാമം പരിഹരിക്കാൻ രാജ്യാന്തര ഊർജ ഏജൻസിയിലെ (ഐഇഎ) അംഗ രാജ്യങ്ങൾ 40 കോടി ബാരൽ എണ്ണ വിപണിയിൽ ഇറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യാന്തര എണ്ണ ശേഖരത്തിൽ നിന്ന് ആദ്യമായാണ് ഇത്രയധികം ബാരൽ ഒരുമിച്ചു വിപണിയിൽ എത്തിക്കുന്നത്.
അടിയന്തര ആവശ്യങ്ങൾക്കായി ഐഇഎ അംഗ രാജ്യങ്ങൾ 1.2 ബില്യൻ ബാരൽ ക്രൂഡ് ഓയിലാണ് ശേഖരിച്ചിരിക്കുന്നത്.
ക്രൂഡ് ഓയില്‍ വിലയിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുന്ന നീക്കമല്ല ഇതെന്നാണ് കരുതുന്നത്. നിലവിൽ ഡബ്ല്യുടിഐ ക്രൂഡ് ഏഴ് ശതമാനം ഉയർന്ന് 93 ഡോളറിലാണ്.
ബ്രെന്റ് 98 ഡോളർ പിന്നിട്ടു. മർബൻ 100 ഡോളറിലാണ്.
വില ഇനിയും കയറുമെന്നാണ് കരുതുന്നത്.
സ്വർണം ഇടിഞ്ഞു
അതേസമയം,രാജ്യാന്തര വിപണിയിൽ സ്വർണം, വെള്ളി വില ഇടിവിലാണ്. ഔൺസിന് 5,200 ഡോളറിന് താഴെ എത്തിയ സ്വർണം നിലവില്‍ 1.5 ശതമാനത്തോളം ഇടിവിൽ 5,170 ഡോളറിലാണ്.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് യുഎസിൽ പണപ്പെരുപ്പം വർധിക്കുമെന്ന ആശങ്ക ശക്തമാക്കി. ഇതോടെ യുഎസ് ഫെഡറല്‍ റിസർവ് ഇക്കൊല്ലം അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ലെന്നും വിപണി കരുതുന്നു.
യുഎസ് ഡോളർ ശക്തിയാർജിച്ചതും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും അടുത്ത ദിവസങ്ങളിലും സ്വർണവിലയെ ബാധിച്ചേക്കും. ഇന്നലെ രാവിലെ ഉയർന്ന കേരളത്തിലെ സ്വർണവില വൈകുന്നേരത്തോടെ ഇടിഞ്ഞിരുന്നു.
ഇന്നും വില കുറയാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

