ജനങ്ങൾ നിത്യേന വാങ്ങുന്ന സാധനങ്ങൾക്ക് ഇന്ത്യയിൽ ഏറ്റവുമധികം വിലവർധിക്കുന്ന സംസ്ഥാനമെന്ന ചീത്തപ്പേര് കഴിഞ്ഞ 12 മാസം തുടർച്ചയായി ചുമന്ന കേരളത്തിന് 13-ാം മാസം വൻ ആശ്വാസം. കേരളത്തിൽ നിന്ന് ആ പട്ടം കഴിഞ്ഞമാസം തെലങ്കാന തട്ടിയെടുത്തെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട
റിപ്പോർട്ട് വ്യക്തമാക്കി.
4.92% റീട്ടെയ്ൽ പണപ്പെരുപ്പവുമായാണ് (ചില്ലറ വിലക്കയറ്റത്തോത്) തെലങ്കാന ജനുവരിയിൽ ഒന്നാമതായത്. കേരളത്തിൽ പണപ്പെരുപ്പം 3.67%.
തമിഴ്നാട് (3.36%), രാജസ്ഥാൻ (3.17%), കർണാടക (2.99%) എന്നിവയാണ് ടോപ് 5ലുള്ള മറ്റ് സംസ്ഥാനങ്ങൾ. കേന്ദ്രസർക്കാർ റീട്ടെയ്ൽ പണപ്പെരുപ്പം കണക്കാക്കുന്നതിന്റെ അടിസ്ഥാന വർഷം (ബേസ് ഇയർ) 2012ൽ നിന്ന് 2024 ആക്കിയശേഷം പുറത്തുവന്ന ആദ്യ റിപ്പോർട്ടാണിത്.
2012 അടിസ്ഥാന വർഷമായിരുന്ന കണക്കുകൂട്ടലിൽ ഭക്ഷ്യവസ്തുക്കൾക്കായിരുന്നു അപ്രമാദിത്തം.
പുതിയ സീരീസിൽ ഇതു കുറഞ്ഞുവെന്നതാണ് പ്രധാനമാറ്റം. ഭക്ഷ്യവസ്തുക്കളുടെ വെയിറ്റേജ് പുത്തൻ സീരീസിൽ 40 ശതമാനത്തിനും (36.75%) താഴെയെത്തി.
ഭക്ഷ്യേതര വസ്തുക്കളുടേത് 45 ശതമാനത്തിന് താഴെയായിരുന്നത് 60 ശതമാനത്തിന് മുകളിലുമായി. പുതിയ സീരീസിൽ ഗ്രാമീണമേഖലകളിലെ ഉപഭോഗത്തിന്റെ വെയിറ്റേജും ഉയർത്തിയിട്ടുണ്ട്.
കേരളത്തിന് വമ്പൻ ആശ്വാസം
2025 ജനുവരി മുതൽ ഡിസംബർ വരെ തുടർച്ചയായി 12 മാസമാണ് കേരളം ഇന്ത്യയിൽ വിലക്കയറ്റത്തോത് ഏറ്റവും ഉയരത്തിലുള്ള സംസ്ഥാനമെന്ന മോശം പ്രതിച്ഛായ പേറിയത്.
ഇക്കഴിഞ്ഞ ഡിസംബറിൽ 9.49 ശതമാനമായിരുന്നു കേരളത്തിലെ പണപ്പെരുപ്പം. പുതിയ സീരീസ് പ്രകാരം കഴിഞ്ഞമാസത്തെ പണപ്പെരുപ്പം 3.67%.
ഒരു ശതമാനത്തിനും താഴെ പണപ്പെരുപ്പമുള്ള അസം, മിസോറം, മണിപ്പുർ എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് വിലക്കയറ്റത്തോത് ഏറ്റവും കുറവ്.
ദേശീയതലത്തിൽ 2.75%
പുതിയ സീരീസ് പ്രകാരം ദേശീയതലത്തിൽ പണപ്പെരുപ്പം കുതിച്ചുകയറുകയാണ് കഴിഞ്ഞമാസം ചെയ്തത്. പഴയ സീരീസ് പ്രകാരം ഡിസംബറിലെ 1.33 ശതമാനത്തിൽ നിന്ന് പുത്തൻ കണക്കനുസരിച്ച് ജനുവരിയിൽ പണപ്പെരുപ്പം 2.75 ശതമാനമായി.
റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ 4 ശതമാനത്തിനും ഏറെ താഴെയാണിതെന്നത് ആശ്വാസമാണ്.
സ്വർണവും തേങ്ങയും
കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും ഏറ്റവും ആശങ്കപ്പെടുത്തുന്ന ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) ജനുവരിയിൽ 2.13 ശതമാനമാണ്. ഡിസംബറിൽ ഇത് നെഗറ്റീവ് ആയിരുന്നു.
കഴിഞ്ഞമാസം രാജ്യത്ത് വെള്ളി ആഭരണം, തക്കാളി, തേങ്ങ:കൊപ്ര, സ്വർണം/വജ്രം/പ്ലാറ്റിനം ആഭരണം, വെളിച്ചെണ്ണ എന്നിവയ്ക്കാണ് ഏറ്റവുമധികം വില കൂടിയത്.
∙ പണപ്പെരുപ്പം ഏറ്റവും കുറഞ്ഞവ: വെളുത്തുള്ളി, ഉള്ളി, ഉരുളക്കിഴങ്ങ്, പരിപ്പ്, ഗ്രീൻപീസ്. ∙ ടോപ് 5 സംസ്ഥാനങ്ങളിൽ ഭക്ഷ്യവിലപ്പെരുപ്പം കൂടുതൽ കേരളത്തിലാണ് (7.21%).
തെലങ്കാനയിൽ 2.74 ശതമാനമേയുള്ളൂ. ∙ തമിഴ്നാട്ടിൽ 2.33%, രാജസ്ഥാനിൽ 1.95%, കർണാടകയിൽ 2.92%.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

