സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഇടപെടാനുറച്ച് യുഎസ്. ഇറാനെതിരെ ശക്തമായ സൈനിക നടപടിയ്ക്കുള്ള സാധ്യതകൾ പരിശോധിക്കുകയാമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഇറാനെതിരായ സൈനിക നടപടിയെക്കുറിച്ച് വിശദീകരിക്കാൻ ചൊവ്വാഴ്ച്ച സേനാ മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാൻ പരിധി ലംഘിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. നിരപരാധികളായ നിരവധി പേരാണ് കൊല്ലപ്പെടുന്നത്.
ഇത് ഗൗരവമായാണ് ഞങ്ങൾ കാണുന്നത്. ഇക്കാര്യം സൈന്യവുമായി ചർച്ച ചെയ്യുന്നുണ്ട്.
പ്രക്ഷോഭകാരികളെ സഹായിക്കാൻ ഇറാനിൽ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ഏര്‍പ്പെടുത്താൻ ഇലോൺ മസ്കിനോട് നിർദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ യുഎസ് ആക്രമണമുണ്ടായാൽ ഇസ്രയേലിനെയും യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്നാണ് ഇറാന്റെ പ്രതികരണം. കഴിഞ്ഞ വർഷം യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഖത്തറിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു.
ഇനിയും ഇത് ആവർത്തിക്കുമോയെന്നതാണ് ആശങ്ക.
ഫെഡ് ചെയർമാനെ പൂട്ടാൻ ട്രംപ്
അമേരിക്കൻ ഡോളറിനും യുഎസ് ഓഹരി ഫ്യൂച്ചറുകൾക്കും വീഴ്ച്ച. ഫെഡ് ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് ഭരണകൂടം ക്രിമിനൽ അന്വേഷണം നടത്തുന്നുവെന്ന വാർത്തകളാണ് തിരിച്ചടിയായത്. യുഎസിലെ കേന്ദ്രബാങ്കായി പ്രവർത്തിക്കുന്ന ഫെഡ് റിസർവാണ് രാജ്യത്തെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്നത്.
ചെയർമാനെതിരെ ക്രിമിനൽ കേസെടുക്കാനുള്ള തീരുമാനം ഫെഡറൽ റിസർവിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് തിരിച്ചടിയാകുമെന്നാണ് നിക്ഷേപകർ കരുതുന്നത്.
ഇതോടെ യുഎസ് ഡോളർ 0.2 ശതമാനത്തോളം താഴ്ന്നു. ഫെഡ് കേന്ദ്ര ഓഫീസിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് അന്വേഷണം.
യുഎസ് അടിസ്ഥാന പലിശ നിരക്ക് സംബന്ധിച്ച നയങ്ങളെ തുടർന്നാണ് തനിക്കെതിരായ നീക്കമെന്ന് പവൽ പറയുന്നു. വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണോ അതോ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണോ അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കേണ്ടതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഫെഡ് ചെയർമാനുമായി ഡോണൾഡ് ട്രംപ് ഏറെക്കാലമായി നല്ല സുഖത്തിലല്ല.
ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് വിദഗ്ധർ പറയുന്നത്. ട്രംപുമായി ഏറ്റുമുട്ടാൻ ഒരുങ്ങിയാണ് ഫെഡ് ചെയർമാന്റെയും നീക്കം.
ഇത് വിപണിയ്ക്ക് നല്ലതല്ലെന്നും വിദഗ്ധർ പറയുന്നു.
ഏഷ്യൻ വിപണികള്‍ നേട്ടത്തിൽ
വെള്ളിയാഴ്ച പുറത്തുവന്ന യുഎസ് തൊഴിൽ കണക്കുകൾ ഇന്ന് ഏഷ്യൻ വിപണികളെ ഉയർത്തി. പ്രതീക്ഷിച്ചതിലും കുറഞ്ഞ അളവിലാണ് പുതിയ തൊഴിൽ അവസരങ്ങൾ.
തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനത്തിലേക്ക് താഴ്ന്നു. ഇതോടെ ഇക്കൊല്ലം യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായി.
ട്രംപിന്റെ താരിഫ് വിഷയത്തിൽ തീരുമാനമെടുക്കാൻ യുഎസ് സുപ്രീം കോടതിയ്ക്ക് കഴിയാത്തതും വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. ഇന്ന് ജാപ്പനീസ് ഓഹരി വിപണിക്ക് അവധിയാണ്.
ഷാൻഹായ് സൂചിക 0.42 ശതമാനവും ഹോങ് കോങ് സൂചിക 0.37 ശതമാനവും ഉയർന്നു.
അഞ്ചാം ദിവസവും നഷ്ടം
ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച്ച തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലായി. ഏതാണ്ട് 13 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് ഇത്രയും ദിവസത്തിൽ നഷ്ടമായത്. വിദേശ നിക്ഷേപകർ ഓഹരി വിറ്റൊഴിച്ചതാണ് പ്രധാന കാരണം.
വെള്ളിയാഴ്ച്ച വിദേശനിക്ഷേപകർ 3,769 കോടി രൂപയുടെ അറ്റവിൽപ്പനക്കാരായി. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു.
0.1 ശതമാനം നഷ്ടത്തിൽ 90.1625 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡ് പരിശോധിച്ചാൽ ഇന്ന് ഇന്ത്യൻ വിപണി ഫ്ളാറ്റായോ നഷ്ത്തിലോ വ്യാപാരം തുടങ്ങുമെന്നാണ് വിദഗ്ധർ പറയുന്നത് .
ക്രൂഡ് ഇടിഞ്ഞു, പിന്നെ കയറി സ്വർണം കയറ്റത്തിൽ
ഒക്ടോബറിന് ശേഷമുള്ള വലിയ കയറ്റത്തിന് ശേഷം ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച് ഒരുവേള ഇടിഞ്ഞു.
ഡബ്ല്യൂടിഐ 0.14 ശതമാനവും ബ്രെന്റ് 0.13 ശതമാനവും മർബൻ 0.25 ശതമാനവുമാണ് താഴേക്കുപോയത്. എങ്കിലും, ഇപ്പോൾ വില വർധിക്കാനുള്ള സൂചനകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. മർബൻ 0.41% നേട്ടം തിരികെപ്പിടിച്ചു.
ഡബ്ല്യുടിഐ, ബ്രെന്റ് എന്നിവ 0.09 ശതമാനവും. ഇറാനിലെ പ്രക്ഷോഭമാണ് ക്രൂഡ് ഓയിൽ വിലയെ കയറ്റിയത്.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവും വെള്ളിയും കയറ്റത്തിലാണ്. സ്വർണം ഔൺസിന് 1.7 ശതമാനം ഉയർന്ന് 4,568 ഡോളറിലെത്തി.
വെള്ളി നാല് ശതമാനത്തോളം ഉയർന്ന് 82.45 ഡോളറെന്ന നിലയിലാണ്. ഇതോടെ സംസ്ഥാനത്തും ഇന്ന് സ്വർണ, വെള്ളി വില ഉയരുമെന്ന് ഉറപ്പായി.
ശനിയാഴ്ച്ച പവന് 1,03,000 രൂപയെന്ന നിലയിലായിരുന്നു സ്വർണവില.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

