വെനസ്വേലയെ ‘കീഴ്പ്പെടുത്തി’യതിന് പിന്നാലെ, കഴിഞ്ഞ ഏറെ വർഷങ്ങളായി വെനസ്വേലയുടെ ‘കനിവോടെ’ പിടിച്ചുനിൽക്കുന്ന ക്യൂബയെയും വിരട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായി ഉടൻ ഒത്തുതീർപ്പ് ഡീലിലെത്താൻ ക്യൂബ തയാറാകണമെന്നും അല്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
‘‘നിലവിൽ വെനസ്വേല നൽകുന്ന എണ്ണയും പണവുമാണ് ക്യൂബയെ പിടിച്ചുനിർത്തുന്നത്.
പക്ഷേ, ക്യൂബ സ്വയം തകരുകയാണ്. ഡീലിനായി മുന്നോട്ടുവന്നില്ലെങ്കിൽ ഇനി എണ്ണയുമില്ല, പണവുമില്ല.
വെറും സീറോ’’ – ട്രംപ് പറഞ്ഞു. വെനസ്വേലയിലെ പോലെ ഭരണമാറ്റമാണ് ക്യൂബയിലും ട്രംപ് ആഗ്രഹിക്കുന്നത്.
മറ്റൊന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന് തടയിടലും.
ക്യൂബൻ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകൾ ടൂറിസവും കൃഷിയുമായിരുന്നു. അമേരിക്കൻ ഉപരോധവും ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളുംമൂലം ഇരു മേഖലകളും തരിപ്പണമായി.
വെനസ്വേല നൽകിയ പണവും പ്രതിദിനമെത്തിയ 27,000 ബാരൽ ക്രൂഡ് ഓയിലുമാണ് ക്യൂബയെ വീഴാതെ നിർത്തുന്നത്. ക്യൂബയ്ക്കുവേണ്ട
മൊത്തം എണ്ണയുടെ പാതിയും നൽകുന്നതും വെനസ്വേലയായിരുന്നു.
നിലവിൽതന്നെ, ക്യൂബയിൽ മിക്കയിടങ്ങളിലും രൂക്ഷമായ ഇന്ധനക്ഷാമമുണ്ട്. ഇത് ഗതാഗതമേഖലയ്ക്ക് പുറമേ കൃഷി, വ്യവസായം തുടങ്ങിയ മേഖലകൾക്കും കനത്ത തിരിച്ചടിയുമാണ്.
ഇതിനിടെയാണ് ഇപ്പോൾ ട്രംപിന്റെ ഭീഷണിയുമെന്നത് ക്യൂബയ്ക്ക് ഇരുട്ടടിയാകും. അതേസമയം, വെനസ്വേലയിൽ ട്രംപ് നടത്തിയത് ഭീകരവാദ പ്രവർത്തനമാണെന്ന് കടന്നാക്രമിച്ചുള്ള ആരോപണവുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയസ്-ക്യാനെൽ രംഗത്തെത്തി.
മഡുറോയെ പിടികൂടിയത് ‘കാടത്തമാണെന്നും’ മിഗ്വേൽ പറഞ്ഞു. അമേരിക്കൻ സൈന്യം വെനസ്വേലയിൽ നടത്തിയ ആക്രമണത്തിൽ നിരവധി ക്യൂബക്കാരും കൊല്ലപ്പെട്ടെന്നും മിഗ്വേൽ ആരോപിച്ചു.
ഇറാനെതിരെ യുദ്ധം? ഗ്രീൻലൻഡിലേക്ക് യുഎസ് പട
ഇറാനെതിരെ യുദ്ധത്തിന് ട്രംപ് ഒരുങ്ങുന്നതിനായി ഇതിനിടെ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിൽ രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ട് ജെൻ സീ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പ്രക്ഷോഭകർക്കുനേരെ ഇറാനിയൻ സേന നടത്തിയ വെടിവയ്പ്പിലും മറ്റും ഇതിനകം 500ലേറെ പേർ കൊല്ലപ്പെട്ടു.
2,000ലേറെ പേർ അറസ്റ്റിലുമായി.
പ്രക്ഷോഭകരെ കൊലപ്പെടുത്താനാണ് നീക്കമെങ്കിൽ ഇറാനിൽ യുഎസ് സൈന്യമിറങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 1979ൽ ആണ് ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് ആകുന്നത്.
യുഎസിന്റെ പിന്തുണയുണ്ടായിരുന്ന ഷാ ഭരണകൂടത്തെ പുറത്താക്കി പരമോന്നത നേതാവ് ആയത്തൊല്ല ഖൊമനയിയുടെ നേതൃത്വത്തിൽ ഭരണം പിടിച്ചെടുക്കുകയായിരുന്നു.
2022 മുതലാണ് ഹിജാബിനെതിരായ പ്രക്ഷോഭത്തോടെ ഇറാനിൽ ഖമനേയി ഭരണത്തിനെതിരായ തരംഗം ആഞ്ഞടിക്കുന്നത്. തുടക്കംമുതൽ പ്രക്ഷോഭകർക്കെതിരെ നിറയൊഴിച്ചും വ്യാപകമായ അറസ്റ്റിലൂടെയും പ്രതിരോധിക്കാനാണ് ഇറാൻ ഭരണകൂടം ശ്രമിക്കുന്നതും.
ഇതിനെതിരെയാണ് ട്രംപ് രംഗത്തെത്തിയത്.
ഇറാൻ ആണവായുധ നിർമാണത്തിൽ നിന്ന് പിന്മാറണം, ഖമനയി നയിക്കുന്ന ഭരണകൂടം പടിയിറങ്ങണം തുടങ്ങിയവയുമാണ് പ്രധാന ആവശ്യങ്ങൾ. ഇറാന്റെ മറ്റൊരു മുഖ്യ എതിരാളിയായ ഇസ്രയേലും ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്.
നിലവിൽതന്നെ, യുഎസ് ഉപരോധം ഉൾപ്പെടെയുള്ള തിരിച്ചടിമൂലം ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
യുഎസ് ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം അനൗദ്യോഗിക വിപണിയിൽ 14 ലക്ഷം കടന്നു. രാജ്യത്ത് പണപ്പെരുപ്പം 40 ശതമാനത്തിനും മുകളിലെത്തി.
ഇറക്കുമതിയും കയറ്റുമതിയും താറുമാറായി. തൊഴിലില്ലായ്മ അതിരൂക്ഷം.
ഈ പശ്ചാത്തലത്തിലാണ് പ്രക്ഷോഭം ആളിക്കത്തുന്നത്. അതേസമയം, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് യുഎസിനും ഇസ്രയേലിനും ഖമനയി മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഗ്രീൻലൻഡ് പിടിച്ചെടുക്കാനായി പ്രത്യേക യുഎസ് സൈന്യത്തെ അയക്കുന്നതും ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
യൂറോപ്യൻ രാഷ്ട്രമായ ഡെന്മാർക്കിന്റെ അധീനതയിലാണ് കാനഡ, അമേരിക്ക എന്നിവയോട് ചേർന്നുകിടക്കുന്ന ദ്വീപായ ഗ്രീൻലൻഡ്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡിനെ സ്വന്തമായി വേണമെന്നാണ് ട്രംപിന്റെ ആവശ്യം.
ഇതിനെതിരെ ഗ്രീൻലൻഡിലെ രാഷ്ട്രീയ പാർട്ടികളും ഡെന്മാർക്കും രംഗത്തുവന്നിരുന്നു.
ട്രംപിനെതിരെ മോദിയുടെ വിമർശനമുന
ഇതിനിടെ, ട്രംപിനെതിരെ പരോക്ഷമായി വിമർശനത്തിന്റെ ഒളിയമ്പ് എയ്ത് പ്രധാനമന്ത്രി മോദി. ലോകം അസ്ഥിരതയുടെ ആഴത്തിലേക്ക് വീഴുമ്പോളും ഇന്ത്യ സ്ഥിരതയുടെ നെടുംതൂണായി നിലകൊള്ളുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഗുജറാത്തിലെ രാജ്കോട്ടിൽ വ്യവസായികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ലോകത്തെ സുപ്രധാന ഏജൻസികളെല്ലാം ഇന്ത്യയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യ ലോക സാമ്പത്തിക വളർച്ചയുടെ എൻജിനാണെന്ന് ഐഎംഎഫ് പറഞ്ഞു.
18 വർഷത്തിനുശേഷം എസ് ആൻഡ് പി ഇന്ത്യയുടെ റേറ്റിങ് ഉയർത്തി. മറ്റൊരു റേറ്റിങ് ഏജൻസിയായ ഫിച്ച് ഇന്ത്യയുടെ സമ്പദ്സ്ഥിരതയെ പുകഴ്ത്തുകയും സാമ്പത്തികനയങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
സുസ്ഥിര സമ്പദ്ശക്തിയായി ലോകം ഇന്ത്യയെ കാണുകയാണെന്നും മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ അനിശ്ചിതമായി നീളുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. മോദി ട്രംപിനോട് മിണ്ടാൻ തയാറാകാത്തതാണ് ഡീൽ വൈകാൻ കാരണമെന്ന് യുഎസ് ആരോപിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

