ലോകത്തെ ഏറ്റവും സമ്പന്നക്ഷേത്രം. പണമായും സ്വർണമായും മറ്റുമുള്ള കാണിക്കയായി മാത്രം പ്രതിവർഷം നേടുന്നത് 1,400 കോടിയിലേറെ രൂപ.
ഓരോ വർഷവും ക്ഷേത്രം സന്ദർശിക്കുന്നത് ഭക്തകോടികൾ. തിരുപ്പതി ഭഗവാന്റെ പേരിൽ വിവിധ ബാങ്കുകളിൽ നിക്ഷേപമായുള്ളത് 11,225 കിലോഗ്രാം സ്വർണം.
ഭാഗവാനെ അണിയിക്കാനുള്ള സ്വർണാഭരണങ്ങളുടെ മാത്രം തൂക്കം 1,000 കിലോയിലധികം. വെള്ളിയാഭരണങ്ങൾ 9,000 കിലോഗ്രാമിലുമേറെ.
തിരുപ്പതി ക്ഷേത്രത്തെ നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പരിധിയിൽ ഏതാണ്ട് 6,000 ഏക്കർ വനഭൂമിയുണ്ട്.
75 സ്ഥലങ്ങളിലായി 7,600 ഏക്കറിലേറെ വരുന്ന ഭൂസ്വത്തും ടിടിഡിക്കുണ്ട്. 1,226 ഏക്കർ കൃഷിഭൂമിയാണ്.
ഇന്ത്യയിലെമ്പാടുമായി ടിടിഡി നിയന്ത്രിക്കുന്നത് 70ലേറെ ക്ഷേത്രങ്ങൾ. ഇതിനെല്ലാം പുറമേ 300ലേറെ സ്ഥലങ്ങളിൽ കല്യാണ മണ്ഡപങ്ങളുണ്ട്.
തിരുപ്പതിയോട് അനുബന്ധിച്ച് പ്രധാനക്ഷേത്രവും ഉപക്ഷേത്രങ്ങളുമടക്കം 12 ക്ഷേത്രങ്ങളാണ് ടിടിഡി നിയന്ത്രിക്കുന്നത്.
14,000ഓളമാണ് ജീവനക്കാർ. ബി.ആർ.
നായിഡുവാണ് ടിടിഡി ചെയർമാൻ. തിരുപ്പതി ക്ഷേത്രം പക്ഷേ, സമീപകാലത്തായി കടന്നുപോകുന്നത് തുടർച്ചയായ വിവാദങ്ങളിലൂടെ.
തിരുപ്പതി ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ലഡ്ഡുവിന്റെ നിർമാണത്തിനായി ഉത്തരാഖണ്ഡ് ആസ്ഥാനമായ പാലുൽപന്ന കമ്പനി 2019 മുതൽ 2024 വരെ വിതരണം ചെയ്തത് വ്യാജ നെയ്യ് ആയിരുന്നെന്ന് സമീപകാലത്താണ് കണ്ടെത്തിയത്.
250 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. വിഷയത്തിൽ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണവും തുടങ്ങി.
തിരുപ്പതിയിൽ കാണിക്കയായി (ഹുണ്ടി) ലഭിച്ച തുകയിൽ നിന്ന് വിദേശ കറൻസികൾ ഒരു ജീവനക്കാരൻ മോഷ്ടിച്ചത് സിസിടിവിയിൽ തെളിഞ്ഞിരുന്നു.
ഇതിന്മേലുള്ള അന്വേഷണവും തുടരുന്നു. 900 ഡോളർ മോഷ്ടിച്ചെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
കേസിൽ അറസ്റ്റിലായ സി. വെങ്കട
രവികുമാർ എന്ന ജീവനക്കാരൻ പിന്നീട് വെളിപ്പെടുത്തിയത് 100 കോടിയിലേറെ രൂപയുടെ മോഷണം ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നായിരുന്നു.
ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ, കഴിഞ്ഞ 10 വർഷത്തിലേറെയായി നടന്നുവന്ന വ്യാജ സിൽക് തട്ടിപ്പും വെളിച്ചത്തായത്. യഥാർഥ പട്ട് എന്ന വ്യാജേന വ്യാജ പട്ടാണ് തിരുപ്പതി ക്ഷേത്രത്തിന് വിതരണം ചെയ്തത്.
ഇതുവഴി 54 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും നിലവിലെ ചെയർമാൻ ബി.ആർ.
നായിഡു ഉൾപ്പെടെയുള്ള ടിടിഡി ഭാരവാഹികളും ജഗൻ മോഹൻ റെഡ്ഡി നയിച്ച മുൻസക്കാരിനെയും മുൻ ടിടിഡി ഭാരവാഹികളെയുമാണ് പഴിചാരുന്നത്.
കഴിഞ്ഞ സർക്കാരാണ് തിരുപ്പതി ലഡ്ഡുവിൽ വ്യാജ നെയ്യും മറ്റും ചേർക്കാൻ കൂട്ടുനിന്നതെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഉത്തരാഖണ്ഡ് ആസ്ഥാനമായ ഭോലെ ബാബ ഡയറി എന്ന കമ്പനിയാണ് ആദ്യം നെയ്യ് ലഭ്യമാക്കിയിരുന്നത്.
ഇവരെ 2022ൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ, ഇവർ മറ്റുപേരുകളിൽ തുടർന്നും വ്യാജ നെയ്യ് വിതരണം ചെയ്യുകയായിരുന്നു എന്നാണ് പിന്നീട് കണ്ടെത്തിയത്.
തിരുപ്പതിയിലെ വൈഷ്ണവി ഡയറി, ഉത്തർപ്രദേശിലെ മാൽ ഗംഗ, തമിഴ്നാട്ടിലെ എആർ ഡയറി ഫുഡ്സ് എന്നീ പേരുകളിലായിരുന്നു തട്ടിപ്പ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

