രാജ്യത്ത് പുതിയ എണ്ണ, വാതകശേഖരം കണ്ടെത്തിയെന്ന അവകാശവാദവുമായി വീണ്ടും പാക്കിസ്ഥാൻ. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കോഹത് നാഷ്പാ ബ്ലോക്കിലാണ് ശേഖരം കണ്ടെത്തിയതെന്ന് പാക്കിസ്ഥാന്റെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ആൻഡ് ഗ്യാസ് ഡവലപ്മെന്റ് കമ്പനി (ഒജിഡിസി) വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ എണ്ണ, വാതക ഉൽപാദക കമ്പനിയാണിത്. നാഷ്പാ ബ്ലോക്കിലെ ബാരഗ്സായ് എക്സ്-01 എണ്ണക്കിണറിലാണ് ശേഖരം.
സാമ്പത്തികഞെരുക്കത്തിലും കടക്കെണിയിലുംപെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാൻ, ഇപ്പോൾ പുതുതായി കണ്ടെത്തിയ എണ്ണ, വാതക ശേഖരങ്ങളുടെ കരുത്തിൽ കരകയറാനാകുമെന്ന പ്രതീക്ഷയിലാണുള്ളത്.
പാക്കിസ്ഥാന്റെ പൊതുമേഖലാ എണ്ണക്കമ്പനികളുമായി സഹകരിച്ച് തുർക്കി എണ്ണക്കമ്പനികൾ തീരക്കടലിൽ എണ്ണ, വാതക പര്യവേക്ഷണം നടത്താൻ തീരുമാനമായിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഖൈബർ പഖ്തൂൺഖ്വ മേഖലയിലും എണ്ണ/വാതക ശേഖരം കണ്ടെത്തിയെന്ന പുതിയ റിപ്പോർട്ട്.
പാക്കിസ്ഥാനിലെ എണ്ണ പര്യവേക്ഷണത്തിന് യുഎസ് കമ്പനികളെത്തുമെന്ന് നേരത്തേ പ്രസിഡന്റ് ട്രംപും വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനും യുഎസും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചെന്നുമാണ് സൂചനകൾ. ടർക്കിഷ് കമ്പനിയായ ടർക്കിഷ് പെട്രോളിയം കോർപറേഷനു (ടിപിഎഒ) പുറമേ മാരി എനർജീസ്, പാക്കിസ്ഥാൻ പെട്രോളിയം, ഒജിഡിസി, ഫാത്തിമ പെട്രോളിയം, ഗവൺമെന്റ് ഹോൾഡിങ്സ് ലിമിറ്റഡ് എന്നീ കമ്പനികളും പര്യവേക്ഷണത്തിനായി കരാർ നേടി.
വർഷങ്ങൾ നീണ്ട
പഠനങ്ങൾക്കൊടുവിലാണ് പാക്കിസ്ഥാന്റെ തീരക്കടലിൽ ക്രൂഡ് ഓയിൽ, ഗ്യാസ് സാന്നിധ്യം തിരിച്ചറിഞ്ഞതെന്ന് പാക്കിസ്ഥാനി മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തെ നാലാമത്തെ വലിയ എണ്ണഖനിയാണിതെന്നാണ് വിലയിരുത്തൽ.
പര്യവേക്ഷണവും ഖനനവും ഉൽപാദനവും യാഥാർഥ്യമായാൽ പാക്കിസ്ഥാന് സാമ്പത്തികമായി അതു വൻ ‘ലോട്ടറി’യാകും.
ഊർജോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും കയറ്റുമതിക്കും പാക്കിസ്ഥാനു കഴിയും. നിലവിൽ ഏറ്റവും വലിയ എണ്ണഖനികളുള്ളത് വെനസ്വേല, സൗദി അറേബ്യ, കാനഡ രാജ്യങ്ങളിലാണ്.
പാക്കിസ്ഥാൻ ഒരുപക്ഷേ ഭാവിയിൽ ഇന്ത്യയിലേക്കും എണ്ണ കയറ്റുമതി ചെയ്തേക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
എണ്ണയ്ക്കും വാതകത്തിനും പുറമേ അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) ശേഖരവും രാജ്യത്തുണ്ടെന്ന് പാക്കിസ്ഥാൻ അടുത്തിടെ വാദിച്ചിരുന്നു. പാക്കിസ്ഥാൻ സംയുക്ത സൈനിക മേധാവി അസിം മുനീർ സമീപകാലത്ത് പലവട്ടം യുഎസ് സന്ദർശിച്ച് റെയർ എർത്ത് സംബന്ധിച്ച് ചർച്ചകളും നടത്തിയിരുന്നു.
ബലൂചിസ്ഥാൻ മേഖലയിലാണ് റെയർ എർത്ത് ശേഖരമുണ്ടെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.
എന്നാൽ പാക്കിസ്ഥാനിൽ റെയർ എർത്ത് ശേഖരമുണ്ടെന്ന വാദം വെറും രാഷ്ട്രീയ തട്ടിപ്പാണെന്ന് അടുത്തിടെ ഓസ്ട്രേലിയ ആസ്ഥാനമായ മൈനിങ് നിരീക്ഷണ മാധ്യമമായ ഡിസ്കവറി അലേർട്ടിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യാന്തരതലത്തിലെ എൻഐ 43-101 സ്റ്റാൻഡേർഡ് പ്രകാരമുള്ള പഠനത്തിലൂടെയാണ് അപൂർവ ധാതുക്കളുടെ റിസർവ് ഉണ്ടെന്ന് തെളിയിക്കേണ്ടത്.
മൂല്യനിർണയം, സാമ്പത്തിക കുതിച്ചുചാട്ടത്തിനുള്ള സാധ്യതകൾ എന്നിവയും ഇതുവഴി ഉറപ്പിക്കാനാകും. എന്നാൽ, ഇത്തരത്തിലുള്ള ഒരു പഠനവും പാക്കിസ്ഥാനിൽ നടന്നിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്.
അപൂർവ ധാതുക്കളുണ്ടെന്ന് (റെയർ എർത്ത് എലമെന്റ്സ്) പാക്കിസ്ഥാൻ പറയുന്നുണ്ടെങ്കിലും ഉൽപാദനം വട്ടപ്പൂജ്യമാണെന്ന് യുഎസിന്റെ ജിയോളജിക്കൽ സർവേ ഡേറ്റയും വ്യക്തമാക്കിയിരുന്നു.
ചില നിരീക്ഷകർ പറയുന്നത് പാക്കിസ്ഥാനിൽ ഒരുലക്ഷം മുതൽ 4 ലക്ഷം ടൺവരെ റെയർ എർത്ത് ഉണ്ടാകാമെന്നതാണ്. അതാകട്ടെ, ഈ രംഗത്തെ പ്രമുഖ രാജ്യങ്ങളുടെ ധാതു സമ്പത്തുമായി താരതമ്യം ചെയ്യുമ്പോൾ തീരെക്കുറവുമാണ്. ചൈനയാണ് 4.4 കോടി ടൺ റെയർ എർത്ത് എലമെന്റ് റിസർവുമായി ലോകത്ത് ഏറ്റവും മുന്നിൽ.
2.2 കോടി ടണ്ണുമായി വിയറ്റ്നാം രണ്ടാമതാണ്. ബ്രസീൽ (2.1 കോടി ടൺ), റഷ്യ (2.1 കോടി ടൺ), ഇന്ത്യ (70 ലക്ഷം ടൺ), അമേരിക്ക (20 ലക്ഷം ടൺ) എന്നിവയാണ് മുൻനിരയിലുള്ള മറ്റ് രാജ്യങ്ങൾ.
6-8 ട്രില്യൻ ഡോളർ ധാതു സമ്പത്തുണ്ടെന്ന് പറയുന്ന പാക്കിസ്ഥാന്റെതന്നെ 2020ലെ ഔദ്യോഗിക കണക്കുപ്രകാരം ഖനനമേഖലയുടെ മൂല്യം വെറും 6.5 ബില്യനാണ് (58,000 കോടി രൂപ).
അതായത്, പാക്ക് സർക്കാരും സൈന്യവും പറയുന്ന വമ്പൻ കണക്കുകൾ രാഷ്ട്രീയ നേട്ടവും ആഗോള ശ്രദ്ധയും കിട്ടാനുള്ള പൊള്ളത്തരം മാത്രമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

