തിരുവനന്തപുരം ∙ യൂറിയ, പൊട്ടാഷ് ഉൾപ്പെടെ കേരളത്തിനുള്ള രാസവളത്തിന്റെ പ്രതിമാസ ക്വോട്ട കേന്ദ്രസർക്കാർ പകുതിയാക്കി.
ഇതിനെതിരെ സംസ്ഥാനം പലതവണ കത്തു നൽകിയിട്ടും ഫലമില്ല. വീണ്ടും ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
കേന്ദ്രസർക്കാരിനു കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് ഫെർട്ടിലൈസേഴ്സ് നൽകുന്ന സപ്ലൈ പ്ലാൻ അനുസരിച്ചാണ് ഓരോ മാസവും സംസ്ഥാനങ്ങൾക്ക് കമ്പനികൾ വളം അനുവദിക്കുന്നത്. ഒക്ടോബറിൽ 15,250 ടൺ യൂറിയയാണ് കേരളത്തിന് അനുവദിക്കേണ്ടതെങ്കിലും 9702.19 ടൺ മാത്രമാണ് നൽകിയത്.
കഴിഞ്ഞ മാസം 14,200 ടൺ അനുവദിക്കേണ്ടയിടത്ത് 6306.985 ടൺ മാത്രം നൽകി.
ഡി അമോണിയം ഫോസ്ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി), നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (എൻപികെ), സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് (എസ്എസ്പി) എന്നിവയുടെ അളവും ഗണ്യമായി വെട്ടിക്കുറച്ചു. ഒക്ടോബർ, നവംബർ മാസത്തിൽ ഡിഎപി യഥാക്രമം 2550, 3100 ടൺ അനുവദിക്കേണ്ടയിടത്ത് കിട്ടിയത് 74.7, 376.5 ടൺ വീതം മാത്രം.
ഒക്ടോബറിൽ 12,000 ടൺ എംഒപിക്കു പകരം കിട്ടിയത് 6321.85 ടൺ. കഴിഞ്ഞ മാസം 18,500 നു പകരം 8874 ടൺ മാത്രം.
ഒക്ടോബർ, നവംബർ മാസങ്ങളിൽ എസ്എസ്പി, 1200, 1000 ടൺ ആണ് കേരളത്തിന് കിട്ടേണ്ടതെങ്കിലും ലഭിച്ചത് യഥാക്രമം 600.4, 129 ടൺ മാത്രം.
കഴിഞ്ഞ മാസം 6ന് കേന്ദ്ര രാസവളം മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വിഡിയോ കോൺഫറൻസിൽ ക്ഷാമം കേരളം ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഒരു കമ്പനി 2956.005 ടൺ വളം അടിയന്തരമായി അനുവദിച്ചു.
ആഴ്ച തോറുമുള്ള കേന്ദ്ര അവലോകന യോഗത്തിൽ കേരളം ആവശ്യകത ആവർത്തിച്ച് അറിയിക്കാറുണ്ടെങ്കിലും വളത്തിന്റെ അളവ് വെട്ടിക്കുറയ്ക്കുന്നതു തുടരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

