ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ കേന്ദ്രസർക്കാർ പിന്തുണച്ചു. ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്നു കുറിച്ചു.
വ്യാപാരചർച്ചകൾ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിനു പരിധിയില്ലാത്ത സാധ്യതകൾ തുറക്കുമെന്നും പ്രതികരിച്ചു.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഫലംകാണുന്നതിനു തടസ്സങ്ങളൊന്നുമില്ലെന്നും പ്രിയസുഹൃത്തായ നരേന്ദ്ര മോദിയുമായി വരും ദിവസങ്ങളിൽ സംസാരിക്കാൻ കാത്തിരിക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ പോസ്റ്റ്.
‘ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണു ഞങ്ങളുടെ സംഘം. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാൻ കാത്തിരിക്കുന്നു.
ഇരു രാജ്യത്തെയും ജനങ്ങൾക്കു കൂടുതൽ തിളക്കമാർന്നതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഒരുമിച്ചു പ്രവർത്തിക്കും’– നരേന്ദ്ര മോദി കുറിച്ചു. യുഎസുമായി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുകയാണെന്നു കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും വ്യക്തമാക്കി.
യുഎസ് ആദ്യം ചുമത്തിയ 25% അധിക തീരുവ പിന്നീട് 50 ശതമാനമാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുകയും വ്യാപാര ചർച്ചകൾ വഴിമുട്ടുകയും ചെയ്തത്.
കഴിഞ്ഞ മാസം ചർച്ചകൾക്കായി ഇന്ത്യയിലെത്താനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കുകയും ചെയ്തു. ട്രംപിന്റെ ഫോൺകോളുകൾ മോദി എടുത്തില്ലെന്നും വാർത്ത പുറത്തുവന്നു.
ഇന്ത്യയും ചൈനയും റഷ്യയും തമ്മിൽ പുതിയ വ്യാപാരകരാറുകളിലേർപ്പെടുന്ന സാഹചര്യംകൂടി കണക്കിലെടുത്താണു ട്രംപിന്റെ നിലപാടുമാറ്റമെന്നാണു വിലയിരുത്തൽ.
അതിനിടെ, മറ്റു രാജ്യങ്ങൾക്കുമേൽ പിഴത്തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിനുള്ള അധികാരം ചോദ്യം ചെയ്യുന്ന ഹർജി യുഎസ് സുപ്രീം കോടതി അതിവേഗ ബെഞ്ചിൽ പരിഗണിക്കാൻ തീരുമാനമെടുത്തതും ട്രംപിനു തിരിച്ചടിയായി.
വ്യാപാരക്കരാർ പ്രതിസന്ധിയിലായെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചർച്ചകൾ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രത്തിനും ഏറെ ആശ്വാസമാണ്.
അതേസമയം, റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ഇന്നലെ ട്രംപ് ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെയാണു നിലപാടു മാറ്റി ചർച്ച ഫലപ്രദമാകുമെന്ന പോസ്റ്റിട്ടത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]