യുക്രെയ്നെതിരായ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി പോളണ്ടിന്റെ വ്യോമപാതയും ലംഘിച്ച് റഷ്യയുടെ ഡ്രോണുകൾ. 19 തവണ റഷ്യൻ ഡ്രോണുകൾ വ്യോമപരിധി ലംഘിച്ചെന്ന് വ്യക്തമാക്കിയ പോളണ്ട്, നാറ്റോ സേനയ്ക്കൊപ്പം ചേർന്ന് ഡ്രോണുകളെല്ലാം വെടിവച്ചു വീഴ്ത്തിയെന്നും വ്യക്തമാക്കി.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം പോളണ്ട് സംഘർഷത്തിന്റെ പടിവാതിലിൽ എത്തുന്നത് ആദ്യമാണ്. മേഖലയിൽ നാറ്റോ സേന സുരക്ഷയും പരിശോധനകളും ശക്തമാക്കി.
റഷ്യൻ പ്രസിഡന്റ് പുട്ടിന്റേത് കൈവിട്ട കളിയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കും തുറന്നടിച്ചു.
യുക്രെയ്നുമായുള്ള വെടിനിർത്തൽ നീക്കങ്ങൾക്ക് പുട്ടിൻ തന്നെ തടയിടുകയാണെന്ന വിമർശനമാണ് യൂറോപ്യൻ രാഷ്ട്രങ്ങൾ ഉയർത്തുന്നത്.
റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂണിയൻ. പുട്ടിന്റെ യുദ്ധഫണ്ടിന് തടയിടാനെന്നോണം ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% ഇറക്കുമതി തീരുവ ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് പോളണ്ടിനെയും പ്രകോപിപ്പിച്ച് റഷ്യയുടെ ഡ്രോൺ നീക്കങ്ങൾ.
നിലവിൽതന്നെ, യുഎസ് ചുമത്തുന്ന 50% തീരുവ ഇന്ത്യൻ കയറ്റുമതി മേഖലയെ ഉലച്ചിട്ടുണ്ട്. യുഎസിന് ബദലായി യൂറോപ്യൻ യൂണിയനിലേക്ക് ഉൾപ്പെടെ വിപണി വൈവിധ്യവൽക്കരണത്തിന് ശ്രമിക്കുകയുമാണ് ഇന്ത്യൻ കമ്പനികൾ.
ഈ സാഹചര്യത്തിൽ, റഷ്യയെ സമ്മർദത്തിലാക്കാനായി കൂടുതൽ ഉപരോധം പ്രഖ്യാപിച്ചാൽ അത് വൻ തിരിച്ചടിയാവുക ഇന്ത്യയ്ക്കായിരിക്കും. റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന സൂചന യൂറോപ്യൻ കമ്മിഷൻ മേധാവി ഉർസുല ഫോൺ ഡെർ ലേയെൻ നൽകിയിട്ടുമുണ്ട്.
റഷ്യ, റഷ്യയുടെ സുഹൃദ് രാഷ്ട്രമായ ബെലാറൂസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡ്രോണുകളാണ് വ്യോമ പരിധി ലംഘിച്ചതെന്നാണ് പോളണ്ട് ആരോപിക്കുന്നത്.
എന്നാൽ, കഴമ്പില്ലാത്ത ആരോപണങ്ങളാണിതെന്ന് റഷ്യ തിരിച്ചടിച്ചു. പോളണ്ടിനെതിരെ സംഘർഷത്തിന് താൽപര്യമില്ലെന്നും റഷ്യ വ്യക്തമാക്കി.
നാറ്റോ അംഗമാണ് പോളണ്ട്.
നാറ്റോ മേഖലയിൽ അതിക്രമം കാട്ടിയാൽ തിരിച്ചടിക്കുമെന്ന് ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ജോൺ ഹീലി, നാറ്റോയിലെ യുഎസ് അംബാസഡർ മാത്യു വിറ്റേക്കർ എന്നിവർ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. നെതർലൻഡ്സ്, ഇ5 രാജ്യങ്ങളായ ഫ്രാൻസ്, ജർമനി, യുകെ, ഇറ്റലി, പോളണ്ട് എന്നിവ പുട്ടിന്റെ നടപടികളെ ശക്തമായി അപലപിച്ചു.
റഷ്യയുടെ നീക്കങ്ങൾ നാറ്റോയെ കൂടുതൽ ശക്തമാക്കുമെന്നും റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധത്തിന് വഴിതുറക്കുമെന്നും അവർ വ്യക്തമാക്കി.
ട്രംപിന് ‘അപ്രതീക്ഷിത’ ആശ്വാസം
തീരുവ പ്രഖ്യാപനങ്ങൾ യുഎസിൽ വൻ വിലക്കയറ്റത്തിന് വഴിവച്ചേക്കുമെന്ന വിമർശനങ്ങൾക്കിടെ, ഏവരെയും അമ്പരിപ്പിച്ച് താഴ്ന്നിറങ്ങി മൊത്തവില (ഹോൾസെയിൽ) പണപ്പെരുപ്പം. ജൂലൈയിൽ 0.7% വർധന രേഖപ്പെടുത്തിയ മൊത്തവില പണപ്പെരുപ്പം ഓഗസ്റ്റിൽ 0.1 ശതമാനം വളർച്ചയിലേക്ക് താഴ്ന്നു.
നിരീക്ഷകർ പ്രവചിച്ച 0.3 ശതമാനത്തേക്കാളും കുറഞ്ഞതും ആശ്വാസമായി. വാർഷികതലത്തിൽ ജൂലൈയിലെ 3.1 ശതമാനത്തിൽ നിന്ന് 2.6 ശതമാനത്തിലേക്കും പണപ്പെരുപ്പം കുറഞ്ഞതു.
ഇതോടെ, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ ആവശ്യത്തിന് ബലമേറി.
ഈ മാസമാണ് കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവിന്റെ പണനയ നിർണയ യോഗം. പണപ്പെരുപ്പം കുറഞ്ഞതോടെ പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് നിർബന്ധിതരായിട്ടുണ്ട്.
അതേസമയം, ഫെഡറൽ റിസർവ് പ്രധാനമായും ഉറ്റുനോക്കുന്ന റീട്ടെയ്ൽ പണപ്പെരുപ്പം ഇന്നാണ് പുറത്തുവരുന്നത്. റീട്ടെയ്ൽ പണപ്പെരുപ്പം ഉയർന്നാലും പലിശനിരക്ക് കുറയ്ക്കാൻ തന്നെയാണ് സാധ്യത.
ഒറാക്കിൾ കരുത്തിൽ ഓഹരിക്കുതിപ്പ്
റീട്ടെയ്ൽ പണപ്പെരുപ്പം വലയ്ക്കുമോയെന്ന ആശങ്ക നിഴലിക്കുന്നുണ്ടെങ്കിലും യുഎസ് ഓഹരി സൂചികകൾ റെക്കോർഡ് നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി.
എസ് ആൻഡ് പി500 സൂചിക 0.30%, നാസ്ഡാക് 0.03% എന്നിങ്ങനെ ഉയർന്നു.
എസ് ആൻഡ് പി500ന്റേത് എക്കാലത്തെയും ഉയർന്ന ക്ലോസിങ് പോയിന്റാണ്. ഡൗ ജോൺസ് പക്ഷേ, 0.48% താഴ്ന്നു.
റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പുറത്തുവരാനിരിക്കേ, ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 കാര്യമായ മാറ്റമില്ലാതെ വ്യാപാരം നടത്തി.
ഡൗ ജോൺസ് 35 പോയിന്റ് ഉയർന്നു. 0.1 ശതമാനമാണ് നാസ്ഡാക്കിന്റെ നേട്ടം.
ചൈനയിൽ പ്രതിസന്ധി രൂക്ഷം
ജനങ്ങൾ സാമ്പത്തികഞെരുക്കത്തിൽ നിന്ന് മുക്തരായിട്ടില്ലെന്ന് വ്യക്തമാക്കി ചൈനയിൽ കഴിഞ്ഞമാസം ഉപഭോക്തൃ വിലനിലവാരം (കൺസ്യൂമർ പ്രൈസസ്) 0.4% ഇടിഞ്ഞു.
ഡിമാൻഡ് കുറയുന്നതിന്റെ സൂചനയാണിത്. നിരീക്ഷകർ പ്രവചിച്ച 0.2 ശതമാനത്തേക്കാളും ഇടിവാണ് നേരിട്ടത്.
അതേസമയം, മൊത്തവില നിലവാരം ജൂലൈയിലെ 3.6% വീഴ്ചയെ അപേക്ഷിച്ച് ഓഗസ്റ്റിൽ 2.9 ശതമാനമായി കുറഞ്ഞുവെന്നത് ആശ്വാസമാണ്.
∙ ചൈനീസ് ഓഹരി സൂചികയായ ഷാങ്ഹായ് 0.18 ശതമാനം ഉയർന്നു. ഹോങ്കോങ് സൂചിക 0.91% താഴുകയും ചെയ്തു.
∙ ജപ്പാനിൽ നിക്കേയ് 0.96% നേട്ടത്തിലേറി.
യുഎസിൽ മൊത്തവില പണപ്പെരുപ്പം കുറഞ്ഞതും പലിശയിറക്കത്തിന് ലാധ്യത തെളിഞ്ഞതും പൊതുവേ ഏഷ്യൻ വിപണികൾക്കും കരുത്തായി. ∙ ദക്ഷിണ കൊറിയയുടെ കോസ്പി 1.67% ഉയർന്ന് റെക്കോർഡ് കുറിച്ചു.
∙ ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.31% നേട്ടം രേഖപ്പെടുത്തി.
കുതിപ്പു തുടരാൻ ഇന്ത്യയും
തുടർച്ചയായ നേട്ടക്കുതിപ്പ് നിലനിർത്താൻ തന്നെയുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ വിപണി.
ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 10 പോയിന്റ് കയറി. സെൻസെക്സും നിഫ്റ്റിയും ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങിയേക്കും.
ഐടി, പൊതുമേഖലാ ബാങ്ക്, സീഫുഡ് ഓഹരികളാണ് ഇന്നലെ നേട്ടത്തിന് ചുക്കാൻ പിടിച്ചത്. ട്രംപും മോദിയും വീണ്ടും സംസാരിക്കുമെന്നും ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ചർച്ചകൾ തുടരുമെന്നുമുള്ള പ്രതീക്ഷകളും വൻ ഊർജം പകർന്നു.
ഇന്നലെ നിഫ്റ്റി 0.42% ഉയർന്ന് 24,973ൽ എത്തി.
ഇന്ന് 25,000 ഭേദിക്കുമെന്നാണ് പ്രതീക്ഷകൾ. സെൻസെക്സ് 0.40% നേട്ടവുമായി 81,425 പോയിന്റിലുമാണുള്ളത്.
ഇന്ന് 82,000 മറികടന്നേക്കാം.
∙ റെയിൽവേയിൽ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിച്ച റെയിൽ വികാസ് നിഗം, ജുപ്പീറ്റർ വാഗൺ എന്നിവയുടെ ഓഹരികൾ ഇന്ന് ശ്രദ്ധാകേന്ദ്രമാകും.
∙ നേവിയിൽ നിന്ന് സബ്മറീൻ പ്രോജക്ട് പി-75(1)നായുള്ള ചർച്ചകൾ മാസഗോൺ ഡോക്ക് ആരംഭിച്ചു. ∙ ഉപസ്ഥാപനമായ മുത്തൂറ്റ് ഹോംഫിനിൽ ഏകദേശം 200 കോടിയുടെ മൂലധന നിക്ഷേപം നടത്തി മുത്തൂറ്റ് ഫിനാൻസ്.
∙ 225 കോടിയുടെ വായ്പാ കുടിശിക ആരോപിച്ച് സീ എന്റർടെയ്ൻമെന്റിനെതിരെ ഐഡിബിഐ ബാങ്ക് പാപ്പരത്ത നടപടികൾക്കായി എൻസിഎൽടിയെ സമീപിച്ചു.
സ്വർണവും എണ്ണയും
രാജ്യാന്തര സ്വർണവില ഔൺസിന് 5 ഡോളർ താഴ്ന്ന് 3,637 ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. ക്രൂഡ് ഓയിൽ വിലയിലും കാര്യമായ മാറ്റമില്ല.
ഡബ്ല്യുടിഐ, ബ്രെന്റ് വിലകൾ 63-67 ഡോളർ നിലവാരത്തിൽ തുടരുന്നു. മധ്യേഷ്യയിലെ സംഘർഷം, റഷ്യ-യുക്രെയ്ൻ പോര് എന്നിവ എണ്ണവിലയെ സ്വാധീനിച്ചേക്കാം.
ലാഭമെടുപ്പാണ് സ്വർണവിലയെ കുതിപ്പിൽ നിന്ന് അകറ്റിനിർത്തുന്നത്. പലിശനിരക്ക് കുറയ്ക്കാനുള്ള അമേരിക്കയുടെ നീക്കം സ്വർണവിലയെ വീണ്ടും ഉയർത്തിയേക്കാമെന്നാണ് വിലയിരുത്തലുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]