
‘ഒടിയുന്നെന്തെടോ ഭീമാ, ഗദയോ നമ്മുടെ വാലോ?’ എന്ന ഹനുമാന്റെ പരിഹാസത്തിലെ ഭീമസേനന്റെ അവസ്ഥയാണോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടാൻ പോകുന്നതെന്ന സംശയം ബലപ്പെടുത്തുന്നതായിരിക്കുന്നു ലോക വ്യാപാരരംഗത്തെ സ്ഥിതിവിശേഷം. ഇന്ത്യ ഉൾപ്പെടെ അറുപതിലേറെ രാജ്യങ്ങൾക്കു കനത്ത തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവു നടപ്പിലായിക്കഴിഞ്ഞ സാഹചര്യത്തിലാണിത്.
ആഗോള ജനാധിപത്യ സഹകരണത്തിന്റെയും ശക്തമായ വ്യാപാര ഇടപാടുകളുടെയും ഭാഗമായി കെട്ടിപ്പടുത്ത ബന്ധങ്ങൾ തകരാൻ ട്രംപിന്റെ തീരുവ നയം ഇടയാക്കും.
ആഗോള വ്യാപാരത്തിൽ 375 ലക്ഷം കോടി രൂപയുടെയെങ്കിലും ഇടിവിന് ഇടയാക്കുന്നതാണു തീരുവ വർധന. ആഗോള വ്യാപാരം ഈ വർഷം 3000 ലക്ഷം കോടി രൂപയിലെത്തുമെന്ന അനുമാനം അസാധ്യമാകും.
ഇത് അധിക തീരുവയ്ക്കു വിധേയമായിരിക്കുന്ന രാജ്യങ്ങളെ മാത്രമല്ല ലോക വ്യാപാരരംഗത്തെ ആകെത്തന്നെ ആസ്വസ്ഥമാക്കാൻപോന്നതാണ്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന പദവിയിൽ വിരാജിക്കുന്നതിനാൽ യുഎസിനുതന്നെയായിരിക്കും അസ്വസ്ഥതയുടെ ആഘാതം ഏറ്റവും തീവ്രമായി അനുഭവപ്പെടാൻ പോകുന്നത്. ഇതുതന്നെയായിരിക്കും ട്രംപിനു തീരുവയുടെ പേരിലുണ്ടാകാൻപോകുന്ന ഏറ്റവും വലിയ തിരിച്ചടിയും.
ഡീ – ഡോളറൈസേഷൻ ശ്രമങ്ങൾ മുന്നേറും
മറ്റൊരു പ്രധാന തിരിച്ചടി യുഎസ് ഡോളറിനു സംഭവിച്ചേക്കാവുന്ന ബലക്ഷയമോ തകർച്ചയോ ആയിരിക്കും.
100 വർഷത്തിലേറെയായി ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾക്കും കേന്ദ്ര ബാങ്കുകൾക്കും യുഎസ് ട്രഷറി ബോണ്ടുകൾ പോലുള്ള ഡോളർ അധിഷ്ഠിത ആസ്തിയാണു പ്രധാന കരുതൽ ധനം. സ്വർണവും മറ്റുമൊഴിച്ചാൽ ആഗോള വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ 59% ഡോളർ അധിഷ്ഠിത ആസ്തിയാണ്.
ഈ സാഹചര്യം നിലനിൽക്കെയാണ് അമിത തീരുവ. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടാൻ ഇടയാക്കും.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലെ വാണിജ്യ ബന്ധങ്ങൾ ബലപ്പെടുന്നതോടെ ഈ രാജ്യങ്ങൾക്കിടയിലെ കൊടുക്കവാങ്ങലുകൾക്ക് യുഎസ് ഡോളർ പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങളുമുണ്ടാകും.
ഡീ –ഡോളറൈസേഷൻ എന്ന ആശയത്തെ യാഥാർഥ്യമാക്കി മാറ്റാനുള്ള ശ്രമങ്ങൾ മുന്നേറുകയും ചെയ്യും. ഡോളറിന്റെ അവസാനം ആരംഭിച്ചിരിക്കുകയാണെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ 2023ൽ അഭിപ്രായപ്പെട്ടിരുന്നതാണ്.
ഉയർന്ന തോതിലുള്ള പകരം തീരുവ സംബന്ധിച്ചു ട്രംപ് ആദ്യ പ്രഖ്യാപനം നടത്തിയതോടെ യു എസിലെ സാമ്പത്തികരംഗത്ത് അസ്വസ്ഥതയുടെ സൂചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു.
അസ്വസ്ഥത ക്രമേണ വർധിക്കുന്നതാണു പിന്നെ കണ്ടത്. തൊഴിലവസരങ്ങൾ, പണപ്പെരുപ്പം തുടങ്ങിയവയുടെ കാര്യത്തിലൊക്കെ രോഗലക്ഷണങ്ങൾ കാണാൻ തുടങ്ങി.
അധിക തീരുവ നടപ്പിലായിക്കഴിഞ്ഞതോടെ അത് ഇനിയുള്ള നാളുകളിൽ അർബുദം പോലെ സമ്പദ്വ്യസ്ഥയെ കാർന്നുതിന്നുന്നതാകുമെന്ന് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നു.
തൊഴിലവസരങ്ങൾ സംബന്ധിച്ചു പുറത്തുവരുന്ന കണക്കുകളിൽ തീരുവ നയത്തിന്റെ പ്രത്യാഘാതം കാണാം. കഴിഞ്ഞ മാസം കാർഷികേതര രംഗത്തെ വർധന 73,000 മാത്രമായിരുന്നു.
1,10,000 പ്രതീക്ഷിച്ച സ്ഥാനത്താണിത്. 2024 ഒക്ടോബറിനു ശേഷം ഇത്രയും കുറഞ്ഞ വർധന രേഖപ്പെടുത്തുന്നത് ആദ്യമാണെന്നും ഓർക്കണം.
വിവിധ തൊഴിലുടമകളിൽനിന്നുള്ള അറിയിപ്പുകൾ വെളിപ്പെടുത്തിയത് 62,075 പേരെ ജോലിയിൽനിന്നു പിരിച്ചുവിട്ടതായാണ്. 2024 ജൂലൈയിലെ പിരിച്ചുവിടലിനെക്കാൾ 140% കൂടുതൽ.
ഇക്കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ജോലി നഷ്ടമായവരുടെ എണ്ണം 80,6383ൽ എത്തിയിരിക്കുന്നു.
വാർഷികാടിസ്ഥാനത്തിൽ നോക്കിയാൽ 75% കൂടുതലാണിതെന്നു മാത്രമല്ല 2020നു ശേഷമുള്ള ഏറ്റവും വലിയ കണക്കുമാണ്. തീരുവ നയം മാത്രമല്ല ഇതിനു കാരണം.
പക്ഷേ, തീരുവ നയത്തിന്റെ പ്രത്യാഘാതമെന്നോണം സംഭവിച്ചേക്കാവുന്ന അവസ്ഥയെ അതിജീവിക്കുന്നതിനു തൊഴിലുടമകൾ സ്വീകരിക്കുന്ന നടപടികൾ ചെറുതല്ലാത്ത കാരണമാണ്.
വിലക്കയറ്റം വലിയ തോതിലേക്ക്
ട്രംപിന്റെ തീരുവ നയത്തിന് ഏറ്റവും വലിയ വില നൽകേണ്ടിവരുന്ന വിഭാഗങ്ങളിലൊന്നു യുഎസിലെ ഉപഭോക്താക്കളായിരിക്കും. വിലക്കയറ്റം രൂക്ഷമാകുമെന്നാണു വിലയിരുത്തൽ.
നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ സകലതിനും കൂടുതൽ വില നൽകേണ്ടിവരും. ഇപ്പോൾത്തന്നെ വിലയിൽ ഗണ്യമായ വർധന വന്നുകഴിഞ്ഞു.
പാദരക്ഷകൾക്കും മറ്റും വർധന 40 ശതമാനമാണ്. 20% കൂടി വർധിച്ചേക്കാം.
വസ്ത്രങ്ങൾക്കു 38% വില വർധന. 15% വർധന കൂടി പ്രതീക്ഷിക്കാം.
കളിപ്പാട്ടങ്ങൾ പോലുള്ള ഇനങ്ങൾക്ക് വില 80% വരെ വർധന പ്രതീക്ഷിക്കുന്നു.
ശരാശരി വരുമാനമുള്ള കുടുംബത്തിനു 2400 ഡോളറിന്റെ വരെ അധികച്ചെലവാണു പ്രതിമാസമുണ്ടാകുമെന്നാണ് അനുമാനം. തീരുവ നയത്തിന്റെ പ്രത്യാഘാതമായി നഷ്ടം നേരിട്ടുതുടങ്ങിയിട്ടുണ്ടെന്നും ചില വൻകിട
നിർമാതാക്കൾ പറയുന്നു. തീരുവ നയം മൂലം ത്രൈമാസ വരുമാനത്തിൽ 9570 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണു ജനറൽ മോട്ടോഴ്സിന്റെ വെളിപ്പെടുത്തൽ.
കമ്പനികളുടെ ലാഭത്തിൽ വലിയ തോതിലുള്ള ഞെരുക്കം അനുഭവപ്പെട്ടേക്കുമെന്നു സിറ്റിബാങ്കിന്റെ റിസർച് വിഭാഗം മുന്നറിയിപ്പു നൽകുന്നു.
കോടതി വിധി ട്രംപിനു തുണയാകുമോ?
ട്രംപിനു തീരുവക്കാര്യത്തിൽ എക്സിക്യൂട്ടീവ് ഉത്തരവിറക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടോ എന്നതുപോലും വലിയ ചോദ്യമായി യുഎസിൽ ഉയർന്നിട്ടുണ്ട്. അധികാരമില്ലെന്നാണു പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പോൾ റോബിൻ ക്രൂഗ്മാന്റെ അഭിപ്രായം.
ഒരു ഡസനോളം സ്റ്റേറ്റുകളും അനേകം ബിസിനസ് സംരംഭങ്ങളും ചില വ്യക്തികളും ട്രംപിന്റെ അമിതാധികാര നടപടിയെ കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്. പരമോന്നത കോടതിയിൽ യാഥാസ്ഥിതികരായ ന്യായാധിപന്മാർക്കാണു ഭൂരിപക്ഷമെന്നിരിക്കെ ട്രംപിന് അനുകൂലമായ വിധിയുണ്ടാനുള്ള സാധ്യത വിരളമാണെന്നും പൊതുവേ അഭിപ്രായമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]