
തീരുവയുദ്ധത്തിന് ശമനമുണ്ടാകുംമുൻപേ ‘ചിപ്’ പോരിലേക്ക് കടന്ന് യുഎസും ചൈനയും. ട്രംപിന്റെ അനുവാദത്തോടെ എൻവിഡിയ ചൈനയിലേക്ക് കയറ്റി അയച്ച എച്ച്20 ചിപ്പുകൾ (എഐ സെമികണ്ടക്ടറുകൾ) നിലവാരമില്ലാത്തതും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് ചൈനീസ് ദേശീയ മാധ്യമ പ്രതിനിധി യുയുവാൻ ടാൻടിയൻ കഴിഞ്ഞദിവസം ഒരു സാമൂഹികമാധ്യമത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
ചിപ്പുകൾ വാങ്ങേണ്ടെന്ന് തീരുമാനിക്കാൻ ചൈനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുറമേ നിന്ന് ഈ ചിപ്പുകളെ നിയന്ത്രിക്കാവുന്ന ഹാർഡ്വെയർ ഫങ്ഷനുകൾ ഈ ചിപ്പുകളിലുണ്ടെന്നും ചൈന ആരോപിച്ചിരുന്നു. ആരോപണങ്ങൾ നിഷേധിച്ച എൻവിഡിയ, സൈബർ സെക്യൂരിറ്റി കമ്പനിക്ക് പ്രധാനമാണെന്നും പുറമെനിന്നു നിയന്ത്രിക്കുന്ന ‘പിൻവാതിൽ’ കമ്പനിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
എൻവിഡിയയുടെ മറ്റ് എഐ ചിപ്പുകളെ അപേക്ഷിച്ച് ഏറെ സുരക്ഷാഭീഷണിയുള്ളതാണ് എച്ച്20 ചിപ്പുകളെന്നും അവ ആധുനിക മികവുകളുള്ളതല്ലെന്നും ചൈന ആരോപിച്ചിട്ടുണ്ട്.
ഇതിനിടെ എൻവിഡിയയും ചിപ് നിർമാണ രംഗത്തെ മറ്റൊരു അമേരിക്കൻ കമ്പനിയായ എഎംഡിയും (അഡ്വാൻസ്ഡ് മൈക്രോ സിസ്റ്റംസ്) ചൈനയിൽ നിന്നുള്ള വരുമാനത്തിന്റെ 15% യുഎസ് ഗവൺമെന്റിനു നൽകാമെന്ന് സമ്മതിച്ചതും ചർച്ചയായിട്ടുണ്ട്. ചൈനയിലേക്ക് കയറ്റുമതി ലൈസൻസ് കിട്ടുന്നതിന് പകരമാണ് ഈ വരുമാനം പങ്കുവയ്ക്കൽ.
ട്രംപിന്റെ ‘വിലപേശൽ’ തന്ത്രത്തിന്റെ ഭാഗമാണ് കമ്പനികളുടെ വരുമാനത്തിന്റെ വിഹിതം പിടിച്ചെടുക്കലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
∙ യുഎസ്-ചൈന തീരുവ ചർച്ച ഇനിയും സമവായത്തിലെത്തിയിട്ടില്ല.
∙ ഈയാഴ്ചയിലെ ചർച്ചയിൽ സമവായമുണ്ടായില്ലെങ്കിൽ ചൈനയ്ക്കുമേൽ 50 ശതമാനത്തിലധികം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. നാളെയാണ് ട്രംപ് പ്രഖ്യാപിച്ച അന്തിമതീയതി.
∙ യുഎസ്-ചൈന താരിഫ് ചർച്ച സംബന്ധിച്ച ആകാംക്ഷയും ആശങ്കയും നിറഞ്ഞതിനെ തുടർന്ന് ഏഷ്യൻ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്.
∙ ചൈനയുടെ ഷാങ്ഹായ് സൂചിക 0.15%, ഹോങ്കോങ്ങിന്റെ ഹാങ്സെങ് 0.03%, ജാപ്പനീസ് നിക്കേയ് 1.85% എന്നിങ്ങനെ ഉയർന്നു.
∙ ദക്ഷിണ കൊറിയയുടെ കോസ്പി കാര്യമായ മാറ്റമില്ലാതെ നിൽക്കുന്നു.
∙ ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.43% കയറി.
∙ യൂറോപ്പിൽ എഫ്ടിഎസ്ഇ 0.06%, ഡാക്സ് 0.12% എന്നിങ്ങനെ നഷ്ടത്തിലായി.
ട്രംപ്-പുട്ടിൻ ചർച്ചയും പണപ്പെരുപ്പക്കണക്കും
അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് പുട്ടിനും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിൽ ഓഗസ്റ്റ് 15ന് നടക്കുന്ന ചർച്ചയിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്.
യുക്രെയ്ന്റെ ചില ഭാഗങ്ങൾ റഷ്യയ്ക്ക് കൈമാറി യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രമാണ് ട്രംപിന്റേത്. ഇതിനെ യുക്രെയ്നും യൂറോപ്യൻ സുഹൃദ് രാഷ്ട്രങ്ങളും എതിർത്തിട്ടുണ്ട്.
എങ്കിലും, ട്രംപ്-പുട്ടിൻ ചർച്ച രമ്യതയിൽ പിരിഞ്ഞാൽ ഇന്ത്യയ്ക്കും അതു നേട്ടമാകും. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ തുടങ്ങിവച്ച താരിഫ് പോരിൽ നിന്ന് ട്രംപ് പിൻവലിഞ്ഞേക്കാം.
∙ യുഎസ് വിപണികൾ പ്രധാനമായും കണ്ണുംനട്ടിരിക്കുന്നത് നാളെ പുറത്തുവരുന്ന പണപ്പെരുപ്പക്കണക്കിലേക്കും വ്യാഴാഴ്ച പുറത്തുവരുന്ന ഫാക്ടറികളുടെ പെർഫോമൻസ് കണക്കിലേക്കുമാണ് (പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ്).
ഇരുകണക്കുകളും ആശാവഹമെങ്കിൽ സെപ്റ്റംബറിലെ പണനയ നിർണയ യോഗത്തിൽ യുഎസ് ഫെഡറൽ ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കും.
∙ യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗ ജോൺസ്, എസ് ആൻഡ് പി500 സൂചിക, നാസ്ഡാക് എന്നിവ 0.1% വീതം നേട്ടത്തിലായിട്ടുണ്ട്.
ഗിഫ്റ്റ് നിഫ്റ്റിയിൽ ഉണർവ്
ഇന്ത്യയിലും ഓഹരി നിക്ഷേപകർക്ക് ആശ്വാസം പകർന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 55 പോയിന്റ് നേട്ടത്തിലേറി. സെൻസെക്സും നിഫ്റ്റിയും ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങിയേക്കുമെന്ന പ്രതീക്ഷയാണ് ഇതു നൽകുന്നത്.
ട്രംപിന്റെ താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് 765 പോയിന്റ് (-0.95%) ഇടിഞ്ഞ് 79,857ലും നിഫ്റ്റി 233 പോയിന്റ് (-0.95%) താഴ്ന്ന് 24,363ലും വ്യാപാരം അവസാനിപ്പിച്ചത് കനത്ത നിരാശയായിരുന്നു.
∙ ഇന്ത്യയുടെയും റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് നാളെയാണ് പുറത്തുവരുന്നത്.
∙ ഇന്ത്യയുമായി ഇനി ചർച്ചയ്ക്കില്ലെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും, വ്യാപാരക്കരാർ സംബന്ധിച്ച ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഈ മാസം 25ന് ചർച്ച നടത്തുമെന്നാണ് സൂചനകൾ.
∙ കഴിഞ്ഞവാരം പ്രവർത്തനഫലം പുറത്തുവിട്ട ടാറ്റാ മോട്ടോഴ്സ്, മണപ്പുറം ഫിനാൻസ്, ഷിപ്പിങ് കോർപറേഷൻ തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് ശ്രദ്ധാകേന്ദ്രമാകും.
ടാറ്റാ മോട്ടോഴ്സും മണപ്പുറവും നിരാശപ്പെടുത്തിയിരുന്നു.
∙ മിനിമം ബാലൻസ് പരിധിയിൽ മാറ്റംവരുത്തിയ ഐസിഐസിഐ ബാങ്കിന്റെ ഓഹരികളിലും ഇന്നു ചലനം പ്രതീക്ഷിക്കാം.
∙ എൽപിജി സബ്സിഡിയായി കേന്ദ്രം 30,000 കോടി രൂപ നൽകാൻ തീരുമാനിച്ചത് എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ എന്നിവയുടെ ഓഹരികളിലും പ്രതിഫലനം സൃഷ്ടിച്ചേക്കാം.
∙ ടിറ്റാഗഢ് റെയിൽ, പ്രാജ് ഇൻഡസ്ട്രീസ്, ബാറ്റ ഇന്ത്യ, ആസ്ട്രൽ, ബെമൽ തുടങ്ങിയവ ഇന്നു പ്രവർത്തനഫലം പുറത്തുവിടും.
വീണു, സ്വർണവും എണ്ണയും
ആഭരണപ്രിയർക്ക് ആശ്വാസം പകർന്ന് സ്വർണവില താഴേക്ക് നീങ്ങുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 3,400 ഡോളറിൽ നിന്ന് 3,369 ഡോളർ വരെ താഴ്ന്നശേഷം 3,376ലേക്ക് കയറി.
കേരളത്തിൽ ഇന്നു മികച്ച വിലക്കുറവ് പ്രതീക്ഷിക്കാം. യുഎസിലേക്കുള്ള സ്വർണം ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിച്ചേക്കുമെന്ന് വൈറ്റ്ഹൗസ് സൂചിപ്പിച്ചതും ട്രംപ്-പുട്ടിൻ ചർച്ചയും സ്വർണത്തിന് തിരിച്ചടിയാകുന്നു.
എന്നാൽ, യുഎസിൽ പണപ്പെരുപ്പം കുറയുകയും പലിശനിരക്ക് കുറയ്ക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്താൽ സ്വർണം വീണ്ടും തിരിച്ചുകയറും.
∙ ക്രൂഡ് ഓയിൽ വില കഴിഞ്ഞയാഴ്ചയിലെ 68-72 ഡോളർ നിലവാരത്തിൽ നിന്ന് 63-66 നിലവാരത്തിലേക്ക് ഇടിഞ്ഞു. ട്രംപ്-പുട്ടിൻ ചർച്ചയും ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസ് കൂട്ടായ്മയുടെ തീരുമാനവുമാണ് തിരിച്ചടിയായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]