
ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ചകളിൽ വീണ്ടും ട്വിസ്റ്റ്. ഇന്ത്യയുമായി കരാർ ഉടനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
മാത്രമല്ല, യുഎസുമായുള്ള തുടർ ചർച്ചകൾക്കായി വാണിജ്യ മന്ത്രാലയ സംഘത്തെ അടുത്തയാഴ്ച വീണ്ടും യുഎസിലേക്ക് അയയ്ക്കാനും കേന്ദ്രം തീരുമാനിച്ചു. ഇതോടെ, കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവില്ലെന്ന് വ്യക്തമായി.
ജൂലൈ 9നകം യുഎസുമായി വ്യാപാരക്കരാറിലെത്താത്ത രാജ്യങ്ങൾക്കുമേൽ ഉയർന്ന പകരംതീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ജപ്പാൻ, ബംഗ്ലദേശ്, ശ്രീലങ്ക, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, കംബോഡിയ തുടങ്ങി 22 രാജ്യങ്ങൾക്ക് പകരംതീരുവ ചുമത്തി ട്രംപ് കത്തുകളുമയച്ചു. ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളെ ട്രംപ് തൽകാലം ഒഴിവാക്കിയതും.
പുതുക്കിയ പകരംതീരുവ ഓഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതിനകം യുഎസുമായി വ്യാപാരക്കരാറിൽ എത്തണം.
ഈ സമയപരിധിക്കുള്ളിൽ യുഎസുമായി ധാരണയിലെത്താനുള്ള ശ്രമമാണ് ഇന്ത്യയും നടത്തുന്നത്.
ചർച്ചയിൽ കൃഷി, പാലുൽപന്നങ്ങൾ, വാഹനം
കേന്ദ്ര വാണിജ്യ മന്ത്രാലയ സ്പെഷൽ സെക്രട്ടറി രാജേഷ് അഗ്രവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തേ യുഎസ് അധികൃതരുമായി ചർച്ച നടത്തിയത്. ഇന്ത്യയുടെ നിലപാട് ചർച്ചകളിൽ വ്യക്തമായ സംഘം തിരികെയെത്തുകയും ചെയ്തിരുന്നു.
എന്നാൽ കാർഷികോൽപന്നങ്ങൾ, പാലുൽപന്നങ്ങൾ, വാഹനമേഖല എന്നിവയുടെ തീരുവയിൽ സമവായമാകാത്തതിനാൽ അഗ്രവാളിന്റെ സംഘത്തെ വീണ്ടും വാഷിങ്ടണിലേക്ക് അയയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇവർ അടുത്തയാഴ്ച യുഎസിലേക്ക് പോകും.
ഇന്ത്യയ്ക്ക് തിടുക്കമില്ലെന്നും ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന കരാറാണ് ലക്ഷ്യമെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, . കയറ്റുമതി രംഗത്ത് ഇന്ത്യയുടെ എതിരാളികളായ രാജ്യങ്ങൾക്കുമേൽ ട്രംപ് ഇതിനകം പകരംതീരുവ പ്രഖ്യാപിച്ചുകഴിഞ്ഞു.
വ്യാപാരക്കരാറിലെത്താതെ പിന്മാറേണ്ടി വന്നാൽ ഇന്ത്യയ്ക്കെതിരെയും ട്രംപ് സമാനനടപടിയെടുക്കും.
എന്നാൽ, ട്രംപ് ഇന്ത്യയ്ക്കു ചുമത്തുന്ന പകരംതീരുവ താരതമ്യേന കുറവായിരിക്കുമെന്നും ഇതു കയറ്റുമതിയെ സാരമായി ബാധിക്കില്ലെന്നും കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു. യുഎസിന്റെ കാർഷികോൽപന്നങ്ങൾക്ക് തീരുവ ഇളവ് അനുവദിച്ചാൽ ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്കത് ഇടയാക്കുമെന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്.
ഈ സാഹചര്യത്തിലാണ് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട്.
കൂടുതൽ സ്വതന്ത്ര വ്യാപാരക്കരാറിനായി ഇന്ത്യ
ഇതിനകം ഇന്ത്യ യുഎഇ, ഓസ്ട്രേലിയ തുടങ്ങി 26 ഓളം രാജ്യങ്ങളുമായി വ്യാപാരക്കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. യുകെയുമായും ധാരണയിലെത്തി.
യൂറോപ്യൻ യൂണിയൻ, ന്യൂസിലൻഡ് എന്നിവയുമായുള്ള ചർച്ചകളും അന്തിമഘട്ടത്തിൽ. ചിലെ, പെറു തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായും ചർച്ചകൾ നടക്കുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് AFP (Jim WATSON)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]