ഉപഭോക്തൃ ഉൽപന്ന മേഖലയിലെ മുൻനിരക്കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്യുഎൽ) ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരിവിലയിൽ വൻ മുന്നേറ്റം.
ബിഎസ്ഇയിൽ 4.78% ഉയർന്ന ഓഹരി സൂചികയിലെ നേട്ടത്തിൽ ഒന്നാമതുമാണ്. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് 2,524 രൂപയിൽ.
ഓഹരിവില ഒരുഘട്ടത്തിൽ 2,529.85 രൂപവരെ ഉയരുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് ഒന്നിനാണ് പ്രിയ നായർ ചുമതലയേൽക്കുന്നത്. പാലക്കാട് സ്വദേശിയായ പ്രിയ, നിലവിൽ യൂണിലിവർ ബ്യൂട്ടി ആൻഡ് വെൽബീയിങ് വിഭാഗം പ്രസിഡന്റ് ആണ്.
എച്ച്യുഎല്ലിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന സമ്പത്തുമുണ്ട്. പ്രിയ ഹോം കെയർ വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കേയാണ് കമ്പനിയുടെ ലാഭമാർജിൻ (എബിറ്റ് മാർജിൻ) 2013-14ലെ 13.1 ശതമാനത്തിൽ നിന്ന് 2019-20ൽ 18.8 ശതമാനമായി കുതിച്ചുയർന്നത്.
വൈകാതെ എച്ച്യുഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും അംഗമാകും.
പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ബിസിനസ് മാനേജ്മെന്റിൽ നിന്നു മാർക്കറ്റിങ്ങിൽ എംബിഎ നേടിയ പ്രിയ നായർ 1995ലാണ് യൂണിലിവറിൽ ജോലിയിൽ പ്രവേശിച്ചത്. കൺസ്യൂമർ ഇൻസൈറ്റ്സ് മാനേജരായി കരിയർ ആരംഭിച്ച പ്രിയ 11 തസ്തികകളിൽ ജോലി ചെയ്തശേഷമാണ് സിഇഒ ആകുന്നത്.
നിലവിലെ സിഇഒ രോഹിത് ജാവയുടെ പിൻഗാമിയായാണ് പ്രിയ എച്ച്യുഎല്ലിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
കഴിഞ്ഞവർഷം സെപ്റ്റംബർ 23ന് കുറിച്ച 3,035 രൂപയാണ് എച്ച്യുഎൽ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഈ വർഷം മാർച്ച് 4ലെ 2,136 രൂപയും.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദത്തിൽ എച്ച്യുഎൽ 4% വളർച്ചയോടെ 2,493 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് hul.co.inൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

