
രാജ്യാന്തരതലത്തിൽ വീണ്ടും ആശങ്കയുടെ പെരുമഴപെയ്യിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവയുദ്ധം. കാനഡയാണ് അദ്ദേഹത്തിന്റെ പുതിയ ഇര.
പുറമെ ചൈനയ്ക്കെതിരെ കൂടുതൽ തീരുവ ചുമത്തിയേക്കുമെന്ന് പറഞ്ഞതും തിരിച്ചടിക്കുമെന്ന് ചൈന വ്യക്തമാക്കിയതും ആശങ്ക കൂട്ടുന്നു. ഒട്ടേറെ രാജ്യങ്ങളൾക്കുമേൽ 15-20% അടിസ്ഥാന തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
കാനഡയിൽ നിന്നുള്ള വൈദ്യുതിക്ക് 10% തീരുവ ചുമത്തിയ ട്രംപ് മറ്റുൽപന്നങ്ങൾക്ക് 25 ശതമാനവും പ്രഖ്യാപിച്ചിരുന്നു.
ഇതിനു തിരിച്ചടിയെന്നോണം യുഎസ് ഉൽപന്നങ്ങൾക്കുമേൽ കാനഡയും അധിക തീരുവ ചുമത്തി. ഇതിനുള്ള ‘പ്രതികാരമായി’ ഇപ്പോൾ കാനഡയ്ക്കുമേൽ 35% തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്.
പുറമെ, ചൈന വ്യാപാരരംഗത്ത് അധാർമിക നിലപാടുകളെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് കൂടുതൽ താരിഫ് ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്.
ട്രംപിന്റെ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങളുണ്ടായാൽ അംഗീകരിക്കില്ലെന്നും തിരിച്ചടിക്കുമെന്നും ചൈനയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, യുഎസിന് തിരിച്ചടി നൽകുമെന്ന് ബ്രസീൽ വ്യക്തമാക്കിയതും ആഗോള സാമ്പത്തിക രംഗത്ത് ചലനങ്ങൾ സൃഷ്ടിക്കുകയാണ്.
മുൻ പ്രസിഡന്റ് ബോൽസനാരോയ്ക്ക് എതിരായ വിചാരണ നീതിയുക്തമല്ലെന്ന് ആരോപിച്ചാണ് ട്രംപ് ബ്രസീലിനുമേൽ 50% തീരുവ ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്.
എന്നാൽ, യുഎസ് ഉൽപന്നങ്ങൾക്കുമേൽ ബ്രസീലിനും 50% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ലുല ഡി സിൽവ തിരിച്ചടിച്ചു. ബ്രസീലിൽ നിന്നുള്ള ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ വിപണിയാണ് യുഎസ്.
ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾക്കു പിന്നാലെ എണ്ണവില ബാരലിന് 68-70 ഡോളർ നിലവാരത്തിൽ നിന്ന് 66-68 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞു.
ഇതിനിടെ റഷ്യൻ എണ്ണയ്ക്കുമേൽ നേരത്തേ പ്രഖ്യാപിച്ച 60 ഡോളർ എന്ന വിലപരിധി വെട്ടിക്കുറയ്ക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കം റഷ്യയ്ക്ക് കനത്ത തിരിച്ചടിയാകും. നിലവിൽ 60 ഡോളറിനുമേൽ വിലയിൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
എണ്ണ വിൽപന വഴി റഷ്യ വൻ വരുമാനം നേടുന്നതിനും ആ തുക യുക്രെയ്നെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നതിനും തടയിടുകയാണ് ലക്ഷ്യം. എന്നാൽ, നിലവിൽ രാജ്യാന്തര എണ്ണവില വൻതോതിൽ ഇടിഞ്ഞതോടെ ആനുപാതികമായി റഷ്യൻ എണ്ണയുടെ വിലപരിധിയും കുറയ്ക്കാനാണ് നീക്കം.
അതായത്, രാജ്യാന്തരവില കുറയുന്നതിന് ആനുപാതികമായി ഓരോ തവണയും റഷ്യൻ എണ്ണയുടെ വിലപരിധിയും കുറയും (ഫ്ലോട്ടിങ് റേറ്റ്). നിശ്ചിത വിലപരിധിയുണ്ടാവില്ല.
തീരുമാനമാകാതെ ഇന്ത്യ-യുഎസ് ഡീൽ
ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാറിൽ സസ്പെൻസ് തുടരുകയാണ്.
ഇന്ത്യ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്നും പന്ത് ഇപ്പോൾ ട്രംപിന്റെയും വൈറ്റ്ഹൗസിന്റെയും കോർട്ടിലാണെന്നുമാണ് സൂചനകൾ. ഇന്ത്യയുടെ കാർഷിക മേഖലയിലേക്ക് കുറഞ്ഞ തീരുവയോടെ നുഴഞ്ഞുകയറാനുള്ള യുഎസിന്റെ നീക്കങ്ങൾ ഇന്ത്യ തള്ളിയെന്നും അറിയുന്നു.
അതേസമയം, ‘അമേരിക്ക-വിരുദ്ധ’ നീക്കം നടത്തിയാൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്കുമേൽ 10% ്ധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പും ഇന്ത്യ-യുഎസ് ഡീലിന്മേൽ കരിനിഴലാകുന്നുണ്ടെന്നാണ് സൂചനകൾ.
എന്നാൽ, ഡോളറിന്റെ അപ്രമാദിത്തത്തിനു ഉൾപ്പെടെ ഇന്ത്യ എതിരല്ലെന്ന സൂചന കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ബ്രിക്സ് രാജ്യങ്ങൾക്കു സ്വതന്ത്ര കറൻസി വേണമെന്ന റഷ്യയുടെ നിലപാടിന്മേലും ഇന്ത്യ അനുകൂല നിലപാട് എടുത്തിട്ടില്ല.
ഓഹരികളിൽ വൻ വീഴ്ച
ട്രംപ് വീണ്ടും ചുങ്കപ്പോര് കടുപ്പിച്ചതോടെ ഓഹരി വിപണികൾ ഇടിവിന്റഎ ട്രാക്കിലായി.
യുഎസിൽ എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.48 ശതമാനവും നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.57 ശതമാനവും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ അവറേജ് ഫ്യൂച്ചേഴ്സ് 0.45 ശതമാനവും ഇടിഞ്ഞു.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.19%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.05% എന്നിങ്ങനെ താഴ്ന്നു. അതേസമയം ഹോങ്കോങ് 0.11%, ഷാങ്ഹായ് 0.30% എന്നിങ്ങനെ നേട്ടത്തിലാണ്.
ചെമ്പിനും 50% തീരുവ ഈടാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഈ മേഖലയിലെ കമ്പനികളുടെ ഓഹരികൾ കുതിച്ചുകയറിയത് ലണ്ടനിൽ എഫ്ടിഎസ്ഇ സൂചിക 1.23% മുന്നേറാൻ വഴിയൊരുക്കി.
ഇടിഞ്ഞ് ഗിഫ്റ്റ് നിഫ്റ്റി
ട്രംപിന്റെ താരിഫ് വാശിയും ഇന്ത്യ-യുഎസ് ഡീലിലെ അനിശ്ചിതത്വവും മൂലം ഇന്നുരാവിലെ ഗിഫ്റ്റ് നിഫ്റ്റി 137 പോയിന്റ് നഷ്ടത്തിലേക്ക് വീണു. സെൻസെക്സും നിഫ്റ്റിയും ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
പുറമെ, ടിസിഎസിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രവർത്തനഫലവും ഈ വർഷം പ്രതീക്ഷിത വളർച്ച നേടാൻ പ്രയാസമാണെന്ന് കമ്പനി വ്യക്തമാക്കിയതും നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.
6% വളർച്ചയോടെ 12,760 കോടി രൂപയുടെ ലാഭമാണ് ടിസിഎസ് കഴിഞ്ഞപാദത്തിൽ (ഏപ്രിൽ-ജൂൺ) നേടിയത്. വരുമാനം 1.3% വർധിച്ച് 63,437 കോടി രൂപയാണ്.
നിരീക്ഷകർ പ്രതീക്ഷിച്ച 64,600 കോടി രൂപയേക്കാൾ കുറവ്. ഇന്നലെ സെൻസെക്സ് 345 പോയിന്റ് (-0.41%) ഇടിഞ്ഞ് 83,190ലും നിഫ്റ്റി 120 പോയിന്റ് (-0.47%) നഷ്ടത്തോടെ 25,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്വർണവില മേലോട്ട്
താരിഫ് പോര് വീണ്ടും കടുക്കുന്നതും ഓഹരി വിപണികളുടെ തളർച്ചയും സ്വർണത്തിനു നേട്ടമായി.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് പ്രതീക്ഷിച്ചതിലും നേരത്തേ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകളും സ്വർണത്തിനു അനുകൂലമായിട്ടുണ്ട്. നിലവിൽ ഔൺസിന് 19 ഡോളർ ഉയർന്ന് 3,331 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.
കേരളത്തിൽ ഇന്നും സ്വർണവില കൂടിയേക്കാമെന്ന സൂചന ഇതു നൽകുന്നു. പുറമെ ഡോളർ ശക്തിയാർജിക്കുന്നതും രൂപ സമ്മർദത്തിലാകുന്നതും സ്വർണവില കൂടാനിടയാക്കും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Shutterstock (bella1105)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]