
അമ്മയാകുന്നതോടെ ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ് എന്ന് പല പഠനങ്ങളും കാണിച്ചിട്ടുണ്ട്. കുട്ടിയ്ക്കായി കൂടുതൽ സമയം ചെലവാക്കുന്നതോടെ ജോലി വേണ്ടെന്ന് വയ്ക്കാൻ നിര്‍ബന്ധിതരാകുന്ന വനിതകൾ ഇന്ത്യയിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലുമുണ്ട്. പ്രസവാവധി നിർബന്ധമുള്ള കാര്യമാണെങ്കിലും അത് ഉയർന്ന തസ്തികകളിലുള്ള ജോലികൾക്ക് മാത്രമായി ഇന്ത്യയിൽ ചുരുങ്ങുകയാണ്. സർക്കാർ ജീവനക്കാർക്ക് ഏത് തട്ടിലാണെങ്കിലും പ്രസവാവധി ആനുകൂല്യങ്ങൾ ലഭിക്കും, എന്നാൽ സ്വകാര്യ മേഖലയിൽ ചെറിയ ജോലികളിൽ അത് നടപ്പാകില്ല.
തിരികെ ജോലിക്ക് കയറാനും പ്രശ്‍നം
പ്രസവത്തോട് അനുബന്ധിച്ച് ജോലിയിൽ നിന്ന് വിട്ടു നിന്നശേഷം വീണ്ടും തിരിച്ചു ജോലി നോക്കുമ്പോഴും കമ്പനികൾ മുൻപ് എന്തൊക്കെ ജോലികൾ ചെയ്തിട്ടുണ്ട്, എന്ത് വൈദഗ്ധ്യം ഉണ്ട് എന്നതിലുപരി “എങ്ങനെ നിങ്ങൾ ചെറിയ കുട്ടിയെ നോക്കി ഈ ജോലിയും ചെയ്യും?” എന്ന സംശയം ഉന്നയിക്കാറുണ്ട്. വീട്ടുകാരുടെ സഹകരണം ഉണ്ടെങ്കിൽ കൂടി പല കമ്പനികളും ചെറിയ കുട്ടികളുള്ള അമ്മമാരെ ജോലിക്കെടുക്കാൻ മടിക്കുകയാണ്. ഇതൊന്നും റിപ്പോർട്ട് ചെയ്യാൻ സാഹചര്യമില്ലാത്തവർ അതിനു പിന്നാലെ പോയി നേരം കളയാറില്ല. ജോലിക്ക് കയറിയാൽ തന്നെ കുഞ്ഞിന് അസുഖം വരുമ്പോഴും മറ്റും അവധി എടുക്കുകയാണെങ്കിൽ ലഭിച്ച ജോലി പോയി കിട്ടും എന്ന അവസ്ഥയും ഉണ്ട്. ഇതെല്ലാം ഒഴിവാക്കാനാണ് പലരും കുഞ്ഞുണ്ടാകുന്നതോടെ ജോലി തന്നെ വേണ്ടെന്ന് വയ്ക്കുന്നത്.
സിംഗിൾ മദർ
ഒറ്റക്ക് കുട്ടിയെ വളർത്തുന്നവരാണെങ്കിൽ പ്രശ്നങ്ങൾ കൂടും. ബന്ധം വേർപ്പെടുത്തിയതിന്റെ പ്രശ്നങ്ങൾക്ക് മുകളിൽ സാമ്പത്തികമായും, സാമൂഹ്യമായും ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ കൂടി അതിജീവിക്കേണ്ടി വരും. പലരും ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്ക് വീണു പോകുമ്പോൾ അത് മനസിലാക്കാൻ വീട്ടുകാർക്കോ, സുഹൃത്തുക്കൾക്കോ പോലും ആകാറില്ല എന്നതും സങ്കടകരമായ സാഹചര്യമാണ്. ജോലി വേണ്ടെന്ന് വയ്ക്കാൻ സാധിക്കാത്ത, ഒറ്റക്ക് കുട്ടിയെ വളർത്തുന്ന സ്ത്രീകൾ സാമ്പത്തിക ബുദ്ധിമുട്ടാണ് ഏറ്റവും അനുഭവിക്കുന്നത്. സാമൂഹ്യമായ ഒറ്റപ്പെടുത്തലുകൾ ജോലി സ്ഥലത്തും കൂടി വരുമ്പോൾ പലരും ആത്മഹത്യയിലേക്ക് എത്തുന്ന അവസ്ഥയുമുണ്ട്. നമ്മുടെ നാട്ടിൽ ഇത്തരം പ്രശ്നങ്ങളെ നേരിടാൻ ഇതുപോലുള്ള സ്ത്രീകളുടെ കൂട്ടായ്മകൾ മെട്രോ നഗരങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും അതും പലപ്പോഴും ഫലപ്രദമല്ല എന്ന അവസ്ഥയാണ്. എന്തെങ്കിലും വൈകല്യമുള്ള കുട്ടികൾ ഉണ്ടാകുമ്പോൾ ഭർത്താക്കന്മാർ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകളുടെ അവസ്ഥ ഇതിലും ഭീകരമാണ്. ഒറ്റക്ക് കുഞ്ഞിനെ വളർത്താൻ പാടുപെടുന്ന അമ്മമാരേക്കാൾ വൈകല്യം ഉള്ള കുഞ്ഞിനെ വളർത്തുന്ന അമ്മമാർ അനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഇത്തരം അമ്മമാരെ കണ്ടറിഞ്ഞു സഹായിക്കാൻ സമൂഹം പലപ്പോഴും മടിക്കുന്നതാണ് വേറെ പ്രശനം. സ്‌കൂളുകളിൽ പോലും ഇത്തരം കുട്ടികളെ തങ്ങളുടെ കുട്ടികളുടെ കൂടെ പഠിപ്പിക്കരുതെന്ന് ശഠിക്കുന്ന മാതാപിതാക്കൾ ഉള്ള ലോകമാണിത്.
ഗാർഹിക പീഡനം
ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്നവരും വൈകല്യമുള്ള കുട്ടികളെ ആരുടെയും സഹായം ഇല്ലാതെ വളർത്തുന്നവരും മാത്രമല്ല, പുറമെ നിന്ന് നോക്കിയാൽ എല്ലാം ഉണ്ടെന്നു തോന്നിയാലും കുടുംബങ്ങളുടെ ഉള്ളിൽ ഉണ്ടാകുന്ന ‘ഗാർഹിക പീഡനം’ അനുഭവിക്കുന്ന അമ്മമാരുടെ എണ്ണവും കൂടുതലാണ്. നാണക്കേട് ഓർത്ത് ആരോടും പറയാതെ ഉരുകി ജീവിക്കുന്ന അമ്മമാരും, ഇതെല്ലാം കണ്ടു വളരുന്ന കുഞ്ഞുങ്ങളും വളർന്നു വരുമ്പോൾ ലഹരിക്കും മറ്റും അടിമയാകുമ്പോൾ അതിന്റെയും കുറ്റവും അമ്മമാർക്ക് തന്നെയായിരിക്കും. ‘അമ്മ ദിനത്തിൽ അമ്മയുടെ സ്നേഹവും ത്യാഗവും വാഴ്ത്തുമ്പോൾ, സാധാരണ അമ്മമാരേക്കാൾ വാഴ്ത്തപ്പെടേണ്ട ഈ ജീവിതങ്ങളെ ഒരിക്കലും തിരിച്ചറിയാറില്ല എന്നതാണ് യാഥാർഥ്യം. വൈകല്യമുള്ള ഒരു കുഞ്ഞിനെ വളർത്തി വലുതാക്കി സമൂഹത്തിന്റെ രീതിയിലുള്ള വിജയ പഥങ്ങളിൽ എത്തിച്ചാൽ മാത്രം ശ്രദ്ധിക്കപ്പെടും. അല്ലെങ്കിൽ ഇവർ നിശബ്ദമായി ചെയ്യുന്ന സേവനങ്ങളും സഹനങ്ങളും അവരോടു കൂടി തന്നെ മണ്ണടിയുന്ന അവസ്ഥയാണ്. ഈ ‘അമ്മ ദിനത്തിൽ അത്തരം അറിയപ്പെടാത്ത അമ്മമാരേ നമുക്ക് ഓർക്കാം. നമ്മുടെ ചുറ്റിലും അത്തരക്കാർ ഉണ്ടെങ്കിൽ സാമ്പത്തികമായോ, സാമൂഹ്യമായോ ഒരു കൈ പിന്തുണ നൽകാം.
English Summary:
Beyond the traditional celebrations, Mother’s Day should acknowledge the immense challenges faced by single mothers, mothers of children with disabilities, and those enduring domestic abuse. This article highlights their struggles and advocates for greater support and recognition
mo-women-workingmother suma-sunny a0s85h41brkh495hpkuf9bap6 74at65i9lnnnob9av8n2nocf3j-list mo-lifestyle-divorce 7q27nanmp7mo3bduka3suu4a45-list mo-women-maternity-leave mo-women-mothersday mo-women-motherhood