തിരുവനന്തപുരം ∙ ഇനി കയ്യിലെത്തുന്ന മദ്യം ഒറിജിനലാണോ വ്യാജനാണോ എന്നുറപ്പിച്ചു സിപ് ചെയ്യാം. മദ്യക്കുപ്പിക്കു പുറത്തെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഏതു കമ്പനി, എവിടെ ഉൽപാദിപ്പിച്ച്, ഏതു വെയർ ഹൗസ് വഴി, ഏത് ഔട്‌ലെറ്റിലേക്കു നൽകിയ മദ്യമാണെന്ന് ഉറപ്പിക്കാനാകും. ‘സെക്കൻഡ്സ് മദ്യം’ വിൽക്കുന്നുവെന്നു ചീത്തപ്പേരുള്ള ബാറുകളിൽ മദ്യം തരുമ്പോൾ സംശയം തോന്നിയാലും കുപ്പിയിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യണമെന്ന് ആവശ്യപ്പെടാം.

അനധികൃതമായി പിടിച്ചെടുക്കുന്ന മദ്യത്തിന്റെ വരവ് എവിടെനിന്ന് എന്നറിയാൻ എക്സൈസിനും പൊലീസിനും ഇനി ഒറ്റ സ്കാനിങ് മതി. ഈ മാസം മുതലാണു മദ്യക്കമ്പനികൾ ബവ്റിജസ് കോർപറേഷനു നൽകുന്ന മദ്യക്കുപ്പികളിൽ ക്യൂ ആർ കോഡ് നിർബന്ധമാക്കിയത്.

നേരത്തേ, ബവ്കോയുടെ ലേബലിങ് മാത്രമായിരുന്നു സർക്കാർ വിൽക്കുന്ന മദ്യമാണെന്നു തിരിച്ചറിയാനുള്ള ഏക വഴി. വെയർ ഹൗസുകളിലാണു ലേബലിങ് ചെയ്തിരുന്നത്. പുതിയതായി എത്തിയ മുഴുവൻ സ്റ്റോക്കുകളിലും ക്യൂ ആർ കോഡ് ഉണ്ട്.

English Summary:

Verify the authenticity of your liquor with a simple QR code scan. Kerala’s Beverages Corporation now mandates QR codes on all liquor bottles, ensuring genuine products reach consumers.