
ഞങ്ങള്‍ ഷുഗര്‍ വില്‍ക്കുന്നില്ല. അതെ, ഏതൊരു സ്വീറ്റ്സ് കടയില്‍ നിന്നും നിങ്ങള്‍ക്ക് പഞ്ചസാര നിറഞ്ഞ വിഭവങ്ങളാകും ലഭിക്കുക. എന്നാല്‍ ഞങ്ങളുടെ ലഡു പ്രകൃതിദത്ത ശര്‍ക്കരയിലും നെയ്യിലും ഉണ്ടാക്കിയെടുത്തതാണ്…ലഡുബോക്സിന്റെ വെബ്സൈറ്റില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന വാക്കുകളാണിത്.
മധുരം ഉപേക്ഷിക്കാതെ തന്നെ ഷുഗര്‍ ഫ്രീ ആകാനുള്ള അവസരമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഡുബോക്സ് എന്ന സംരംഭം ഒരുക്കുന്നത്. 2020ല്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പ് സംരംഭമാണിത്. ആരോഗ്യ ബോധമുള്ള മധുരപലഹാര ബ്രാന്‍ഡാണ് ലഡുബോക്സ്, പഞ്ചസാരയും പ്രിസര്‍വേറ്റീവുകളും ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇവര്‍ വേറിട്ടുനില്‍ക്കുന്നത്. എഞ്ചിനീയര്‍മാരായിരുന്ന സംരംഭക ദമ്പതികളായ സാന്ദീപ് ജോഗിപാര്ട്ടിയും കവിത ഗോപുവും ചേര്‍ന്നാണ് ഈ ഭക്ഷ്യ ബ്രാന്‍ഡ് പുറത്തിറക്കിയത്.
തുടക്കം ഇങ്ങനെ
യുഎസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് സാന്ദീപിന് സ്വന്തമായി സംരംഭം തുടങ്ങണമെന്ന ആഗ്രഹമുണ്ടാകുന്നത്. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ എന്തെങ്കിലും മധുരം കഴിക്കണമെന്ന ശീലമുണ്ടായിരുന്നു സാന്ദീപിന്. പലപ്പോഴും ലഡുവായിരുന്നു കഴിച്ചിരുന്നത്. എന്നാല്‍ സംസ്കരിച്ച പഞ്ചസാര അടങ്ങിയ പലഹാരങ്ങള്‍ ഇങ്ങനെ കഴിക്കരുതെന്ന് സാൻദീപിനെ വീട്ടിലെ മുതിര്‍ന്നവര്‍ ഉപദേശിച്ചു. പകരം ശര്‍ക്കര കഴിക്കാനാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണ് ശര്‍ക്കരയും ഈന്തപ്പഴവും ഉപയോഗിച്ച് ആരോഗ്യകരമായ ലഡു ഉണ്ടാക്കിയാലോ എന്ന ആശയം സാന്ദീപിനുണ്ടായത്.
അങ്ങനെ 2018ല്‍ സാന്ദീപും ഭാര്യ കവിതയും ഹൈദരാബാദിലേക്ക് തിരിച്ചുപോന്നു. അധികം വൈകാതെ ഇരുവരും ജോലി രാജിവച്ച് 2019ല്‍ ലഡുബോക്സിന് തുടക്കമിട്ടു. മില്ലെറ്റ്, ഫ്ളാക്സ് സീഡ്, ഡ്രൈ ഫ്രൂട്ട്സ്, പീനട്ട്സ്, ശര്‍ക്കര, നെയ് തുടങ്ങിയവ ഉപയോഗിച്ച് 11 തരം ലഡുകളാണ് ഇവര്‍ ഉണ്ടാക്കുന്നത്. പ്രിസര്‍വേറ്റിവുകള്‍ ഇല്ലാത്തതിനാല്‍ 21 ദിവസം മാത്രമാണ് ലഡുവിന്റെ ഷെല്‍ഫ് ലൈഫ്.
ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് 2020ല്‍ പൂര്‍ണതോതില്‍ സംരംഭം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 55 ലക്ഷം വരുമാനമുണ്ടാക്കാന്‍ ലഡുബോക്സിന് സാധിച്ചു. ഇന്ന് രണ്ട് കോടി രൂപയുടെ മൂല്യമുള്ള ബിസിനസാണിത്.
തുടക്കം കോവിഡ് സമയത്ത് ആയതിനാല്‍ തന്നെ വെല്ലുവിളികളും അവസരവുമുണ്ടായിരുന്നു. വില്‍പ്പനയുടെ മാര്‍ഗമായിരുന്നു പ്രധാന വെല്ലുവിളി. തുടക്കത്തില്‍ വില്‍പ്പന മേളകളിലൂടെയും ഐടി കമ്പനികളിലൂടെയുമെല്ലാമാണ് ലഡു വിറ്റത്. അതേസമയം ആരോഗ്യകരമായ ജീവിതശൈലിയെയും ഭക്ഷണത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ കോവിഡ് പ്രധാന പങ്കുവഹിച്ചതിനാല്‍ ജനങ്ങളുടെയിടയില്‍ മികച്ച സ്വീകാര്യതയാണ് ലഡുവിന് ലഭിച്ചത്.
അഞ്ച് ഉല്പ്പന്നങ്ങളുമായിട്ടായിരുന്നു ലഡുബോക്സിന്റെ തുടക്കം. ഇന്ന് 15 തരം ആരോഗ്യ ലഡുകള്‍ പുറത്തിറക്കുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ രാജ്യത്തെവിടെയും ലഡു എത്തിക്കാനും കമ്പനിക്ക് സാധിക്കുന്നുണ്ട്. ഹൈദരാബാദില്‍ ഓഫ്ലൈന് സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്.
2023 സാമ്പത്തികവര്‍ഷത്തില്‍ രണ്ട് കോടി രൂപയുടെ വിറ്റുവരവ് നേടാന്‍ കമ്പനിക്കായതായാണ് റിപ്പോര്‍ട്ട്. ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ഡല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളിലായി 100 സ്റ്റോറുകള്‍ തുറക്കാനാണ് ലഡുബോക്സിന്റെ പദ്ധതി