തിരുവനന്തപുരം ∙ കൊച്ചി വിമാനത്താവള (സിയാൽ) വളപ്പിൽ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) നിർമിക്കുന്ന ഗ്രീൻ ഹൈഡ്രജൻ നിർമാണ യൂണിറ്റിന് സിയാലിലെ സോളർ വൈദ്യുതി വിട്ടുനൽകാനുള്ള നീക്കം കെഎസ്ഇബി വെട്ടി. സിയാലിന്റെ പ്രവർത്തനപരിധിക്കു പുറത്തുള്ള ആവശ്യങ്ങൾക്കു നേരിട്ടു വൈദ്യുതി നൽകുന്നതു നിയമ വിരുദ്ധമാണെന്നു കെഎസ്ഇബി സർക്കാരിനെ അറിയിക്കും.
നിലവിലെ ചട്ടങ്ങൾ പാലിച്ച് ഗ്രീൻ ഹൈഡ്രജൻ യൂണിറ്റിന് കെഎസ്ഇബി വൈദ്യുതി നൽകാമെന്നും ബദൽ മാർഗമെന്ന നിലയിൽ സിയാൽ വാഗ്ദാനം ചെയ്ത അതേനിരക്കിൽ, കെഎസ്ഇബിയുടെ ഗ്രിഡ് ഉപയോഗിക്കുന്നതിനുള്ള വീലിങ് ചാർജ് അധികമായി നൽകി ബിപിസിഎലിന് കെഎസ്ഇബിയിൽനിന്നു വൈദ്യുതി വാങ്ങാമെന്നും അറിയിക്കും.
കെഎസ്ഇബിയുടെ ബാങ്കിങ് സൗകര്യം ഉപയോഗിച്ചു സിയാലിലെ സൗരോർജ നിലയത്തിൽനിന്ന് 24 മണിക്കൂറും വൈദ്യുതി നൽകാമെന്നും അതിനു കഴിയാത്ത സാഹചര്യത്തിൽ കെഎസ്ഇബിയിൽനിന്ന് വൈദ്യുതി എടുക്കുമെന്നുമാണ് സിയാലും ബിപിസിഎലുമായുള്ള ധാരണ.
എന്നാൽ, ഭൂമി പാട്ടത്തിനു നൽകിയതിനപ്പുറം സിയാലിന് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റിൽ ഓഹരി പങ്കാളിത്തമില്ല.
അതിനാൽ ഈ പ്ലാന്റിനെ സിയാലിന്റെ സ്വന്തം ആവശ്യത്തിനുള്ള ഊർജോൽപാദന കേന്ദ്രം (ക്യാപ്റ്റീവ് പ്ലാന്റ്) ആയി കാണാനാകില്ല.
സിയാലിന്റെ ക്യാപ്റ്റീവ് സൗരോർജ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി സ്വന്തം ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാനാകൂ. സിയാലിന്റെ പ്രവർത്തന പരിധിക്കുപുറത്തുള്ള ആവശ്യങ്ങൾക്കു വൈദ്യുതി ഉപയോഗിക്കുന്നതു ചട്ടലംഘനമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്.
ഗ്രീൻ ഹൈഡ്രജൻ ഭാവിയുടെ ഇന്ധനം
പരിസ്ഥിതിക്കു ദോഷമുണ്ടാക്കാതെ ഉൽപാദിപ്പിക്കുന്ന പുനരുപയോഗ ഊർജം (സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി തുടങ്ങിയവ) ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണ (ഇലക്ട്രോലിസിസ്) പ്രക്രിയയിലൂടെ വെള്ളത്തിൽ നിന്ന്് ഉൽപാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.
ഭാവിയിലെ ഇന്ധനമായാണ് ഹൈഡ്രജനെ പരിഗണിക്കുന്നത്.
സിയാൽ 25 വർഷത്തെ പാട്ടത്തിനു നൽകുന്ന ഒരേക്കർ ഭൂമിയിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാമെന്ന് ബിപിസിഎൽ അറിയിച്ചിരുന്നു. പ്ലാന്റിന് ആവശ്യമായ സോളർ വൈദ്യുതിയും വെള്ളവും സിയാൽ നൽകുമെന്നാണു ധാരണ.
പ്ലാന്റിനായി സിയാലിന്റെ സോളർ സബ്സ്റ്റേഷനിൽനിന്നു വൈദ്യുതി നൽകാനുള്ള അപേക്ഷയിലാണ് കെഎസ്ഇബി അനുമതി നിഷേധിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

