യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അരിത്തീരുവ’ ഭീഷണി ഇന്ത്യയെ സാരമായി ബാധിക്കില്ലെന്ന് അരി കയറ്റുമതിക്കാർ. ഇന്ത്യ കുറഞ്ഞ വിലയുള്ള അരി അമേരിക്കയിൽ കൊണ്ടുവന്ന് തള്ളുകയാണെന്നും കനത്ത തീരുവ ചുമത്തുമെന്നും ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു.
തീരുവ ചുമത്തിയാൽ ഈ പ്രശ്നം വെറും രണ്ടു മിനിറ്റുകൊണ്ട് തീരുമെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, ട്രംപിന്റെ പുതിയ തീരുവ നീക്കം ഇന്ത്യയെക്കാൾ അമേരിക്കയെതന്നെയാണ് കൂടുതൽ ബാധിക്കുകയെന്ന് ഇന്ത്യൻ റൈസ് എക്സ്പോർട്ടർ ഫെഡറേഷൻ അഭിപ്രായപ്പെട്ടു. ട്രംപ് നേരത്തേ ഇന്ത്യയ്ക്കുമേൽ 50% തീരുവ ചുമത്തിയപ്പോഴുണ്ടായ വിലവർധന അമേരിക്കൻ ഉപഭോക്താക്കൾ തന്നെയാണ് വഹിച്ചത്.
10 ശതമാനത്തിൽ നിന്നായിരുന്നു ട്രംപ് ഇന്ത്യൻ അരിക്ക് 50 ശതമാനമായി തീരുവ കൂട്ടിയത്.
തീരുവ ഇനിയും കൂട്ടിയാലും അത് സഹിക്കേണ്ടിവരിക അമേരിക്കക്കാർ തന്നെയാകും. 10-പൗണ്ട് അരി ബാഗിന് നേരത്തേ വില 13-14 ഡോളറായിരുന്നെങ്കിൽ, തീരുവമൂലം അതിപ്പോൾ 18-19 ഡോളറിലെത്തി.
അമേരിക്കയിലെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളില പൗരന്മാരാണ് അരി കൂടുതലായും ഉപയോഗിക്കുന്നത്. ഇവർക്ക് തൽപ്പര്യം ഇന്ത്യയിൽ നിന്നുള്ള അരിയാണ്.
അമേരിക്കൻ അരിക്ക് ഇന്ത്യൻ അരിയുടെ മികവോ രുചിയോ ഇല്ല.
ലോകത്തെ ഏറ്റവും വലിയ അരി ഉൽപാദക രാജ്യമാണ് ഇന്ത്യ. ലോകത്തെ മൊത്തം അരി കയറ്റുമതിയിൽ 28% പങ്കും ഇന്ത്യയ്ക്കുണ്ട്.
ഇന്ത്യൻ ബസ്മതി അരിയുടെ നാലാമത്തെ വലിയ വിപണിയാണ് യുഎസ്. ബസ്മതി, ഇതര അരി എന്നിവ പരിഗണിച്ചാൽ 10-ാമത്തെയും.
2024ൽ ഇന്ത്യ യുഎസിലേക്ക് 386 മില്യൻ ഡോളറിന്റെ അരി കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയുടെ മൊത്തം അരി കയറ്റുമതിയിൽ 5.2% മാത്രമാണ് യുഎസിലേക്കുള്ളത്.
ബസ്മതി ഇതര അരി പരിഗണിച്ചാൽ യുഎസ് ഇന്ത്യയുടെ 24-ാമത്തെ മാത്രം വലിയ വിപണിയാണ്.
സൗദി അറേബ്യയാണ് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം അരി വാങ്ങുന്നത്. ഇറാഖാണ് രണ്ടാമത്.
അതേസമയം, ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇന്ത്യൻ അരിക്കമ്പനികളുടെ ഓഹരികൾ ഇന്നലെ തളർച്ച നേരിട്ടിരുന്നു. 8 ശതമാനം വരെയായിരുന്നു ഇടിവ്.
കെആർബിഎൽ, എൽടി ഫുഡ്സ്, ജിആർഎം ഓവർസീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നഷ്ടം രുചിച്ചത്.
‘ഡോട്ട് പ്ലോട്ട്’ ടെൻഷൻ
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെയാണ്. അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറച്ച് 3.5-3.75 ശതമാനമാക്കുമെന്ന പ്രതീക്ഷകൾ ശക്തം.
എങ്കിലും, യുഎസ് ഫെഡിന്റെ ‘ഡോട്ട് പ്ലോട്ട്’ ആയിരിക്കും ഓഹരി നിക്ഷേപകരെ വലയ്ക്കുക. അടുത്ത ഒരുവർഷത്തെ സമ്പദ്മേഖലയുടെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തൽ, പലിശയുടെ ദിശ എന്നിവ വിശദീകരിക്കുന്ന പ്രഖ്യാപനത്തെയാണ് ഡോട്ട് പ്ലോട്ട് എന്ന് വിശേഷിപ്പിക്കുന്നത്.
ഇന്ന് പലിശനിരക്ക് കുറയ്ക്കുമെങ്കിലും, 2026ൽ ഇനി പലിശനിരക്കിൽ മാറ്റംവരുത്താൻ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാകാം ഫെഡിന്റെ പുതിയ നിലപാട്.
ഇതാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നതും. ഇന്നും പലിശ കുറച്ചാൽ തുടർച്ചയായ 3-ാം യോഗത്തിലാകും ഇളവുണ്ടാകുന്നത്.
പലിശയിൽ ആവശ്യത്തിന് ഇളവ് നൽകിയെന്നും ഇനിയും കുറച്ചാൽ പണപ്പെരുപ്പം കുതിക്കാൻ ഇടയാക്കുമെന്നും ഫെഡ് കരുതുന്നുണ്ട്.
ചുവന്നുതന്നെ
പണനയ പ്രഖ്യാപനത്തിന്റെ ആശങ്കയും ആകാംക്ഷയും നിഴലിക്കുന്നതിനാൽ ടെൻഷനിലാണ് വിപണികൾ. യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.09%, ഡൗ ജോൺസ് 0.38% എന്നിങ്ങനെ താഴ്ന്നു.
ജാപ്പനീസ് നിക്കേയ് 0.41%, ചൈനയിൽ ഷാങ്ഹായ് 0.59%, ഹോങ്കോങ് 0.38%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.03% എന്നിങ്ങനെയും നഷ്ടത്തിലാണ്.
ചൈനയിൽ പണപ്പെരുപ്പം വീണ്ടും പിടിമുറുക്കുന്നതും ആശങ്ക കൂട്ടുന്നു. ചൈനയിൽ വ്യാവസായിക മേഖലയുടെ ലാഭം നെഗറ്റീവ് 5.5 ശതമാനത്തിലേക്ക് ഒക്ടോബറിൽ നിലംപൊത്തിയിരുന്നു.
നവംബറിൽ പണപ്പെരുപ്പം ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയരമായ 0.7 ശതമാനത്തിലെത്തി. ഒക്ടോബറിൽ ഇത് 0.2 ശതമാനമായിരുന്നു.
ഇന്ത്യയിലും നഷ്ടക്കാറ്റ്
ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 30 പോയിന്റ് താഴ്ന്നു.
സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ തുടങ്ങുമെന്ന സൂചന ഇതു നൽകുന്നു. ഇന്നലെ സെൻസെക്സ് 436 പോയിന്റും നിഫ്റ്റി 120 പോയിന്റും താഴ്ന്നിരുന്നു.
നിഫ്റ്റിയുള്ളത് 25,840നും താഴെയാണ്; സെൻസെക്സ് 84,600 നിലവാരത്തിലും.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 3,760 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു.
∙ രൂപ ഇന്നലെ നില മെച്ചപ്പെടുത്തി. ഡോളറിനെതിരെ വ്യാപാരാന്ത്യത്തിലുള്ളത് 18 പൈസ ഉയർന്ന് 89.87ൽ.
∙ യുഎസിൽ പലിശനിരക്ക് താഴാനുള്ള സാധ്യതകൾ സ്വർണത്തിന് നേട്ടമാകുന്നുണ്ട്.
രാജ്യാന്തരവില 28 ഡോളർ ഉയർന്ന് 4,216 ഡോളറിലാണ് രാവിലെയുള്ളത്. കേരളത്തിൽ ഇന്ന് വില ഉയർന്നേക്കാം.
ശ്രദ്ധയിൽ ഇവർ
∙ ഇൻഡിഗോയുടെ സർവീസുകൾ 10% കുറയ്ക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
∙ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ്, ജെഎസ്ഡബ്ല്യു എനർജിയിലെ 1.52 കോടി ഓഹരികൾ വിറ്റഴിച്ചു.
677 കോടി രൂപയുടേതാണ് ഡീൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

