ഒരൊറ്റ ദിവസം ആസ്തിയിലുണ്ടായ വർധന 101 ബില്യൻ ഡോളർ; സുമാർ 8.9 ലക്ഷം കോടി രൂപ! കൂടെപ്പോന്നതോ ലോകത്തെ ഏറ്റവും സമ്പന്നൻ എന്ന പട്ടവും.
എക്സ്, സ്പേസ്എക്സ്, ടെസ്ല എന്നിവയുടെ മേധാവിയായ ഇലോൺ മസ്ക് മാസങ്ങളായി കൈവശംവച്ചിരുന്ന ഒന്നാം നമ്പർ ശതകോടീശ്വര പട്ടമാണ് സോഫ്റ്റ്വെയർ കമ്പനിയായ ഒറാക്കിൾ കോർപറേഷന്റെ സഹസ്ഥാപകനും ചെയർമാനും ചീഫ് ടെക്നോളജി ഓഫിസറുമായ (സിടിഒ)
അവിശ്വസനീയ കുതിപ്പോടെ, പിടിച്ചെടുത്തത്.
ബ്ലൂംബെർഗിന്റെ കണക്കുകൾ പ്രകാരം 393 ബില്യൻ ഡോളറാണ് (34.63 ലക്ഷം കോടി രൂപ) നിലവിൽ ലാറി എലിസണിന്റെ ആസ്തി. മസ്കിന്റേത് 385 ബില്യനും (33.93 ലക്ഷം കോടി രൂപ).
അതേസമയം, ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം മസ്ക് തന്നെയാണ് ഇപ്പോഴും ഒന്നാമൻ; ആസ്തി ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 9.40 പ്രകാരം 439.9 ബില്യൻ ഡോളർ (38.75 ലക്ഷം കോടി രൂപ). എന്നാൽ, 401.1 ബില്യനുമായി (35.34 ലക്ഷം കോടി രൂപ) ലാറി എലിസൺ തൊട്ടടുത്തുണ്ട്; ഏതുനിമിഷവും മസ്കിന്റെ ഒന്നാം നമ്പർ ‘കസേര’ തെറിക്കാമെന്ന് ഈ കണക്കും വ്യക്തമാക്കുന്നു.
റെക്കോർഡും തകർത്തു
ഒറ്റദിവസം ഒരാളുടെ ആസ്തിയിൽ ഇത്രയധികം കുതിപ്പുണ്ടാകുന്നതും റെക്കോർഡാണ്.
മസ്ക് 2023 ഡിസംബറിൽ കുറിച്ച 63 ബില്യന്റെ റെക്കോർഡ് ഇനി പഴങ്കഥ. ഒറാക്കിൾ കോർപറേഷന്റെ ഓഹരിവില ഒറ്റദിവസം 40% മുന്നേറിയതാണ് ലാറി എലിസണിനെ ലോക ശതകോടീശ്വര പട്ടികയുടെ നെറുകയിലെത്തിച്ചത്.
1992നുശേഷം ഒറാക്കിൾ ഓഹരിവില കൈവരിക്കുന്ന ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.
എങ്ങനെ ആസ്തി കൂടി?
നിലവിൽ ഒറാക്കിളിന്റെ വിപണിമൂല്യം 950 ബില്യൻ ഡോളറിലെത്തി. ഒരു ട്രില്യൻ ഡോളർ മൂല്യമെന്ന നാഴികക്കല്ല് ഏത് നിമിഷവും മറികടന്നേക്കും.
എഐ അധിഷ്ഠിത ക്ലൗഡ് സേവനങ്ങളിൽ നിന്നുള്ള വരുമാനം ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുമായുള്ള കരാറിന്റെ ഭാഗമായി 1,529 ശതമാനം കൂടിയെന്നും ഈ വിഭാഗത്തിൽ നിന്ന് 2026ൽ 18 ബില്യനും തുടർന്നുള്ള 4 വർഷങ്ങളിൽ യഥാക്രമം 32 ബില്യൻ, 72 ബില്യൻ, 114 ബില്യൻ, 144 ബില്യൻ എന്നിങ്ങനെയും വരുമാനം പ്രതീക്ഷിക്കുന്നതായും ലാറി എലിസൺ പറഞ്ഞതിനു പിന്നാലെയാണ് ഒറാക്കിളിന്റെ ഓഹരിവില റോക്കറ്റിലേറിയത്.
ഇതോടെ, ഡോയിച് ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ അനലിസ്റ്റുകൾ ഒറാക്കിളിന്റെ ഓഹരികളുടെ ലക്ഷ്യവില (ടാർജറ്റ് പ്രൈസ്) 240 ഡോളറിൽ നിന്ന് 335 ഡോളറിലേക്ക് ഉയർത്തി. ഇതുംകൂടിയായതോടെ, ഓഹരിവില കുതിച്ചുപറപറന്നു.
എലിസണിന്റെ ആസ്തിയും ഒപ്പംമുന്നേറി.
ടെസ്ലയ്ക്കൊപ്പവും സഞ്ചാരം
1977ൽ ഒറാക്കിൾ സ്ഥാപിച്ചവരിൽ ഒരാളാണ് ഇപ്പോൾ 81 വയസ്സുള്ള ലാറി എലിസൺ. കൈവശമുള്ള ഒറാക്കിളിന്റെ ഓഹരികൾ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി വിറ്റഴിക്കാതെ സൂക്ഷിക്കുകയുമാണ് അദ്ദേഹം.
116 കോടി ഓഹരികളാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത്. 4 വർഷക്കാലം ടെസ്ലയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായിരുന്നു എലിസൺ.
2022ലാണ് പടിയിറങ്ങിയത്. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയ്ക്ക് പുറമെ ചാറ്റ്ജിപിടിയുടെ ഉടമസ്ഥരായ ഓപ്പൺഎഐ, മസ്കിന്റെ എക്സ്എഐ, മെറ്റ, എൻവിഡിയ, എഎംഡി തുടങ്ങിയവയുമായും ക്ലൗഡ് സേവന കരാറുകൾ ഒപ്പുവച്ചിട്ടുണ്ടെന്ന് എലിസൺ വ്യക്തമാക്കിയിട്ടുണ്ട്.
2021ലാണ് മസ്ക് ആദ്യമായി ലോകത്തെ ഏറ്റവും സമ്പന്നൻ ആയത്.
പിന്നാലെ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനും ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർണോയ്ക്കും മുന്നിൽ അടിപതറിയെങ്കിലും അവരെ ബഹുദൂരം പിന്തള്ളി മസ്ക് കഴിഞ്ഞവർഷം വീണ്ടും ഒന്നാംസ്ഥാനം പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രിലിൽ വെറും 159 ബില്യൻ ഡോളർ ആയിരുന്നു എലിസണിന്റെ ആസ്തി.
ഇതാണ്, ഏതാനും മാസങ്ങൾകൊണ്ട് 400 ബില്യനിലേക്ക് കുതിച്ചുകയറിയത്. ആരാണ് ലാറി എലിസൺ?
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]