വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിന് പിന്നാലെ കുതിച്ചുയർന്ന് രാജ്യാന്തര ക്രൂഡ് ഓയിൽ വില. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയായിരുന്നു ഹമാസ് ഉന്നത നേതാവ് ഖലീൽ അസൽ ഹയ്യ ഉൾപ്പെടെയുള്ളവർ ഖത്തറിൽ എത്തിയത്.
എന്നാൽ, ഇവരെ കൊലപ്പെടുത്താനുദ്ദേശിച്ച് ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നു.
ആദ്യമായാണ് ഒരു ഗൾഫ് രാജ്യത്ത് ഇസ്രയേൽ ആക്രമണം നടത്തുന്നത്. ഇതിനു പിന്നാലെ എണ്ണവില കുതിക്കുകയായിരുന്നു.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.69% വർധിച്ച് 63.06 ഡോളറിലും ബ്രെന്റ് വില 0.60% ഉയർന്ന് 66.79 ഡോളറിലും എത്തി. ആക്രമണം നടത്തുമെന്ന് അമേരിക്കയെ മുൻകൂട്ടി അറിയിച്ചിരുന്നതായി ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യം ഖത്തറിനെ അറിയിച്ചിരുന്നെന്ന് അമേരിക്കയും പറഞ്ഞെങ്കിലും ഖത്തർ തള്ളി.
ഖത്തറിലെ ഇസ്രയേൽ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിപ്പറയുകയും ചെയ്തു. ആക്രമണം തന്റെ തീരുമാനമല്ലെന്നും ഉത്തരവാദിത്തം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന് മാത്രമാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, വർഷം 82 ദശലക്ഷം ടൺ വാതകം വഹിക്കാൻ ശേഷിയുള്ള റഷ്യൻ പൈപ്പ്ലൈൻ തകർത്തെന്ന് യുക്രെയ്നും ഇതിനിടെ വ്യക്തമാക്കിയതും എണ്ണവിലയെ സ്വാധീനിച്ചു.
റഷ്യയിലെ ഏറ്റവും വലിയ എണ്ണ റിഫൈനറികളിലൊന്നായ റോസ്നെഫ്റ്റിന്റെ റ്യാസൻ റിഫൈനറിക്കുനേരെയും യുക്രെയ്ൻ ആക്രമണം നടത്തി. 2.6 ലക്ഷം ബാരൽ പ്രതിദിനം കൈകാര്യം ചെയ്യുന്ന റിഫൈനറിയാണിത്.
ഇന്ത്യയ്ക്ക് തല്ലും തലോടലും
ക്രൂഡ് ഓയിൽ വില വീണ്ടും കുതിക്കുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യൻ ഓഹരികൾക്കും രൂപയ്ക്കും കനത്ത തിരിച്ചടിയാകും.
രൂപ ഇന്നലെ ഡോളറിനെതിരെ 3 പൈസയുടെ നേട്ടവുമായി 88.12 ഡോളറിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ബാധിക്കും.
ഇത് രൂപയെ സമ്മർദത്തിലാക്കും. വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടിയേക്കുമെന്നത് ഓഹരി വിപണിയെയും വലയ്ക്കും.
അതേസമയം, ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ചിട്ടും മതിവരാത്ത ട്രംപ്, ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടു.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണിത്. റഷ്യൻ പ്രസിഡന്റ് പുട്ടിനെ സമ്മർദത്തിലാക്കുകയാണ് ലക്ഷ്യമെങ്കിലും ട്രംപ് നേരിട്ടാക്രമിക്കുന്നത് ഇന്ത്യയെയും ചൈനയെയുമാണ്.
അതേസമയം, ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്കുമേൽ ഇതുവരെ നേരിട്ട് നടപടിയെടുക്കാൻ ട്രംപ് തയാറായിട്ടുമില്ല.
ഇതിനിടെ, മോദി തന്റെ നല്ല സുഹൃത്താണെന്നും ഇന്ത്യയുമായി വ്യാപാരക്കരാർ സാധ്യമാകുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞത്, അദ്ദേഹം ഇന്ത്യയോടുള്ള നിലപാടിൽ അയവുവരുത്തിയേക്കുമെന്ന സൂചനയുമായി. ഇന്ത്യയും യുഎസും തമ്മിൽ ചർച്ച തുടരുകയാണെന്നും മോദിയുമായി വരുംആഴ്ചകളിൽ സംസാരിക്കാനാകുമെന്നാണ് കരുതുന്നതെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി.
നേട്ടം തുടരാൻ ഇന്ത്യൻ ഓഹരികൾ
ഇന്നലെ സെൻസെക്സ് 314 പോയിന്റ് (+0.39%) ഉയർന്ന് 81,101ലും നിഫ്റ്റി 95 പോയിന്റ് (+0.39%) നേട്ടവുമായി 24,868ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഇന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 35 പോയിന്റ് നേട്ടം കുറിച്ചത്, സെൻസെക്സും നിഫ്റ്റിയും ഇന്നും ലാഭപാതയിൽ തുടരുമെന്ന പ്രതീക്ഷ നൽകുന്നു. നിഫ്റ്റി 25,000 ഭേദിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
എങ്കിലും മധ്യേഷ്യ വീണ്ടും കലുഷിതമാകുന്നതിന്റെ ആശങ്ക അലയടിക്കുന്നുണ്ട്.
ഐടി, ഫാർമ, എഫ്എംസിജി ഓഹരികളാണ് ഇന്നലെ നേട്ടത്തിന് ചുക്കാൻ പിടിച്ചത്. യുഎസിൽ ഫെഡറൽ റിസർവ് ഈമാസം പലിശനിരക്കിൽ 0.50% ബംപർ ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷകളെ തുടർന്ന് ഓഹരി വിപണികൾ നേട്ടത്തിലാണ്.
എസ് ആൻഡ് പി500 സൂചിക 0.27%, നാസ്ഡാക് 0.37%, ഡൗ ജോൺസ് 0.43% എന്നിങ്ങനെ ഉയർന്നു.
യുഎസിന്റെ ഫാക്ടറി പ്രവർത്തന നിലവാര സൂചികയുടെ കണക്കുകൾ ഇന്നും ഓഗസ്റ്റിലെ പണപ്പെരുപ്പക്കണക്ക് നാളെയും പുറത്തുവരാനിരിക്കേ, ഫ്യൂച്ചേഴ്സ് വിപണി സമ്മിശ്ര പ്രകടനമാണ് നടത്തിയത്. എസ് ആൻഡ് പി500 സൂചിക 0.2% ഉയർന്നപ്പോൾ നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.1% നേട്ടമെഴുതി.
എന്നാൽ, ഡൗ ജോൺസ് 80 പോയിന്റ് താഴ്ന്നു. ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയുമായുള്ള സഹകരണത്തിലൂടെയുള്ള വരുമാനം കുത്തനെ കൂടിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഓറക്കിളിന്റെ ഓഹരി ഇന്നലെ 26% കുതിച്ചുകയറി.
കണ്ണെറിയുന്നത് ചൈനയിലേക്ക്
ഏഷ്യൻ ഓഹരികൾ പൊതുവേ നേട്ടത്തിലാണുള്ളത്.
ജാപ്പനീസ് സൂചികയായ നിക്കേയ് 0.35%, ചൈനയിൽ ഷാങ്ഹായ് 0.26%, ഹോങ്കോങ്ങിൽ ഹാങ്സെങ് 0.84% എന്നിങ്ങനെ ഉയർന്നു. ഏഷ്യൻ വിപണികളുടെ നേട്ടവും ഇന്ത്യൻ ഓഹരികൾക്ക് ഇന്ന് ആശ്വാസം പകരും.
ചൈനയുടെ ഓഗസ്റ്റിലെ പണപ്പെരുപ്പക്കണക്കും ഫാക്ടറി പ്രകടനമികവിന്റെ കണക്കും (പിഎംഐ) ഇന്നു പുറത്തുവരുമെന്നത് ഏറെ നിർണായകമാണ്. പണപ്പെരുപ്പം കുറയുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ജൂലൈയിൽ 3.6% ഇടിഞ്ഞ പിഎംഐ വളർച്ച ഓഗസ്റ്റിൽ 2.9% ഉയർന്നെന്നും വിലയിരുത്തപ്പെടുന്നു.
ചാഞ്ചാടി സ്വർണവില
യുഎസിന്റെ നിർണായക പണപ്പെരുപ്പ വൈകാതെ പുറത്തുവരാനിരിക്കേ, സ്വർണവില ചാഞ്ചാട്ടത്തിലാണ്. നിലവിൽ 2 ഡോളർ മാത്രം താഴ്ന്ന് 3,633 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വ്യാപാരം.
കേരളത്തിൽ ഇന്നലെ വില ചരിത്രത്തിൽ ആദ്യമായി പവന് 80,000 രൂപയും ഗ്രാമിന് 10,000 രൂപയും കടന്നിരുന്നു. ഇന്നു വിലയിൽ കാര്യമായ വ്യത്യാസത്തിന് സാധ്യതയില്ല.
ശ്രദ്ധയിൽ ഈ ഓഹരികൾ
അധിക എജിആർ കുടിശിക ആവശ്യപ്പെട്ട
കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നടപടിക്കെതിരെ വോഡഫോൺ ഐഡിയ സുപ്രീം കോടതിയെ സമീപിച്ചു. 9,450 കോടി രൂപ അടയ്ക്കാനാണ് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്കിലെ 1.65% ഓഹരികളും വിറ്റൊഴിയാനുള്ള നീക്കത്തിൽ ജാപ്പനീസ് ധനകാര്യ സ്ഥാപനമായ സുമിടോമോ മിത്സൂയി. ബ്ലോക്ക് ഡീലിലൂടെയുള്ള വിൽപനയുടെ മൂല്യം ഏകദേശം 6,100 രൂപ മതിച്ചേക്കും.
സൺ ഫാർമയുടെ ഹലോൽ പ്ലാന്റിനെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഒഫിഷ്യൽ ആക്ഷൻ ഇൻഡിക്കേറ്റഡ് (ഒഎഐ) വിഭാഗത്തിലുൾപ്പെടുത്തി.
ചട്ടങ്ങൾ പൂർണമായി പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന നടപടിയാണിതെന്നത് സൺ ഫാർമയ്ക്ക് തിരിച്ചടിയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]