
സ്റ്റീലിനും അലുമിനിയത്തിനും ഉൾപ്പെടെ 50% തീരുവ ഈടാക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഇന്ത്യയുടെ നീക്കം. തിരഞ്ഞെടുത്ത അമേരിക്കൻ ഉൽപന്നങ്ങൾക്ക് കനത്ത തീരുവ ചുമത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽ നിന്ന് ട്രംപ് മലക്കംമറിഞ്ഞതും കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യ അമേരിക്കയിലേക്ക് 86 ബില്യൻ ഡോളറിന്റെ ഉൽപന്ന കയറ്റുമതി നടത്തുന്നുണ്ട്. തിരികെ, അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് 45 ബില്യൻ ഡോളറിന്റെ ഉൽപന്നങ്ങളും.
41 ബില്യൻ ഡോളറിന്റെ വ്യാപാരമിച്ചം (ട്രേഡ് സർപ്ലസ്) അമേരിക്കയ്ക്കെതിരെ ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ-അമേരിക്ക വാർഷിക വ്യാപാരം 500 ബില്യനിലേക്ക് ഉയർത്താൻ ഉഭയകക്ഷി വ്യാപാരക്കരാർ യാഥാർഥ്യമാക്കാൻ ഫെബ്രുവരിയിൽ മോദി-ട്രംപ് ചർച്ചയിൽ ധാരണയായിരുന്നു.
ഇതിനുപിന്നാലെയാണ് ട്രപ് താരിഫ് യുദ്ധത്തിലേക്ക് കടന്നതും നിലവിൽ ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ചതും.
റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്കെതിരെ തിരിഞ്ഞതെങ്കിലും അമേരിക്കയുടെ കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കാൻ ഇന്ത്യ തയാറാകാത്തതാണ് യഥാർഥ കാരണമെന്നാണ് വിലയിരുത്തൽ. പുറമെ, ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയതും ട്രംപിന് നീരസമായിരുന്നു.
ഇന്ത്യയുമായി ഇനി ചർച്ചയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഊർജം, സേവനം എന്നീരംഗത്തെ കയറ്റുമതികളിൽ ഇന്ത്യയ്ക്കുമേൽ അമേരിക്കയ്ക്ക് മുൻതൂക്കമുണ്ട്. ഇവയ്ക്കുമേൽ ഇന്ത്യ കടുത്ത തീരുവ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ.
എന്നാൽ, കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്രംപിനെ പരോക്ഷമായി ഉന്നമിട്ട്, ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
ഇന്ത്യയുടെ വളർച്ചയ്ക്ക് തടയിടാനും ഇന്ത്യൻ ഉൽപന്നങ്ങളുടെ വില കൂട്ടാനും ചില ബാഹ്യശക്തികൾ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും ട്രംപിനുള്ള പരോക്ഷ മറുപടിയായി പറഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]