
കൊച്ചി ∙ ഡോണൾഡ് ട്രംപിന്റെ ഇരട്ടത്തീരുവ മൂലം ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ യുഎസ് വിപണിയിൽ നിന്ന് ഏതാണ്ട് പുറത്താകുന്ന അവസ്ഥയിൽ. അമേരിക്കയിലെ ഇറക്കുമതിക്കാരും ട്രംപിന്റെ തീരുവയിൽ അന്തംവിട്ടു നിൽക്കുകയാണ്.
പല ഇന്ത്യൻ വസ്ത്ര നിർമാതാക്കളും തീരുവ കുറവുള്ള മറ്റു രാജ്യങ്ങളിലേക്ക് ചുവടു മാറ്റുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നു. ചില കമ്പനികൾ ആ വഴിക്കുള്ള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
പല ഇറക്കുമതിക്കാരും അവരുടെ ഇന്ത്യൻ സപ്ലയർമാരോട് ഒന്നുകിൽ തീരുവ അവർ തന്നെ വഹിക്കുക, അല്ലെങ്കിൽ ഉൽപാദനം ഇന്ത്യയുടെ പുറത്തേക്കു മാറ്റുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രമുഖ വസ്ത്ര നിർമാതാക്കളായ പേൾ ആൻഡ് ഗ്ലോബൽ ഇന്ത്യയിലുള്ള 17 നിർമാണശാലകൾ തീരുവ കുറവുള്ള ബംഗ്ലദേശ്, ഇന്തൊനീഷ്യ, വിയറ്റ്നാം, ഗ്വാട്ടിമാല എന്നിവിടങ്ങളിലേക്കു മാറ്റുകയാണ്.
4000 കോടി വിറ്റുവരവുള്ള കമ്പനിയുടെ വരുമാനത്തിന്റെ പകുതിയും യുഎസിൽ നിന്നാണ്. ഇന്ത്യയിൽ മാത്രം 32,000 പേരാണു ജോലി ചെയ്യുന്നത്.
യുഎസിലെ ഇറക്കുമതിക്കാർ പലരും ഓർഡർ നൽകിയ ചരക്കുകൾ തൽക്കാലം അയയ്ക്കേണ്ട എന്നറിയിച്ചിരിക്കുകയാണ്.
ഈ വർഷം ഇതുവരെ അമേരിക്കയിലേക്ക് 11.1 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയ റിചാക്കോ എക്സ്പോർട്ടേഴ്സ് ഉൽപാദനത്തിന്റെ നല്ലൊരു ഭാഗം നേപ്പാളിലേക്കു മാറ്റിയേക്കും. കമ്പനിയുടെ 90% വരുമാനവും യുഎസിൽ നിന്നാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വസ്ത്രനിർമാണ കേന്ദ്രമായ തിരുപ്പൂരും അങ്കലാപ്പിലാണ്.
അധിക തീരുവ പ്രാബല്യത്താലാകും മുൻപേ ഓർഡറുകൾ കയറ്റി അയയ്ക്കാനുള്ള തിരക്കിലാണു കമ്പനികൾ. പല അമേരിക്കൻ ഇറക്കുമതിക്കാരും തിരുപ്പൂർ കമ്പനികളോടും തൽക്കാലം ഓർഡർ നൽകിയ ചരക്കുകൾ അയയ്ക്കേണ്ട
എന്ന് പറഞ്ഞിരിക്കുകയാണ്. ആമസോൺ, വാൾമാർട്ട്, ഗ്യാപ് തുടങ്ങി ഒട്ടേറെ വൻകിടക്കാർ ഇന്ത്യയിൽ നിന്ന് ഓർഡറുകൾ സ്വീകരിക്കുന്നതു നിർത്തി.
പ്രമുഖ ആഭരണ, വാച്ചു നിർമാതാക്കളായ ടൈറ്റൻ അമേരിക്കയിലേക്കുള്ള കയറ്റുമതിക്കായി ഗൾഫിൽ നിർമാണം തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയ്ക്ക് 50% ഇറക്കുമതിത്തീരുവയുള്ളപ്പോൾ ചൈനയ്ക്ക് 30%, വിയറ്റ്നാം, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവർക്ക് 20% എന്നിങ്ങനെയാണു തീരുവ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]