
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുമേലും തീരുവയുദ്ധം പ്രഖ്യാപിച്ച് അവയെ യുഎസിന്റെ ആജ്ഞാനുവർത്തികളാക്കി മാറ്റാനുള്ള വാശിയിലാണ്. താരിഫ് യുദ്ധത്തിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ‘ജയം’ ട്രംപിനു തന്നെ.
അദ്ദേഹം രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റ് ആയി ചുമതലയേറ്റ ഈ ജനുവരിയിൽ ഇറക്കുമതി തീരുവയായി ഗവൺമെന്റ് നേടിയ വരുമാനം 9 ബില്യൻ ഡോളർ (ഏകദേശം 70,000 കോടി രൂപ) മാത്രമായിരുന്നു.
യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഹോവാഡ് ലുട്നിക്കിന്റെ അഭിപ്രായപ്രകാരം നിലവിൽ വരുമാനം 50 ബില്യൻ ഭേദിച്ചു; ഏകദേശം 4.4 ലക്ഷം കോടി രൂപ. സ്വപ്നതുല്യമായ കുതിപ്പ്.
ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് ട്രംപ് പകരംതീരുവ അഥവാ റെസിപ്രോക്കൽ താരിഫ് പ്രഖ്യാപിച്ചത്.
പകരംതീരുവ പിന്നീട് 3 മാസത്തേക്ക് മരവിപ്പിച്ചെങ്കിലും അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10% അടിസ്ഥാന തീരുവ ചുമത്തുന്നത് നിലനിർത്തി. ആ മാസം താരിഫ് വരുമാനം 17.4 ബില്യൻ ഡോളറിലെത്തി.
മേയിൽ 24 ബില്യൻ കടന്നു. ജൂണിൽ 28 ബില്യനും.
ജൂലൈയിൽ 30 ബില്യൻ നേടിയെന്നാണ് കണക്കുകളെങ്കിലും 50 ബില്യൻ പിന്നിട്ടുവെന്നാണ് ഹോവാഡ് ലുട്നിക് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.
∙ ട്രംപ് റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% തീരുവ ഈ മാസം പ്രാബല്യത്തിൽ വരികയേയുള്ളൂ.
∙ യുഎസ്-ചൈന വ്യാപാരചർച്ച വിജയിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ 55% തീരുവ ഈയാഴ്ച പ്രാബല്യത്തിൽ വരും.
∙ അതായത്, യുഎസ് ഗവൺമെന്റിന്റെ തീരുവ വരുമാനത്തിൽ ഇനിയും കുതിച്ചുകയറ്റം പ്രതീക്ഷിക്കാം.
∙ റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ കൂടുതൽ താരിഫ് ചുമത്താൻ മടിക്കില്ലെന്ന് ട്രംപ് ഭീഷണിമുഴക്കിയിട്ടുണ്ട്.
∙ ബ്രസീലിന് ട്രംപ് 50% തീരുവ പ്രഖ്യാപിച്ചിരുന്നു. ബ്രസീലും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമാണ്.
ഇതിന്റെ പേരിലും ബ്രസീലിനുമേൽ അധികതാരിഫ് ചുമത്താൻ ട്രംപ് തുനിഞ്ഞാൽ മൊത്തം താരിഫ് ബാധ്യത 50 ശതമാനത്തിന് മുകളിലാകും. യുഎസ് ഗവൺമെന്റിന് അതുവഴിയുള്ള വരുമാനവും കൂടും.
താരിഫിൽ ‘മുറിവേൽക്കുന്നത്’ ആർക്ക്?
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 50% തീരുവ പ്രഖ്യാപിച്ചത് വൈകാതെ പ്രാബല്യത്തിൽ വരും.
ഫലത്തിൽ യുഎസിൽ എത്തുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വില വർധിക്കും. ഇതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾ വേണ്ടെന്നുവച്ച്, താരിഫ്ഭാരം കുറവുള്ള മറ്റ് രാജ്യങ്ങളെ അമേരിക്കക്കാർ ആശ്രയിക്കും.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഡിമാൻഡ് ഇടിയും. ഇന്ത്യൻ കമ്പനികളുടെ വരുമാനത്തെ അതു സാരമായി ബാധിക്കും.
കനത്ത താരിഫ് ബാധ്യതയുള്ള എല്ലാ രാജ്യങ്ങളും സമാന തിരിച്ചടി ട്രംപിന്റെ താരിഫ് വാശിമൂലം നേരിടും.
അതേസമയം, അമേരിക്കക്കാരെയും താരിഫ് സാരമായി നോവിക്കുന്നുണ്ട്. ട്രംപ് പകരംതീരുവ പ്രഖ്യാപിച്ചശേഷം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ ശരാശരി തീരുവ 18.6 ശതമാനത്തിലെത്തി.
1933നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, വസ്ത്രങ്ങളുടെ വില കൂടിയത് 37 ശതമാനമാണ്; ഷൂസിന് 39%.
സെമികണ്ടക്ടറുകൾക്ക് ട്രംപ് 100% തീരുവ ഈടാക്കാനൊരുങ്ങുന്നു; ഇറക്കുമതി മരുന്നുകൾക്ക് 250 ശതമാനവും.
∙ തേയില, കാപ്പി, തക്കാളി, ബീഫ്, മീൻ, ബിയർ, മറ്റ് മദ്യം, വൈൻ തുടങ്ങിയവയ്ക്കെല്ലാം അമേരിക്കയിൽ വില കൂടി.
∙ കാറുകൾക്കും വില കൂടുന്നത് വിൽപനയെ ബാധിച്ചു. പല കമ്പനികളുടെയും വരുമാനം ഇടിഞ്ഞു.
∙ യുഎസിൽ തൊഴിൽമേഖലയെയും താരിഫ് പ്രതിസന്ധി സാരമായി ബാധിക്കുന്നുണ്ട്.
ട്രംപിന്റെ ‘അസംബന്ധം’
ട്രംപിന്റെ താരിഫ് യുദ്ധം ഫലത്തിൽ അമേരിക്കയിൽ വിലക്കയറ്റം കൂടാനും വ്യാപകമായി തൊഴിൽ നഷ്ടത്തിനും വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.
ഓരോ അമേരിക്കൻ കുടുംബവും പ്രതിമാസം ശരാശരി 2,400 ഡോളറിന്റെ (ഏകദേശം രണ്ടുലക്ഷം രൂപ) അധികച്ചെലവ് ഇപ്പോൾ നേരിടുന്നുണ്ടത്രെ. അവർ ചെലവുചുരുക്കലിലേക്ക് നീങ്ങിയേക്കാം.
ഇത് വൈകാതെ ഉപഭോക്തൃവിപണിയെ മാന്ദ്യത്തിലേക്കും നയിക്കും. ഫലത്തിൽ, താരിഫ് യുദ്ധം അമേരിക്കൻ ഗവൺമെന്റും ട്രംപും ജയിക്കുമ്പോൾ തോൽക്കുന്നത് അമേരിക്കയുടെ വ്യാപാരിപങ്കാളികളും അമേരിക്കക്കാരും തന്നെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വ്യാപാര പങ്കാളികൾക്കുമേൽ ഏകപക്ഷീയമായി തീരുവയുദ്ധം നടത്തുന്ന ട്രംപിന്റെ നടപടികൾ അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്ക് അഭിപ്രായപ്പെട്ടിരുന്നു.
ട്രംപിന്റെ തീരുവനയം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെയുള്ള ട്രംപിന്റെ നിലപാട്, റഷ്യയും ഇന്ത്യയും ചൈനയും അമേരിക്കയ്ക്കെതിരെ തിരിയാൻ ഇടയാക്കുമെന്നും അത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്നും യുഎസിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും അഭിപ്രായപ്പെട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]