
കടക്കെണിയിലും സാമ്പത്തിക ഞെരുക്കത്തിലുംപെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാനെ സഹായിക്കാൻ ഉറ്റ സുഹൃദ് രാജ്യമായ തുർക്കി രംഗത്ത്. പാക്കിസ്ഥാന്റെ പൊതുമേഖലാ എണ്ണക്കമ്പനികളുമായി സഹകരിച്ച് തുർക്കി എണ്ണക്കമ്പനികൾ പാക്കിസ്ഥാന്റെ തീരക്കടലിൽ എണ്ണ, വാതക പര്യവേക്ഷണം നടത്തുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ പറഞ്ഞു.
പാക്കിസ്ഥാൻ സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി.
എണ്ണ, വാതക പര്യവേക്ഷണം, ഖനനം, ഉൽപാദനം, അപൂർവ മൂലകങ്ങളുടെ (റെയർ എർത്ത്) ഖനനം എന്നിവയിലും തുർക്കി കമ്പനികൾ പാക്കിസ്ഥാനുമായി സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എണ്ണ പര്യവേക്ഷണം സംബന്ധിച്ച കരാറിൽ പാക്കിസ്ഥാൻ, തുർക്കി കമ്പനികൾ ഈ വർഷമാദ്യം ഒപ്പുവച്ചിരുന്നു.
പാക്കിസ്ഥാനി കമ്പനികളുമായി ചേർന്ന് പ്രധാനമായും ടർക്കിഷ് പെട്രോളിയം കോർപ്പറേഷനാണ് (ടിപിഎഒ) പര്യവേക്ഷണം നടത്തുക.
വർഷങ്ങൾ നീണ്ട പഠനങ്ങൾക്കൊടുവിലാണ് പാക്കിസ്ഥാന്റെ തീരക്കടലിൽ ക്രൂഡ് ഓയിൽ, ഗ്യാസ് സാന്നിധ്യം തിരിച്ചറിഞ്ഞത്.
ലോകത്തെ നാലാമത്തെ വലിയ എണ്ണഖനിയാണിതെന്നാണ് വിലയിരുത്തൽ. പര്യവേക്ഷണവും ഖനനവും ഉൽപാദനവും യാഥാർഥ്യമായാൽ പാക്കിസ്ഥാന് സാമ്പത്തികമായി അതു വൻ ‘ലോട്ടറി’യാകും.
ഊർജോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും കയറ്റുമതിക്കും പാക്കിസ്ഥാനു കഴിയും. നിലവിൽ ഏറ്റവും വലിയ എണ്ണഖനികളുള്ളത് വെനസ്വേല, സൗദി അറേബ്യ, കാനഡ രാജ്യങ്ങളിലാണ്.
പക്ഷേ, എളുപ്പമല്ല കാര്യങ്ങൾ
എണ്ണഖനി കണ്ടെത്തിയെങ്കിലും അതിൽ നിന്ന് എണ്ണ ഖനനം ചെയ്യുകയും ഉൽപാദനവും സംസ്കരണവും നടത്തുകയും ഭീമമായ ചെലവുള്ള കാര്യമാണ്.
സൗദി അറേബ്യൻ എണ്ണക്കമ്പനിയായ വാഫിയുടെ കീഴിൽ ഷെൽ പാക്കിസ്ഥാൻ എന്ന കമ്പനി പാക്കിസ്ഥാനിൽ പ്രവർത്തിച്ചിരുന്നു. ഇവർ 2023ൽ പാക്കിസ്ഥാനിലെ ബിസിനസ് സൗദി അരാംകോയ്ക്ക് കൈമാറി.
പക്ഷേ, ആഴക്കടലിൽ കണ്ടെത്തിയ എണ്ണഖനിയിൽ പര്യവേക്ഷണത്തിന് ഒരു വിദേശ കമ്പനിപോലും മുന്നോട്ടുവന്നില്ല.
ഇതിനിടെ പാക്കിസ്ഥാനിൽ ചൈനക്കാർക്കു നേരെ ഉൾപ്പെടെ ഭീകരാക്രമണങ്ങളുണ്ടായത് വിദേശ പങ്കാളിത്തമുള്ള ഒട്ടുമിക്ക പദ്ധതികളും നിശ്ചലമാകാനും വഴിവച്ചു.
ആഴക്കടൽ ഖനനത്തിന് നിലവിൽ പാക്കിസ്ഥാനു സ്വന്തമായി സാങ്കേതികവിദ്യകളില്ല. വിദേശ സഹായം അനിവാര്യവുമാണ്.
ഈ സാഹചര്യത്തിലാണ് ടർക്കിഷ് കമ്പനികൾ രംഗത്തെത്തുന്നത്. കണ്ടെത്തിയ ഖനിയിൽ നിന്ന് 10% ഖനനം ചെയ്യാൻതന്നെ 3 ലക്ഷം കോടി ഇന്ത്യൻ രൂപയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തലുകൾ.
എണ്ണ, പ്രകൃതിവാതക പര്യവേക്ഷണത്തിനു പുറമെ വാണിജ്യ, പ്രതിരോധ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്ന് ഹകാൻ ഫിദാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലെ വാണിജ്യബന്ധം സമീപഭാവിയിൽ 500 കോടി ഡോളറിൽ (43,000 കോടി രൂപ) എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഉന്നമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പ്രത്യാക്രമണ വേളയിൽ പാക്കിസ്ഥാനു പിന്തുണയുമായി തുർക്കി രംഗത്തെത്തിയിരുന്നു. തുർക്കി നൽകിയ ആയുധങ്ങൾ ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് പാക്കിസ്ഥാൻ ഉപയോഗിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Shutterstock (Wisit Tongma)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]